സിഡ്‌നിയിൽ ലീജണയേഴ്സ് രോഗം പടരുന്നതായി മുന്നറിയിപ്പ്
സിഡ്‌നി നഗരത്തിൽ ലീജണയേഴ്സ് രോഗം പടരുന്നതായി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ രണ്ടാഴ്ചകളിൽ സിഡ്‌നി CBD സന്ദർശിച്ചിട്ടുവള്ളവർ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ വിദഗ്ദ്ധരെ ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
സിഡ്‌നി CBD സന്ദർശിച്ച ആറുപേരിൽ ലീജണയേഴ്സ് രോഗം സ്ഥിരീകരിച്ചതായി ന്യൂ സൗത്ത് ആരോഗ്യ വകുപ്പ് അറിയിച്ചു.
മേയ് 26ന് അഞ്ചു പേരിൽ രോഗം സ്ഥിരീകരിച്ചിരുന്നു.
40 വയസിനും 70 വയസിനും ഇടയിൽ പ്രായമുള്ള രണ്ട് സ്ത്രീകളിലും നാല് പുരുഷന്മാരിലുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
ആശുപത്രയിൽ പ്രവേശിപ്പിച്ച രോഗബാധിതർക്ക് ന്യുമോണിയ്ക്കുള്ള ചികിത്സ നൽകി. ഒരാളെ ഡിസ്ചാർജ് ചെയ്‌തു.
ലീജണയേഴ്സ് രോഗം ചിലരിൽ ഗുരുതരമായ ന്യുമോണിയ പോലുള്ള ശ്വസന സംബന്ധമായ പ്രശ്നനങ്ങൾക്ക് കാരണമാകാമെന്ന് അധികൃതർ വ്യക്തമാക്കി.
ലീജയണല്ല കുടുംബത്തിലെ ബാക്ടീരിയ മൂലമാണ് രോഗം ബാധിക്കുന്നത്. ഇത് ശ്വാസകോശത്തെയാണ് ബാധിക്കുക.
ഭൂരിഭാഗം സാഹചര്യങ്ങളിലും രോഗം ഭേദമാകാറുണ്ടെങ്കിലും ചില സന്ദർഭങ്ങളിൽ ഗുരുതരമായ ന്യുമോണിയക്ക് കാരണമാകാറുണ്ട്.
പനി, വിറയൽ, ചുമ, ശ്വസന സംബന്ധമായ ബുദ്ധിമുട്ട് എന്നിവ രോഗലക്ഷണങ്ങളിൽ ഉൾപ്പെടുന്നതായി ആരോഗ്യവകുപ്പ് പറഞ്ഞു.
ചെസ്റ്റ് എക്സ് റെ വഴിയും, മൂത്ര സാമ്പിൾ പരിശോധനയിലൂടെയുമാണ് ലീജണയേഴ്സ് രോഗം സ്ഥിരീകരിക്കുന്നത്.
രോഗം പടരുന്നതിന് കാരണമാകുന്ന ബാക്ടീരിയ കൂളിംഗ് ടവറുകളിൽ നിന്നാണോ എന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒട്ടേറെ സാഹചര്യങ്ങളിൽ വലിയ കെട്ടിടങ്ങളിലെ കൂളിംഗ് സംവിധാനം മലിനമാകുന്നതിനെ തുടർന്നാണ് രോഗബാധ ഉണ്ടാകുന്നത് എന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടി.
CBDലെ 124 കൂളിംഗ് ടവറുകളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുളളതായി അധികൃതർ വ്യക്തമാക്കി.
കൂളിംഗ് ടവറുകളിൽ നിന്ന് വായുവിലേക്ക് പരക്കുന്ന ജലാംശത്തിൽ ബാക്ടീരിയ ഉണ്ടെങ്കിൽ, അത് ശ്വസിക്കുന്നവർക്കാണ് രോഗബാധ ഉണ്ടാകുന്നത്. ഇത്തരത്തിൽ സമ്പർക്കമുണ്ടായ ശേഷം പത്തു ദിവസം വരെ കഴിഞ്ഞാകും രോഗലക്ഷണങ്ങൾ കാണുക..
ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് രോഗം പടരുകയില്ല എന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
കടപ്പാട്: SBS മലയാളം