ഓസ്ട്രേലിയൻ ജനസംഖ്യ രണ്ടര കോടി കടന്നു; കുടിയേറ്റത്തിൽ മുന്നിൽ ഇന്ത്യാക്കാർ

ഓസ്ട്രേലിയൻ ജനസംഖ്യാ കണക്കെടുപ്പിന്റെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഓസ്ട്രേലിയയിലേക്കുള്ള ഇന്ത്യാക്കാരുടെ കുടിയേറ്റത്തിൽ വൻ വർദ്ധനവുണ്ടായി എന്നാണ് പ്രാഥമിക ഫലങ്ങൾ വ്യക്തമാക്കുന്നത്.

2021 ഓഗസ്റ്റ് ഒമ്പതിന് നടത്തിയ സെൻസസിന്റെ ആദ്യ ഘട്ട ഫലങ്ങളാണ് ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പ്രസിദ്ധീകരിച്ചത്.

അതിവേഗത്തിൽ ഘടന മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യയാണ് ഓസ്ട്രേലിയയിലുള്ളത് എന്നാണ് സെൻസസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കൂടുതൽ ബഹുസ്വര സമൂഹമായി ഓസ്ട്രേലിയ മാറി.

രണ്ടര കോടി ഓസ്ട്രേലിയക്കാർ

ഇതാദ്യമായി ഓസ്ട്രേലിയയിലെ ജനസംഖ്യ രണ്ടര കോടിക്ക് മുകളിലേക്ക് ഉയർന്നു.

2,54,22,788 പേരാണ് സെൻസസ് രാവിൽ ഓസ്ട്രേലിയയിൽ ഉണ്ടായിരുന്നത്.

വിദേശത്തു നിന്ന് സന്ദർശനം നടത്തിയവരെ ഒഴിവാക്കിയ ശേഷമുള്ള കണക്കുകളാണ് ഇത്.

അഞ്ചു വർഷം കൊണ്ട് 20 ലക്ഷത്തോളം പേരുടെ വർദ്ധനവാണ് ആകെ ജനസംഖ്യയിൽ ഉണ്ടായിരിക്കുന്നത്. അഥവാ 8.6 ശതമാനം വർദ്ധനവ്.

2016ലെ സെൻസസ് പ്രകാരം 2,34,01,892 പേരായിരുന്നു ഓസ്ട്രേലിയയിലെ ജനങ്ങൾ.

കഴിഞ്ഞ 50 വർഷം കൊണ്ട് രാജ്യത്തെ ജനസംഖ്യ ഇരട്ടിയിലേറെയായി വർദ്ധിച്ചിട്ടുണ്ട്.

1971ലെ സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യ 1.2കോടി മാത്രായിരുന്നു.

രാജ്യത്തെ ആദിമവർഗ്ഗ വിഭാഗങ്ങുടെ എണ്ണവും വർദ്ധിച്ചു. എട്ടു ലക്ഷത്തിലേറെ ആദിമവർഗ്ഗ വിഭാഗക്കാരാണ് ഇപ്പോൾ രാജ്യത്തുള്ളത്. ആകെ ജനസംഖ്യയുടെ 3.2 ശതമാനമാണ് ഇത്.

കൂടുതൽ ബഹുസ്വരമാകുന്നു; നയിക്കുന്നത് ഇന്ത്യാക്കാർ

2017നു ശേഷം പത്തു ലക്ഷത്തിലേറെ പേരാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിപ്പാർത്തത് എന്ന് സെൻസസ് കണക്കുകൾ വ്യക്തമാക്കുന്നു.

ഇതിൽ അഞ്ചിൽ നാലും കൊവിഡ് തുടങ്ങുന്നതിന് മുമ്പായിരുന്നു.

ഓസ്ട്രേലിയൻ ജനസംഖ്യയിൽ 27.6 ശതമാനം പേരും വിദേശത്ത് ജനിച്ച ശേഷം ഇങ്ങോട്ടേക്ക് കുടിയേറിയവരാണ്.

ഓസ്ട്രേലിയക്കാരിൽ 48.2 ശതമാനം പേരുടെയും അച്ഛനമ്മമാരിൽ ഒരാളെങ്കിലും വിദേശത്ത് ജനിച്ചവരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഈ വർദ്ധനവിൽ മുന്നിൽ നിൽക്കുന്നത് ഇന്ത്യാക്കാരാണ്.

2016നെ അപേക്ഷിച്ച് ഇന്ത്യയിൽ ജനിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് 2021ൽ ഉണ്ടായത്.

ഇന്ത്യയിൽ ജനിച്ചവരുടെ എണ്ണത്തിൽ 2,17,963ന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

ഇതോടെ, വിദേശത്ത് ജനിച്ച ഓസ്ട്രേലിയക്കാരുടെ പട്ടികയിൽ ഇന്ത്യാക്കാർ രണ്ടാം സ്ഥാനത്തെത്തി. ചൈനയെയും ന്യൂസിലന്റിനെയും പിന്തള്ളിയാണ് ഇന്ത്യാക്കാർ മുന്നിലെത്തിയത്.

ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിൽ ജനിച്ചവർ കഴിഞ്ഞാൽ ഏറ്റവുമധികമുള്ളത് ഇന്ത്യയിൽ ജനിച്ചവരാണ്.

ഇംഗ്ലീഷ് ഇതര ഭാഷ സംസാരിക്കുന്നവരുടെ എണ്ണവും കുതിച്ചുയർന്നിട്ടുണ്ട്. 55 ലക്ഷം ഓസ്ട്രേലിയക്കാരാണ് വീട്ടിൽ ഇംഗ്ലീഷ് ഇതര ഭാഷ സംസാരിക്കുന്നത്.

കടപ്പാട്: SBS മലയാളം

Related Articles

Back to top button