മൂന്ന് വര്‍ഷത്തിനുള്ളില്‍ മത വിവേചന ബില്‍ അവതരിപ്പിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

കാന്‍ബറ: അടുത്ത മൂന്ന് വര്‍ഷത്തിനുളളില്‍ ഓസ്‌ട്രേലിയയില്‍ മതപരമായ വിവേചനം തടയുന്നത് സംബന്ധിച്ച നിയമനിര്‍മാണം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി അന്റോണി അല്‍ബനീസി.

47-ാമത് പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തിന് മുന്നോടിയായി കാന്‍ബറയിലെ സെന്റ് ആന്‍ഡ്രൂസ് പ്രെസ്ബിറ്റീരിയന്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്കും പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കു ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ഓസ്ട്രേലിയയിലെ മതസമൂഹങ്ങള്‍ക്കുള്ള സന്ദേശം എന്താണെന്ന ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ മറുപടിയായിരുന്നു ഇത്. ”ഞാന്‍ വിശ്വാസമുള്ള ആളുകളെ ബഹുമാനിക്കുന്നു. എല്ലാ ആളുകളും അവരുടെ വിശ്വാസം പരിഗണിക്കാതെ തന്നെ ബഹുമാനിക്കപ്പെടണം. അത് ഞാന്‍ എല്ലായ്പ്പോഴും ചെയ്തിട്ടുള്ള കാര്യമാണ്, എന്റെ ഗവണ്‍മെന്റും ചെയ്യും.”

”മതപരമായ വിവേചനത്തിന്റെ പ്രശ്‌നങ്ങളും അനുബന്ധ നിയമനിര്‍മ്മാണത്തിന്റെ ആവശ്യകതയും ഞങ്ങള്‍ ചര്‍ച്ച ചെയ്യും. ഈ സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ അതുണ്ടാകും. എല്ലാവരെയും ഒരുമിച്ച് ചേര്‍ത്ത് കൂടിയാലോചനകളിലൂടെ ഇത് നടപ്പാക്കും.” അല്‍ബനീസി പറഞ്ഞു.

സമീപ കാലത്തായി ഓസ്‌ട്രേലിയയില്‍ ചൂടേറിയ രാഷ്ട്രീയ വിഷയമായിരുന്നു മതപരമായ വിവേചനം. സ്‌കോട്ട് മോറിസണിന്റെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ മതപരമായ വിവേചനം തടയല്‍ ബില്‍ പാസാക്കിയെടുക്കാന്‍ ശ്രമിച്ചു. ലോവര്‍ ഹൗസ് അത് പാസാക്കിയെങ്കിലും സെനറ്റില്‍ ബില്‍ തള്ളിപ്പോയി.

Related Articles

Back to top button