ക്യൂന്‍സ് ലാന്‍ഡില്‍ പേമാരിക്കു സാധ്യതയെന്ന് മുന്നറിയിപ്പ്
ബ്രിസ്ബന്‍: ക്വീന്‍സ് ലാന്‍ഡിലും ന്യൂ സൗത്ത് വെയില്‍സിലും അടുത്ത 48 മണിക്കൂറിനുള്ളില്‍ കൂടുതല്‍ പേമാരിക്കും കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്കി.
തെക്ക്-കിഴക്കന്‍ ക്വീന്‍സ് ലാന്‍ഡില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14 രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതായി എമര്‍ജന്‍സി വിഭാഗം അറിയിച്ചു. വെള്ളപ്പൊക്കമുള്ള മേഖലകളില്‍ വാഹനവുമായി ഇറങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പു നല്കി.
ഇന്നലെ രാവിലെ ഒന്‍പതു മണി മുതല്‍ ഗോള്‍ഡ് കോസ്റ്റിലെ ഒന്നിലധികം സ്ഥലങ്ങളില്‍ 200 മില്ലിമീറ്ററിലധികം മഴയാണു രേഖപ്പെടുത്തിയത്. തലേബുഡ്ഗെര വാലിയില്‍ 340 മില്ലിമീറ്റര്‍ മഴ ലഭിച്ചു.
ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുകള്‍ ആളുകള്‍ ശ്രദ്ധിക്കുന്നില്ലെന്ന് ക്വീന്സ്ലാന്ഡ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് (ക്യുഎഫ്ഇഎസ്) സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ബ്രാഡ് കമ്മിന്‍സ് പറഞ്ഞു.
ഡാര്‍ലിംഗ് ഡൗണ്‍സ് മേഖലയിലെ പല റോഡുകളിലും ജലനിരപ്പ് ഉയര്‍ന്ന നിലയിലാണെന്നും വെള്ളം ഇറങ്ങാന്‍ സമയമെടുക്കുമെന്നും ബ്രാഡ് കമ്മിന്‍സ് പറഞ്ഞു.
സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസിന് സഹായത്തിനായി ഇതുവരെ 214 കോളുകളാണു ലഭിച്ചത്. ഇന്ന് ഉച്ചയോടെ മഴയ്ക്ക് ശമനമുണ്ടായെങ്കിലും ഗോള്‍ഡ് കോസ്റ്റിന്റെ ചില ഭാഗങ്ങളില്‍ 100 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
ഗോള്‍ഡ് കോസ്റ്റിലെ ഒരു റോഡ് മണ്ണിടിച്ചിലില്‍ തകര്‍ന്നു. ഈ ഭാഗത്തുള്ള ബീച്ചുകളും അടച്ചു.