76 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; ആശുപത്രികളിൽ ‘കോഡ് ബ്രൗൺ’ അലർട്ട്
ആശങ്കകൾ യാഥാർത്ഥ്യമാക്കി ഓസ്ട്രേലിയയിൽ കൊവിഡ് മരണം കുതിച്ചുയരുന്നു. ഒമിക്രോൺ വൈറസ്ബാധ രൂക്ഷമായ സാഹചര്യത്തിൽ വിക്ടോറിയയിലെ ആശുപത്രികളിൽ കോഡ് ബ്രൗൺ അലർട്ട് പ്രഖ്യാപിച്ചു.
ഓസ്ട്രേലിയയിൽ കൊവിഡ് ബാധ മൂലമുള്ള മരണങ്ങൾ ഇനിയും കുതിച്ചുയരുമെന്ന് വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യവിദഗ്ധർ കഴിഞ്ഞ ദിവസങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
മൂന്നു സംസ്ഥാനങ്ങളിലായി 76 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് ബാധിച്ച് മരിച്ചത്.
ന്യൂ സൗത്ത് വെയിൽസിൽ 36 പേരും, വിക്ടോറിയയിൽ 22 പേരും, ക്വീൻസ്ലാന്റിൽ 16 പേരും മരിച്ചു. സൗത്ത് ഓസ്ട്രേലിയയിലാണ് രണ്ടു മരണം.
രാജ്യത്ത് ഇതുവരെയുള്ള ഒരു ദിവസത്തിലെ ഏറ്റവും ഉയർന്ന മരണസംഖ്യയാണ് ഇത്.
2020 സെപ്റ്റംബറിൽ വിക്ടോറിയയിൽ ഒരു ദിവസം 59 മരണങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ജൂലൈയിലും ഓഗസ്റ്റിലുമായി ഏജ്ഡ് കെയർ കേന്ദ്രങ്ങളിലുണ്ടായ മരണങ്ങൾ ഉൾപ്പെടെയായിരുന്നു ഇത്.
എന്നാൽ ഒറ്റ ദിവസത്തെ കണക്കാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്.
ഇതോടെ കഴിഞ്ഞ ഒരാഴ്ചയിലെ കൊവിഡ് മരണങ്ങൾ 357 ആയിട്ടുണ്ട്.
രാജ്യത്ത് ഇതുവരെയുണ്ടായ ആകെ കൊവിഡ് മരണങ്ങളുടെ 13 ശതമാനമാണ് കഴിഞ്ഞ ഒരാഴ്ച കൊണ്ടുണ്ടായത്.
ന്യൂ സൗത്ത് വെയിൽസിൽ 29,830 പുതിയ കേസുകളും, വിക്ടോറിയയിൽ 20,180 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ക്വീൻസ്ലാന്റിൽ 15,962 കേസുകളും രേഖപ്പെടുത്തി.
വിക്ടോറിയയിൽ കോഡ് ബ്രൗൺ
ഒമിക്രോൺ വൈറസ്ബാധ സംസ്ഥാനത്തെ ആശുപത്രികളെ അമിത സമ്മർദ്ദത്തിലാക്കുന്ന സാഹചര്യത്തിൽ, വിക്ടോറിയയിൽ കൊവിഡ് ബ്രൗൺ അലർട്ട് പ്രഖ്യാപിച്ചു.
അവധിയിലുള്ള ജീവനക്കാരെ തിരിച്ചുവിളിക്കാനും, അടിയന്തര സ്വഭാവമില്ലാത്ത ചികിത്സകൾ നീട്ടിവയ്ക്കാനും അധികാരം നൽകുന്നതാണ് കോഡ് അലർട്ട്.
ഇതോടൊപ്പം, ജീവനക്കാരെ അടിയന്തര സാഹചര്യമുള്ള മേഖലകളിലേക്ക് മാറ്റി നിയോഗിക്കാനും, ആംബുലൻസ് സേവനരീതിയിൽ മാറ്റം വരുത്താനുമൊക്കെ അധികാരമുണ്ടാകും.
പൊതുവിൽ പ്രകൃതി ദുരന്തങ്ങളോ, കെമിക്കൽ ചോർച്ചയോ, വലിയ വാഹനാപകടങ്ങളോ ഒക്കെ ഉണ്ടാകുമ്പോഴാണ് ആശുപത്രികളിൽ കോഡ് ബ്രൗൺ പ്രഖ്യാപിക്കുന്നത്.
ഇപ്പോൾ ഉൾനാടൻ വിക്ടോറിയയിലെ ആറ് ആശുപത്രികൾ ഉൾപ്പെടെ സംസ്ഥാന വ്യാപകമായാണ് കോഡ് ബ്രൗൺ പ്രഖ്യാപനം.
ബുധനാഴ്ച ഉച്ച മുതൽ ഇത് നിലവിൽ വരും.
സംസ്ഥാനത്തെ ആശുപത്രികൾ അതീവ സമ്മർദ്ദത്തിലാണെന്നും, ജീവനക്കാരുടെ രൂക്ഷമായ ക്ഷാമം നേരിടുകയാണെന്നും ഡെപ്യൂട്ടി പ്രീമിയർ ജെയിംസ് മെർലിനോ പറഞ്ഞു.
ഇതോടൊപ്പം, കൊവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടിവരുന്നവരുടെ എണ്ണവും കൂടുകയാണ്.
സംസ്ഥാനത്ത് ഇപ്പോൾ 1,152 പേരാണ് ആശുപത്രിയിലുള്ളത്. ഇതിൽ 127 പേർ ICUവിലാണ്.
ഇതാദ്യമായാണ് വിക്ടോറിയയിൽ സംസ്ഥാന വ്യാപകമായി കോഡ് ബ്രൗൺ പ്രഖ്യാപിക്കുന്നത്.
നാലു മുതൽ ആറ് ആഴ്ച വരെ ഇത് നീണ്ടുനിൽക്കും എന്നാണ് സർക്കാർ നൽകുന്ന സൂചന.
കടപ്പാട്: SBS മലയാളം