മെല്‍ബണില്‍ കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കാര്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു.

ക്രെയ്ഗിബേണില്‍ താമസിക്കുന്ന കോട്ടയം സ്വദേശി ഷാജി മാത്യുവാണ് മരിച്ചത്. ടാക്‌സി ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.

കഴിഞ്ഞ മാസം ഏഴിന് മെല്‍ബണിലാണ് അപകടമുണ്ടായത്. തീപിടിച്ച കാറില്‍നിന്ന് പുറത്തെടുത്ത ഷാജിക്ക് 50 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.

തുടര്‍ന്ന് ഷാജിയെ വ്യോമമാര്‍ഗം മെല്‍ബണിലെ ആല്‍ഫ്രഡ് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നു പകലാണ് മരണം സംഭവിച്ചത്.

മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തേലിക്ക ഇടവകാംഗമായ ഷാജി കോട്ടയം മറ്റക്കര സ്വദേശിയാണ്. ഭാര്യ: സ്മിത. സ്‌നേഹ, സച്ചിന്‍, ജോയല്‍ എന്നിവര്‍ മക്കളാണ്.

പരേതന്റെ ആത്മശാന്തിക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന ശനിയാഴ്ച്ച വൈകിട്ട് അഞ്ചിന് ക്രെയ്ഗിബേണിലുള്ള ഭവനത്തില്‍ നടത്തുമെന്ന് ഇടവക വികാരി ഫാ. പ്രിന്‍സ് തൈപ്പുരയിടത്തില്‍ അറിയിച്ചു.

Related Articles

Back to top button