പലിശനിരക്ക് വർദ്ധനവിന്റെ തോത് കുറക്കുമെന്ന സൂചനയുമായി റിസർവ് ബാങ്ക്
ബാങ്കിംഗ് പലിശനിരക്ക് വർദ്ധിപ്പിക്കുന്നതിന്റെ തോത് കുറയ്ക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ഫിലിപ്പ് ലോവ് സൂചന നൽകി. എന്നാൽ, നിരക്കു വർദ്ധനവിന്റെ പശ്ചാത്തലത്തിൽ ഗവർണ്ണർ രാജിവയ്ക്കണമെന്ന ആവശ്യം അദ്ദേഹം തള്ളിക്കളഞ്ഞു.
തുടർച്ചയായ അഞ്ചാം മാസമാണ് രാജ്യത്ത് ബാങ്കിംഗ് പലിശ നിരക്ക് വർദ്ധിപ്പിച്ചത്.
മെയ് മാസത്തിൽ ആരംഭിച്ച നിരക്ക് വർദ്ധനവ് നിലവിൽ 2.35 ശതമാനത്തിലെത്തി നിൽക്കുകയാണ്.
ക്യാഷ് റേറ്റ് വർദ്ധനവുമായി ബന്ധപ്പെട്ട് RBA ഗവർണ്ണർ രാജി വെക്കണമെന്ന് സെനറ്റർമാർ ആവശ്യപ്പെട്ടിരുന്നു. പലിശ നിരക്കിലുണ്ടായ വർദ്ധനവ് ജനങ്ങൾക്ക് അമിത സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്നാണ് സെനറ്റർമാരുടെ ആരോപണം.
എന്നാൽ പണപ്പെരുപ്പം തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് റിസർവ് ബാങ്ക് ഗവർണർ ഫിലിപ്പ് ലോവ് വ്യക്തമാക്കി.
ഉയർന്ന പണപ്പെരുപ്പം ജീവിത നിലവാരത്തെ തകർക്കുകയാണ്.
പണപ്പെരുപ്പം കൂടുതൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ടെന്നും, സമ്പാദ്യത്തിൻറെ മൂല്യം ഇല്ലാതാക്കുകയും, അസമത്വം വർദ്ധിക്കുകയും ചെയ്യുന്നുണ്ടെന്നും ഗവർണ്ണർ പറഞ്ഞു.
കുതിച്ചുയർന്ന പണപ്പെരുപ്പം ഒരു “ബാധ” ആണെന്ന് ചൂണ്ടിക്കാട്ടിയ ഗവർണ്ണർ അത് വേരുറപ്പിക്കുന്നത് തടയാൻ ശക്തമായ നടപടികൾ ആവശ്യമാണെന്നും കൂട്ടിച്ചേർത്തു.
ക്യാഷ് റേറ്റ് വർദ്ധനയുടെ വേഗത കുറയ്ക്കാൻ RBA ആലോചിക്കുന്നുണ്ടെന്ന സൂചനയും ഗവർണ്ണർ നൽകി.
ധനകാര്യനയങ്ങൾ നടപ്പാക്കുന്നതിൽ മെല്ലപ്പോക്കുണ്ടെന്ന് സമ്മതിച്ച ഗവർണ്ണർ പലിശ നിരക്ക് വളരെ വേഗത്തിലാണ്
വർദ്ധിപ്പിച്ചെതെന്ന് RBAക്ക് ബോധ്യമുണ്ടെന്നും കൂട്ടിച്ചേർത്തു.
ക്യാഷ് റേറ്റ് വർദ്ധനവിൻറെ തോത് കുറക്കുമെന്ന സൂചന ഗവർണ്ണർ നൽകിയെങ്കിലും ഇക്കാര്യത്തിൽ പണപ്പെരുപ്പത്തെയും, തൊഴിൽ വിപണിയും ആശ്രയിച്ചാണ് തീരൂമാനമെടുക്കുകയെന്നും വ്യക്തമാക്കി.
സമ്പദ് വ്യവസ്ഥയിലും, പണപ്പെരുപ്പത്തിലും വലിയ സ്വാധീനം ചെലുത്തുന്ന യുക്രൈയ്ൻ യുദ്ധം, ചൈനയുടെ സാമ്പത്തിക മാന്ദ്യം തുടങ്ങിയ ഘടകങ്ങൾ റിസർവ് ബാങ്കിൻറെ നിയന്ത്രണത്തിന് പുറത്താണെന്നും ഗവർണ്ണർ ചൂണ്ടിക്കാട്ടി.
ഗവർണ്ണർ സ്ഥാനം രാജിവെക്കണമെന്ന ഗ്രീൻസ് പാർട്ടിയിലെയും, പ്രതിപക്ഷ സെനറ്റർമാരുടെയും ആവശ്യം ഫിലിപ്പ് ലോവ് തള്ളിക്കളഞ്ഞു.
താൻ രാജിവെക്കാൻ ആലോചിക്കുന്നില്ലെന്ന് ഗവർണ്ണർ പറഞ്ഞു.
ഫിലിപ്പ് ലോവിന് ഗവർണ്ണർ പദവിയിൽ തുടരാൻ ഒരു വർഷം കൂടി അവശേഷിക്കുന്നുണ്ട്.
കടപ്പാട്: SBS മലയാളം