വിക്ടോറിയയിലും NSWലും പ്രതിദിന കൊവിഡ് കേസുകൾ 1500ന് മുകളിൽ

ന്യൂ സൗത്ത് വെയിൽസിലും വിക്ടോറിയയിലും ചെറിയൊരു ഇടവേളക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്.

കൊവിഡ് കേസുകളുടെ വർദ്ധനവിന് പിന്നിൽ ഒമിക്രോൺ വകഭേദമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

ന്യൂ സൗത്ത് വെയിൽസിൽ 1,742 കൊവിഡ് കേസുകൾ രേഖപ്പെടുത്തി. ഇന്നലെ ഇത് 1,360 ആയിരുന്നു.

സിഡ്നി, ന്യൂ കാസിൽ മേഖലകളിൽ പെട്ടന്നുണ്ടായ കൊവിഡ് കേസുകളുടെ വർദ്ധനവിന് പിന്നിൽ ഒമിക്രോൺ വകഭേദമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

നിലവിൽ ന്യൂ സൗത്ത് വെയിൽസിലെ വിവിധ ആശുപത്രികളിലായി 192 കൊവിഡ് കേസുകളാണുള്ളത്. ഇതിൽ 26പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഇന്നലെ രാത്രി 8 മണിക്ക് അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്ത് 1,43,938 പരിശോധനകളാണ് നടത്തിയത്.

സംസ്ഥാനത്ത് കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടതോടെ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ, പരിശോധനക്ക് വിധേയമാകണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.

സിഡ്നിയിൽ കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചതോടെ പരിശോധന കേന്ദ്രങ്ങൾക്ക് മുന്നിൽ നീണ്ട നിരയാണുള്ളത്.

അതേ സമയം കേസുകളുടെ എണ്ണത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് പറഞ്ഞ സംസ്ഥാന പ്രീമിയർ ഡൊമിനിക് പെറോട്ടെ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണെന്നും ചൂണ്ടികാട്ടി.

നിലവിലെ കൊവിഡ് സാഹചര്യത്തെ അതി ജീവിക്കാൻ ആശുപത്രി സംവിധാനത്തിന് സാധിക്കുമെന്ന ആത്മവിശ്വാസവും പ്രീമിയർ പങ്കു വെച്ചു.

അതേ സമയം സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുമെന്ന സൂചന, ആരോഗ്യ വകുപ്പ് മന്ത്രി ബ്രാഡ് ഹസാഡ് നൽകി.

അടുത്ത മാസം അവസാനത്തോടെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 25,000 എന്ന നിലയിലേക്കെത്തിച്ചേരാൻ സാധ്യതയുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

വിക്ടോറിയയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ഉയരുന്നു

വിക്ടോറിയയിൽ 1,622 പുതിയ കൊവിഡ് കേസുകളും 9 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 29ന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് ബാധ നിരക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നിലവിൽ വിക്ടോറിയയിൽ 12,252 കൊവിഡ് ബാധിതരുണ്ടെന്നാണ് കണക്കുകൾ.

ഇതിൽ ആശുപത്രികളിൽ കഴിയുന്ന 384 പേരിൽ 87 പേർ തീവ്ര പരിചരണ വിഭാഗത്തിലും 49 പേർ വെന്റിലേറ്ററിലുമാണുള്ളത്.

വിക്ടോറിയയിലെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇന്നു മുതൽ ഇളവുകൾ നൽകി തുടങ്ങി. വാക്സിനേഷൻ നിയമങ്ങളിലാണ് പ്രധാനമായും ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇനി മുതൽ 18 വയസ്സിന് താഴെ പ്രായമുള്ളവർ വിവിധയിടങ്ങളിലെ പ്രവേശനത്തിനായി വാക്സിനേഷൻ സ്വീകരിച്ചു എന്ന രേഖ കാണിക്കേണ്ടതില്ല.

റിയൽ എസ്റ്റേറ്റ്, ആരാധനാലയങ്ങൾ, വിവാഹങ്ങൾ, ശവസംസ്‌കാര ചടങ്ങുകൾ തുടങ്ങിയ സ്ഥലങ്ങളിലും വാക്‌സിനേഷൻ രേഖ ഒഴിവാക്കിയിട്ടുണ്ട്.

എന്നാൽ ഹോസ്പിറ്റാലിറ്റി, ഇൻഡോർ റീട്ടെയിൽ മേഖലകളിൽ മാസ്ക് നിർബന്ധമായി തുടരും.

കടപ്പാട്: SBS മലയാളം

Related Articles

Back to top button