കൊവിഡ് വാക്‌സിനേഷനിലെ ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ശുപാര്‍ശ
കൊവിഡ് വാക്‌സിനും ചികിത്സയും സംബന്ധിച്ച് എട്ട് നിർദ്ദേശങ്ങൾ മുൻ ആരോഗ്യ സെക്രട്ടറി പ്രൊഫസർ ജെയിൻ ഹോൾട്ടൻ മുന്നോട്ട് വച്ചു.
ഓസ്‌ട്രേലിയയുടെ കൊവിഡ് പ്രതിരോധ മാർഗ്ഗങ്ങൾ സംബന്ധിച്ചുള്ള സ്വന്തന്ത്ര അന്വേഷണത്തിന്റെ ഭാഗമായാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.
വിവിധ രാജ്യങ്ങൾ മരുന്നുകൾ സ്വന്തമാക്കാൻ ശ്രമിക്കുന്ന വാശിയേറിയ ആഗോള വിപണിയിൽ, കൊവിഡ് വാക്‌സിനുകളും മരുന്നുകളും കരസ്ഥമാക്കാനുള്ള നടപടികൾ ഓസ്‌ട്രേലിയ മുൻകൂറായി സ്വീകരിച്ചുവെന്ന് പ്രൊഫസർ ചൂണ്ടിക്കാട്ടി.
ഫലപ്രദമായ വാക്‌സിനുകളും മരുന്നുകളും കരസ്ഥമാക്കുന്നതുവഴി സമാനമായ സാഹചര്യങ്ങളിലുള്ള മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഗുരുതരമായ രോഗബാധയും മരണങ്ങളും കുറയ്ക്കാൻ ഓസ്‌ട്രേലിയയ്ക്ക് കഴിഞ്ഞതായി ഹോൾട്ടൻ നിരീക്ഷിച്ചു.
കൊവിഡ് പൊട്ടിപുറപ്പെട്ടപ്പോൾ നടപ്പിലാക്കിയ ഇടക്കാല സജീകരണങ്ങൾ പരിശോധിച്ച് പുതുക്കേണ്ടിയിരിക്കുന്നുവെന്നും അന്വേഷണ സംഘം നിർദ്ദേശിക്കുന്നതായി പ്രൊഫസർ പറഞ്ഞു.
മഹാമാരിക്ക് മുൻപുള്ള സംവിധാനങ്ങൾ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പ്രാപ്തമായിരുന്നില്ലെന്നും പ്രൊഫസർ നിരീക്ഷിച്ചു.
കൊവിഡ് തരംഗങ്ങളുടെ സാധ്യത തുടരുന്നത് കൊണ്ടും, പ്രതിരോധ നിർദ്ദേശങ്ങൾ ഏകോപിപ്പിക്കുന്നത് ആവശ്യമായത് കൊണ്ടും പുതിയ ഉപദേശക ഘടനകളും ഉത്തരവുകളും വേണ്ടിവരുമെന്നും പ്രൊഫസർ പറഞ്ഞു.
കൂടുതൽ പേർ വാക്‌സിൻ സ്വീകരിക്കുന്നതിനായും, ആശയകുഴപ്പങ്ങൾ ഒഴിവാക്കുന്നതിനായും കമ്മിറ്റി നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചു.
- വാക്‌സിൻ അർഹത സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നത് ആരായിരിക്കുമെന്നും, ഉപദേശക സമിതിയിൽ ഉൾപ്പെടുന്നവരുടെ വിശദാംശങ്ങൾക്കും വ്യക്തത നൽകുക.
- വാക്‌സിൻ അർഹത സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ സങ്കീർണമാക്കുന്നത് സാധ്യമാകുന്ന സാഹചര്യങ്ങളിൽ ഒഴിവാക്കി വാക്‌സിൻ സ്വീകരിക്കുന്നവരുടെ നിരക്ക് വർദ്ധിപ്പിക്കുക.
- പൊതുജനത്തിന് ലഭ്യമാക്കുന്ന സന്ദേശങ്ങളും പൊതുജനാരോഗ്യ ലക്ഷ്യങ്ങളും വാക്‌സിൻ പദ്ധതിയും ഏകോപിപ്പിക്കുക.
രാജ്യത്തിൻറെ ദീർഘകാല പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഈ നിർദ്ദേശങ്ങൾ വിലയിരുത്തുമെന്ന് ആരോഗ്യ മന്ത്രി മാർക്ക് ബട്ലർ പറഞ്ഞു.
അതെസമയം ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കുന്ന പുതിയ വാക്‌സിനായി കാത്തിരിക്കുന്നത് വഴി ബൂസ്റ്റർ ഡോസ് വൈകിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുജനത്തോട് ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.
ഇപ്പോൾ ലഭ്യമായ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ മുന്നോട്ട് വരണമെന്നും, ഗുരുതര രോഗം തടയാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ പെർത്ത് റോയൽ ഷോ സന്ദർശിക്കുന്നവർക്ക്, ഒന്നാം നമ്പർ ഗേറ്റിലും പത്താം നമ്പർ ഗേറ്റിലും ഷോഗ്രൗണ്ട് ട്രെയിൻ സ്റ്റേഷൻ ഗേറ്റിലും സൗജന്യ RAT പരിശോധന ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.