സിറോ മലബാര്‍ കള്‍ച്ചറല്‍ സെന്‍റര്‍ ഫെസ്റ്റ് പ്രൗഢഗംഭീരമായി

മെല്‍ബണ്‍: സെന്‍റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സിറോ മലബാര്‍ കള്‍ച്ചറല്‍ സെന്‍ററിന്‍റെ പ്രഥമ കലാസംഗമം വര്‍ണ്ണോജ്വലമായി.

സൗത്ത് മൊറാങ്ങ് മേരിമെഡ് കാത്തോലിക് കോളേജില്‍ വച്ച് നടന്ന കലാസംഗമത്തില്‍ വിക്ടോറിയ സ്റ്റേറ്റ് മിനിസ്റ്റര്‍ ലിലി ഡി അംബ്രോസിയൊ എംപി, ബ്രോണ്‍വിന്‍ ഹാഫ്പെന്നി എംപി, ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ ഡോ.സുശീല്‍ കുമാര്‍ എന്നീ വിശിഷ്ട അതിഥികള്‍ പങ്കെടുത്ത് ആശംസകള്‍ അറിയിച്ചു.

നിര്‍മ്മാണം പൂര്‍ത്തികരിച്ചുകൊണ്ടിരിക്കുന്ന കത്തീഡ്രല്‍ ദേവാലയത്തിനു മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് 48000 ഡോളര്‍ ഗ്രാന്‍റ് അനുവദിക്കുന്നതായി എനര്‍ജി, എന്‍വയേണ്‍മെന്‍റ് ആന്‍റ് ക്ലൈമെറ്റ് ആക്ഷന്‍ സ്റ്റേറ്റ് മിനിസ്റ്റര്‍ ലിലി ഡി അംബ്രോസിയൊ പൊതു സമ്മേളനത്തില്‍ പ്രഖ്യാപിച്ചത് ഹര്‍ഷാരവത്തോടെയാണ് എല്ലാവരും സ്വീകരിച്ചത്.

2023 മുതല്‍ സിറോ മലബാര്‍ കള്‍ച്ചറല്‍ സെന്‍റര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യങ് സിറോ മലബാര്‍ ഓസ്ട്രേലിയന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന്‍റെ ഔദ്യോഗിക പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു.

കത്തീഡ്രല്‍ ഇടവകയിലെ കുട്ടികളും യുവതീയുവാക്കളും അമ്മമാരും ഉള്‍പ്പെടെ 180 പേരോളം അരങ്ങിലെത്തിയ സമൂഹനൃത്തം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

പ്രശസ്ത കൊറിയോഗ്രാഫര്‍ സാം ജോര്‍ജ്ജ് പരിശീലിപ്പിച്ച് വേദിയിലെത്തിച്ച സമൂഹനൃത്തം എസ്എംസിസി കലാസംഗമത്തെ വര്‍ണ്ണാഭമാക്കി.

വിവിധങ്ങളായ പൂക്കള്‍ കൊണ്ട് ഒരുക്കിയ മെഗാ പൂക്കളവും ആനയും വെണ്‍ചാമരവും ചുണ്ടന്‍വെള്ളവും അടക്കമുള്ള കേരള തനിമ വിളിച്ചോതുന്ന വസ്തുക്കളുടെ പ്രദര്‍ശനവും എല്ലാവര്‍ക്കും വേറിട്ട അനുഭവമായി.

ചടുലതാളങ്ങള്‍ കൊണ്ട് ആവേശം കൊട്ടികയറ്റി, സോളമന്‍റെയും സനീഷിന്‍റെയും നേതൃത്വത്തില്‍ വേദി കീഴടക്കിയ ബീറ്റ്സ് ബൈ സെന്‍റ്ം മേരീസിന്‍റെ ചെണ്ടമേളവും കത്തീഡ്രല്‍ ഇടവകയിലെ കലാകാരന്മാരുടെയും കലാകാരികളുടെയും നേതൃത്വത്തില്‍ അരങ്ങേറിയ ഓര്‍ക്കസ്ട്രയും ശ്രദ്ധേയമായി.

കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച പെയിന്‍റിങ്ങ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം മെല്‍ബണിലെ അറിയപ്പെടുന്ന ചിത്രകലാകരന്‍ സേതു നിര്‍വ്വഹിച്ചു.

കേരളത്തിന്‍റെ തനതുരുചിക്കൂട്ടുകളൂമായി വിവിധ പായസങ്ങളും നാടന്‍പലഹാരങ്ങളും ആസ്വദിക്കാനുമുള്ള വേദികൂടിയായി കലാസംഗമം.

കത്തീഡ്രല്‍ വികാരി ഫാദര്‍ വര്‍ഗ്ഗീസ് വാവോലില്‍, കൈക്കാരന്മാരായ ആന്‍റോ തോമസ്, ക്ലീറ്റസ് ചാക്കോ, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഷാജി ജോസഫ്, ജോണ്‍സണ്‍ ജോര്‍ജ്ജ്, എല്‍സി പൗലോസ് എന്നിവരടക്കമുള്ള എസ്എംസിസി ഭാരവാഹികളും പ്രഥമകലാസംഗമം അവിസ്മരണീയമാക്കുന്നതിനു നേതൃത്വം നൽകി.

Related Articles

Back to top button