വിക്ടോറിയയിൽ പേമാരിക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്
ബുധനാഴ്ച്ച മുതൽ വിക്ടോറിയയിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വ്യാഴാഴ്ച ഫ്ലാഷ് ഫ്ലഡിങ് ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
വിക്ടോറിയയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യയുണ്ടെന്നും, ഈ വർഷത്തെ ഏറ്റവും കഠിനമായ സാഹചര്യമാണ് വ്യാഴാഴ്ച പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഈ ആഴ്ച സംസ്ഥാനത്ത് പലയിടങ്ങളിലും വെള്ളപ്പൊക്കത്തിന്റെ സാധ്യത കൂടുതലാണെന്നും മുൻകരുതൽ സ്വീകരിക്കണമെന്നും പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് പറഞ്ഞു.
സമുദ്ര നദീ തീരങ്ങളുടെ അടുത്ത് താമസിക്കുന്നവർ മുൻകരുതൽ എടുക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ഈ വാരാന്ത്യത്തിൽ അരുവികൾക്കും നദികൾക്കും സമീപം ക്യാമ്പ് ചെയ്യുന്നതും, സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതും ഒഴിവാക്കണമെന്ന് സംസ്ഥാന എമർജൻസി വിഭാഗം നിർദ്ദേശിച്ചു.
ഏതെല്ലാം മേഖലകളിലാണ് പ്രളയസാധ്യത ഉള്ളതെന്ന് മുന്നറിയിപ്പുകൾ നല്കിയിട്ടുള്ളതായി അധികൃതർ വ്യക്തമാക്കി. പൊതുജനം ഇത് പരിശോധിച്ച് ഉചിതമായ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വാച്ച് ആൻഡ് ആക്ട് മുന്നറിയിപ്പുകൾ
.
പ്രളയമുണ്ടാകാൻ സാധ്യതയുള്ള മേഖലയിലുള്ളവർ 72 മണിക്കൂർ വരെ ഒറ്റപ്പെട്ടുപോകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ലാ നീന പ്രതിഭാസത്തിന്റെ മൂന്നാം തരംഗം ഓസ്ട്രേലിയുടെ പല ഭാഗങ്ങളിലും ബാധിക്കുന്നുണ്ട്.
ഈ ആഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 20 മുതൽ 50 മിലിമീറ്റർ വരെ മഴ ലഭിക്കാൻ ഇടയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നത്.
കടപ്പാട്: SBS മലയാളം