RBA പലിശനിരക്ക് 3.1 ശതമാനമായി ഉയർത്തി
2022 മെയിൽ പലിശ നിരക്ക് ഉയർത്താൻ തുടങ്ങിയ റിസർവ് ബാങ്ക് ഈ വർഷത്തെ അവസാന വർദ്ധനവും ഇന്ന് പ്രഖ്യാപിച്ചു.
0.25 ശതമാനത്തിന്റെ വർദ്ധനവാണ് ചൊവ്വാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ഓസ്‌ട്രേലിയയിലെ ഔദ്യോഗിക ക്യാഷ് റേറ്റ് പത്ത് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തി.
മെയിൽ 0.1 ശതമാനമായിരുന്ന ബാങ്കിംഗ് പലിശ നിരക്ക് ഇന്നത്തെ വർദ്ധനവോടെ 3.1 ശതമാനത്തിലേക്ക് ഉയർന്നു.
ബാങ്കുകൾ ഈ വർദ്ധനവ് ഉപഭോക്താക്കളിലേക്ക് കൈമാറിയാൽ, അഞ്ച് ലക്ഷം ഡോളർ വീട് വായ്പയുള്ളവർക്ക് പ്രതിമാസ തിരിച്ചടവിൽ 75 ഡോളർ വർദ്ധനവുണ്ടാകും.
ഏപ്രിലിന് ശേഷം പ്രതിമാസ തിരിച്ചടവിൽ ഏകദേശം 910 ഡോളറാണ് അഞ്ച് ലക്ഷം ഡോളർ വായ്പയുള്ളവർക്ക് കൂടിയിരിക്കുന്നത്. 25 വർഷം വായ്പ ബാക്കിയുള്ളവർക്കാണ് ഈ കണക്കുകൾ.
ഈ വർഷത്തെ വർദ്ധനവ് മൂലമുള്ള പ്രതിസന്ധികൾ സാധാരണക്കാരെ ബാധിച്ചുതുടങ്ങിയിട്ടേയുള്ളൂ.
നിരവധിപ്പേർക്ക് 2023 ലായിരിക്കും ഇതുവരെയുള്ള വർദ്ധനവിന്റെ ആഘാതം കൂടുതൽ ബാധിക്കാൻ തുടങ്ങുക എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.