വിദേശ സംഭാവന നിയന്ത്രണ നിയമം ഭേദഗതി ചെയ്ത് ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആര്‍എ) ഭേദഗതി ചെയ്ത് ആഭ്യന്തര മന്ത്രാലയം.
പുതിയ നിയമ പ്രകാരം വിദേശത്ത് താമസിക്കുന്ന ബന്ധുക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുവാദമില്ലാതെ പത്ത് ലക്ഷം രൂപ വരെ കൈമാറ്റം ചെയ്യാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2011ലെ നിയമമാണ് ഭേദഗതി ചെയ്തത്. തുക പരിധി വര്‍ധിക്കുകയാണെങ്കില്‍ സര്‍ക്കാരിനെ അറിയിക്കാനുള്ള സമയപരിധി 30 ദിവസത്തില്‍ നിന്നും 90 ദിവസമായി വര്‍ധിപ്പിച്ചു. ആറാം ചട്ടത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം രൂപയിലധികം വിദേശത്ത് നിന്നും വാങ്ങിയാല്‍ തുക കൈപ്പറ്റി 30 ദിവസത്തിനകം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണം എന്നതായിരുന്നു 2011 ലെ നിയമ ഭേദഗതി.
നേരത്തെ തുക കൈമാറ്റം ചെയ്യണമെങ്കില്‍ 30 ദിവസത്തിനുള്ളില്‍ എഫ്‌സിആര്‍എയുടെ കീഴില്‍ അപേക്ഷ സമര്‍പ്പിക്കണമായിരുന്നു. ചട്ടം ഒന്‍പതിലാണ് ഇത് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഭേദഗതിയില്‍ വ്യക്തികള്‍ക്കും, സംഘടനകള്‍ക്കും ബാങ്ക് വിവരങ്ങള്‍ കൈമാറാന്‍ 45 ദിവസ സമയപരിധി നല്‍കും.
കൂടാതെ 13ാം ചട്ടത്തിലെ ബി നിബന്ധനയും ഒഴിവാക്കി. വിദേശ പണം നല്‍കുന്ന ആളിന്റെ വിവരങ്ങള്‍, സ്വീകരിച്ച തുക, തീയതി എന്നിവ ഓരോ ത്രൈ മാസത്തിലും വെബ്‌സൈറ്റില്‍ വ്യക്തമാക്കണം എന്നതായിരുന്നു നിബന്ധന. കേന്ദ്ര സര്‍ക്കാര്‍ സൈറ്റില്‍ വിവരങ്ങള്‍ അപ് ലോഡ് ചെയ്യാന്‍ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പത് മാസത്തെ സമയമാണ് ഇപ്പോള്‍ നല്‍കുന്നത്. ബാങ്ക് അക്കൗണ്ട്, പേര്, മേല്‍വിലാസം, വിദേശ പണം സ്വീകരിക്കുന്ന സംഘടനകളിലെ അംഗങ്ങളുടെ മാറ്റം തുടങ്ങിയവ മാറ്റുന്നതിനായി ഇപ്പോള്‍ 45 ദിവസ സമയമുണ്ട്. നേരത്തെ ഇത് 15 ദിവസമായിരുന്നു.
രാഷ്ട്രീയ സംഘടനകള്‍ നിയമത്തില്‍ പരാമര്‍ശിക്കുന്ന സംഘടനകളുടെ കീഴില്‍ പെടില്ലെന്ന് 2020 നവംബറില്‍ മന്ത്രാലയം അറിയിച്ചിരുന്നു. കര്‍ഷക-വിദ്യാര്‍ത്ഥി സംഘടനകള്‍, തൊഴിലാളി സംഘടനകള്‍, സാമുദായിക സംഘടനകള്‍ എന്നിവയാണ് നിയമം അനുശാസിക്കുന്ന സംഘടനകള്‍. ലഭിക്കുന്ന പണത്തിന്റെ 20 ശതമാനത്തിലധികം തുക ഭരണ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. 2020ന് മുന്‍പ് 50 ശതമാനം തുക ഉപയോഗിക്കാമായിരുന്നു.
ഫണ്ട് സ്വീകരിക്കുന്ന സര്‍ക്കാരിതര സംഘടനകള്‍ എഫ്‌സിആര്‍എയ്ക്ക് കീഴില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നും ഭേദഗതിയില്‍ നിര്‍ദേശിക്കുന്നു.