ഡോ. വി.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു

ബ്രിസ്ബെയ്ൻ: ഓസ്‌ട്രേലിയൻ ഇന്ത്യൻ സമൂഹത്തിൽ സജീവസാന്നിധ്യമായിരുന്ന ഡോ. വി.പി. ഉണ്ണികൃഷ്ണൻ (66) അന്തരിച്ചു.

ഉന്നത സിവിലിയൻ ബഹുമതി ആയ ഓർഡർ ഓഫ് ഓസ്‌ട്രേലിയ അവാർഡ് നൽകി ഓസ്‌ടേലിയൻ ഗവൺമെന്റ് ആദരിച്ചിട്ടുള്ള ഉണ്ണികൃഷ്ണന്റെ വിയോഗം ക്യുൻസ്‌ലാൻഡ് മലയാളി സമൂഹത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി.

ക്യൂൻസ്‍ലാൻഡ് സ്റ്റേറ്റ് ട്രാൻസ്‌പോർട് ആൻഡ് മെയിൻ റോഡ്‌സ് പ്രിൻസിപ്പൽ അഡ്വൈസർ ആയിരുന്നു ഡോ. ഉണ്ണികൃഷ്ണൻ.

ഇന്ത്യൻ അസോസിയേഷൻ (FICQ) സെക്രട്ടറി, ക്യുൻസ്‌ലാൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ ദീർഘ കാലം പ്രവർത്തിച്ചിരുന്നു.

ജ്വാല, OHM തുടങ്ങി ഒട്ടനവധി കലാ സാംസ്‌കാരികസംഘടനകളുടെയും സ്ഥാപകനാണ്.

കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നു റാങ്കോടെ ജിയോളജിയിൽ മാസ്റ്റേഴ്സും തുടർന്ന് ഡോക്ടറേറ്റും നേടിയ ഉണ്ണികൃഷ്ണൻ ഇടുക്കിയിൽ ജില്ലാ ഹൈഡ്രോ ജിയോളജിസ്റ്റായാണു സർവീസ് ആരംഭിക്കുന്നത്. മികച്ചസേവനത്തിനുള്ള കേരള സർക്കാരിന്റെ അവാർഡുകൾ നിരവധിവട്ടം നേടിയിരുന്നു.

സിഡ്‌നി യുഎൻഎസ്ഡബ്യു യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പോടെ ഗവേഷണം പൂർത്തിയാക്കിയതോടെയാണ് ഓസ്‌ട്രേലിയയിൽ ഉന്നതഉദ്യോഗം ലഭിക്കുന്നതും ഇവിടേക്കു കുടിയേറുന്നതും. സിഡ്‌നി ഒളിംപിക്‌സ് ഒട്ടേറെ പത്രങ്ങൾക്കുവേണ്ടി ഇദ്ദേഹം റിപ്പോർട്ട് ചെയ്തു.

ലോർഡ് മേയറുടെ അവാർഡും ഡിപ്പാർട്‌മെന്റിലെ ഒട്ടേറെഅവാർഡുകളും നേടിയ ഉണ്ണികൃഷ്ണൻ ആദ്യ കാലങ്ങളിൽ കുടിയേറ്റകാലത്തു കഷ്ടപെടുന്നവരുടെ ഏറ്റവും വലിയ സഹായഹസ്തമായിരുന്നു എന്ന് സാക്ഷ്യപെടുത്തുന്ന നൂറുകണക്കിന് മലയാളികൾ ഇവിടെയുണ്ട്.

തിരുവന്തപുരം പള്ളിച്ചൽ കൊട്ടറ പരേതരായ വേലായുധൻ – പത്മാവതി അമ്മ ദമ്പതികളുടെ പുത്രനാണ് ഡോ. ഉണ്ണികൃഷ്ണൻ.

ഭാര്യ സബിത കോഴഞ്ചേരി പുല്ലാട്, താഴത്തേടത്തു കുടുംബാംഗമാണ്.

മക്കൾ: ഗാർഗി ആദർശ് – ജനറൽ മാനേജർ, പ്രോട്രേഡ് യുനൈറ്റഡ്- ബ്രിസ്ബൻ, സിദ്ധാർഥ് – സ്റ്റോം വാട്ടർ എൻജിനിയർ, ഇജിഐഎ,-ബ്രിസ്ബെയ്ൻ.

മരുമകൻ: ആദർശ് മേനോൻ, (സീനിയർ എൻജിനിയർ, ടീം വർക്സ്‌ – ബ്രിസ്ബെയ്ൻ) എറണാകുളം തോട്ടയ്ക്കാട് കുടുംബാംഗമാണ്.

മൃതദേഹം റോയൽ ബ്രിസ്ബൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button