മലയാളി ബാലികയുടെ മരണം; അടിയന്തര ചികിത്സ കിട്ടിയിരുന്നെങ്കില്‍ കുട്ടി രക്ഷപ്പെടുമായിരുന്നുവെന്ന് റിപ്പോര്‍ട്ട്
പെര്‍ത്ത്: വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാന്‍ രണ്ടു മണിക്കൂറിലേറെ കാത്തിരുന്ന് മലയാളി ബാലിക മരിച്ച സംഭവത്തില്‍ സുപ്രധാന കണ്ടെത്തലുമായി കേസ് അന്വേഷിക്കുന്ന കൊറോണര്‍.
അടിയന്തര ചികിത്സ ലഭിച്ചിരുന്നെങ്കില്‍ കുട്ടിയുടെ ജീവന് രക്ഷിക്കാനുള്ള ചെറിയ സാധ്യത ഉണ്ടായിരുന്നതായി കൊറോണറുടെ അന്വേഷണത്തില്‍ കണ്ടെത്തി.
2021 ഏപ്രില്‍ മൂന്നിനാണ് കടുത്ത പനി ബാധിച്ച് ഏഴു വയസുകാരിയായ ഐശ്വര്യ അശ്വത് മരിച്ചത്.
ആശുപത്രി ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചയാണ് മകളുടെ മരണ കാരണമെന്ന് മാതാപിതാക്കള്‍ ആരോപണമുയര്‍ത്തിയിരുന്നു.
കുഞ്ഞിന്റെ മരണം സംബന്ധിച്ച് ഏറെ നാളായി നിയമ പോരാട്ടത്തിലായിരുന്ന മാതാപിതാക്കള്‍ കാത്തിരുന്ന കണ്ടെത്തലുകളാണ് ഇപ്പോള്‍ സംസ്ഥാന ഡെപ്യൂട്ടി കൊറോണര്‍ സാറാ ലിന്റണ് സംസ്ഥാന സര്‍ക്കാരിനു കൈമാറിയത്.
മലയാളികളായ അശ്വത് ചവിട്ടുപാറയുടെയും പ്രസീത ശശിധരന്റെയും മകളാണ് ഐശ്വര്യ. കടുത്ത പനിയുമായി ഹോസ്പിറ്റലിലെ എമര്‍ജന്‍സി വാര്‍ഡില്‍ പ്രവേശിപ്പിച്ച ഐശ്വര്യ മണിക്കൂറുകള്‍ക്കകം മരണത്തിനു കീഴടങ്ങുകയായിരുന്നു.
അടിയന്തര ചികിത്സ വേണമെന്ന് മാതാപിതാക്കള്‍ അഭ്യര്‍ത്ഥിച്ചിട്ടും ജീവനക്കാര്‍ ഗൗരവത്തോടെ എടുത്തില്ല.
ഐശ്വര്യയുടെ നില എത്രത്തോളം ഗുരുതരമാണെന്ന് തിരിച്ചറിയുന്നതില്‍ ജീവനക്കാര്‍ പരാജയപ്പെട്ടതായും അതു മനസിലാക്കിയപ്പോഴേക്കും രക്ഷിക്കാനാകാത്ത വിധം കുട്ടി ഗുരുതരാവസ്ഥയിലായതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
കൊറോണറുടെ കണ്ടെത്തലുകള്‍ തങ്ങളില്‍ സമ്മിശ്രവികാരങ്ങള്‍ സൃഷ്ടിച്ചതായി അഭിഭാഷകര്‍ മുഖേന മാതാപിതാക്കള്‍ എബിസി ന്യൂസിനോടു പ്രതികരിച്ചു.
പെര്‍ത്ത് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം ജീവിക്കാനുള്ള അവസരം നഷ്ടപ്പെട്ട മകളെ സംബന്ധിക്കുന്ന ഈ റിപ്പോര്‍ട്ട് തങ്ങള്‍ക്ക് വലിയ വേദനയുണ്ടാക്കിയതായി അശ്വതും പ്രസീതയും പ്രസ്താവനയില്‍ പറഞ്ഞു.
തങ്ങള്‍ക്ക് ഇക്കാര്യം അറിയാവുന്നതാണെങ്കിലും വീണ്ടും വായിക്കുന്നത് വലിയ അസ്വസ്ഥതയുണ്ടാക്കുന്നതായും ഇരുവരും കൂട്ടിച്ചേര്‍ത്തു.
എങ്കിലും കോടതിയില്‍ ഹാജരാക്കിയ എല്ലാ തെളിവുകളും സമയമെടുത്ത് ഡെപ്യൂട്ടി സ്റ്റേറ്റ് കോറോണര്‍ പരിഗണിച്ചതില്‍ നന്ദിയുണ്ട്.
ഐശ്വര്യയുടെ ജീവന് രക്ഷിക്കുന്നതില്‍ സംസ്ഥാനത്തെ ആരോഗ്യ സംവിധാനം ദാരുണമായി പരാജയപ്പെട്ടു എന്ന നിഗമനത്തിലാണ് കൊറോണര്‍ എത്തിയത്.
ഇനിയൊരു കുടുംബത്തിനും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം. ഡെപ്യൂട്ടി സ്റ്റേറ്റ് കൊറോണറുടെ അഞ്ച് ശുപാര്‍ശകള്‍ എത്രയും വേഗം ആശുപത്രികളില്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ സര്‍ക്കാരിനോടും ആവശ്യപ്പെടും – അശ്വത് പറഞ്ഞു.
എല്ലാ പൊതു ആശുപത്രികളിലും നിര്‍ബന്ധിത രോഗി-സ്റ്റാഫ് അനുപാതം കര്‍ശനമായി നടപ്പാക്കുക ഉള്‍പ്പെടെയുള്ള ശിപാര്‍ശകളാണ് കൊറോണര്‍ സാറാ ലിന്റണ് നിര്‍ദേശിച്ചിരിക്കുന്നത്.
മകള്‍ക്കു വേണ്ടി പോരാടിയ മാതാപിതാക്കളുടെ ധീരതയെയും അചഞ്ചലമായ പ്രതിബദ്ധതയെയും ലിന്റണ് അഭിനന്ദിച്ചു.
ഇന്‍ക്വസ്റ്റില്‍ തെളിവുകള്‍ നല്കിയ പല ജീവനക്കാരെയും ഐശ്വര്യയുടെ മരണം ആഴത്തില്‍ ബാധിച്ചിട്ടുണ്ടെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു.
അതുകൊണ്ട് വ്യക്തികളേക്കാള്‍ ഉപരി ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുത്തില് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് അശ്വത് പറഞ്ഞു.