RBA പലിശ നിരക്ക് 0.5 ശതമാനം ഉയർത്തി

ഓസ്‌ട്രേലിയയിൽ ബാങ്കിംഗ് പലിശ നിരക്ക് 1.85 ശതമാനത്തിലേക്ക് ഉയർന്നു. 2022 മെയ് മാസത്തിന് ശേഷം ഇത് നാലാം തവണയാണ് ഓസ്‌ട്രേലിയൻ റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തുന്നത്.

ഓസ്‌ട്രേലിയയിലെ ബാങ്കിംഗ് പലിശ നിരക്ക് 1.35ൽ നിന്ന് 1.85ലേക്ക് ഉയർന്നു. പലിശ നിരക്ക് 0.5 ശതമാനം കൂട്ടിയതായി റിസർവ് ബാങ്ക് ഗവർണർ ഫിലിപ്പ് ലോവി അറിയിച്ചു.

രാജ്യത്ത് ഇതേ വരെ ഉണ്ടായിരുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കായ 0.1 ശതമാനത്തിൽ നിന്നും 1.85 ശതമാനത്തിലേക്കാണ് ഏതാനും മാസങ്ങൾക്കുള്ളിൽ റിസർവ് ബാങ്ക് പലിശ വർദ്ധിപ്പിച്ചത്.

രാജ്യത്തെ നാണയപ്പെരുപ്പം 6.1 സ്ഥാനത്തിലേക്ക് ഉയർന്നിരിക്കുന്നതിന് പിന്നാലെയാണ് നടപടി.

2024 വരെ പലിശ നിരക്ക് ഉയരുകയില്ല എന്ന് റിസർവ് ബാങ്ക് ഗവർണർ മുൻപ് പറഞ്ഞത് ചൂണ്ടിക്കാട്ടി ഗവർണർ രാജി വയ്ക്കണമെന്നുള്ള ആവശ്യം ഉയർന്നിട്ടുണ്ട്.

എന്നാൽ ഗവർണർക്ക് സർക്കാരിന്റെ പിന്തുണയുള്ളതായി പ്രധാനമന്ത്രി ആന്തണി അൽബനീസി ചാനൽ നൈനിനോട് പറഞ്ഞു.

പുതിയ വർദ്ധനവ് ഭവന വായ്പയുള്ളവരെ വലിയ രീതിയിൽ ബാധിക്കും. ഈ നിരക്ക് ബാങ്കുകൾ ഉപഭോക്താക്കളിലേക്ക് കൈമാറുമ്പോൾ 500,000 ഡോളർ ഭവന വായ്പയുള്ളവർക്ക് പ്രതിമാസം ഏകദേശം 140 ഡോളർ അധികമായി അടയ്‌ക്കേണ്ടി വരുമെന്നാണ് കണക്കുകൾ.

അടുത്ത വർഷം മാർച്ചോടു കൂടി പലിശ നിരക്ക് ഏകദേശം 3.5 ശതമാനമായി ഉയരുമെന്നാണ് സ്വിസ് ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് യുബിഎസ് ന്റെ പ്രവചനം. ഇത് ഓസ്‌ട്രേലിയൻ ഭവന വിപണിയെ സാരമായി ബാധിക്കുമെന്നും ബാങ്ക് ചൂണ്ടിക്കാട്ടി.

ഈ വർഷാവസാനത്തോടെ പലിശ നിരക്ക് 2.6 ശതമാനമായി ഉയരുമെന്ന് വെസ്റ്റ്പാക്, NAB തുടങ്ങിയ പ്രമുഖ ബാങ്കുകൾ പ്രവചിച്ചിട്ടുണ്ട്.

2022 അവസാനത്തോടെ ഇത് 2.1 ശതമാനമാകുമെന്ന് കോമൺവെൽത്ത് ബാങ്ക് കണക്കാക്കുന്നു.

2024 ഫെബ്രുവരിയോടെ പലിശ നിരക്ക് 3.1 ശതമാനമായി ഉയരുമെന്നാണ് ANZ ബാങ്കിന്റെ പ്രവചനം.

കടപ്പാട്: SBS മലയാളം

Related Articles

Back to top button