ഇന്ത്യ-ഓസ്‌ട്രേലിയ യാത്രാ ബബിൾ പ്രാബല്യത്തിൽ
ഇന്ത്യ രാജ്യാന്തര വാണിജ്യ യാത്രാ വിമാനങ്ങളുടെ നിരോധനം 2022 ജനുവരി 31വരെ നീട്ടിയതിന് പിന്നാലെ 33 രാജ്യങ്ങളുമായി യാത്രാ ബബിൾ രൂപീകരിച്ചു. ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കും തിരിച്ച് ഇന്ത്യയിലേക്കും അർഹതയുള്ളവർക്ക് യാത്ര അനുവദിക്കുന്ന കരാറിലാണ് ഒപ്പുവച്ചത്.
ഓസ്‌ട്രേലിയ ഉൾപ്പെടെ 33 രാജ്യങ്ങളുമായി ഇന്ത്യ ഉഭയകക്ഷി യാത്രാ കരാറിൽ ഒപ്പുവച്ചു. ഡിസംബർ 10 നാണ് ധാരണയിലായത്.
ഒമിക്രോൺ കൊറോണ വൈറസ് വകഭേദത്തെക്കുറിച്ചുള്ള ആശങ്കകളെ തുടർന്ന് രാജ്യാന്തര വാണിജ്യ യാത്രാ വിമാനങ്ങളുടെ നിരോധനം 2022 ജനുവരി 31 വരെ ഇന്ത്യ നീട്ടിയിരുന്നു.
എന്നിരുന്നാലും, യാത്രാ ബബിൾ ഉടമ്പടികൾ പ്രകാരം രാജ്യാന്തര വിമാനങ്ങൾക്ക് ചില റൂട്ടുകളിൽ പ്രവർത്തിക്കാൻ അനുവാദമുണ്ടാകും.
അതെസമയം സ്‌കിൽഡ് വിസക്കാർക്കും രാജ്യാന്തര വിദ്യാർത്ഥികൾക്കും ഉൾപ്പെടെ വിവിധ വിസകളിൽ ഉള്ളവർക്ക് ഓസ്‌ട്രേലിയയിലേക്ക് ഇന്ന് (ഡിസംബർ 15) മുതൽ യാത്ര ചെയ്യാൻ അനുമതിയുണ്ട്.
ഡിസംബർ ഒന്നിന് ഓസ്‌ട്രേലിയൻ അതിർത്തി തുറക്കാനുള്ള തീരുമാനമാണ് ഡിസംബർ 15 ലേക്ക് മാറ്റിയിരുന്നത്.
നിലവിൽ, ക്വാണ്ടസും എയർ ഇന്ത്യയും സിഡ്‌നിയിൽ നിന്ന് ന്യൂഡൽഹിക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നടത്തുന്നുണ്ട്.
ഈ മാസം അവസാനത്തോടെ, രണ്ട് എയർലൈനുകളും മെൽബണിൽ നിന്ന് ന്യൂഡൽഹിയിലേക്ക് നേരിട്ടുള്ള സർവീസ് തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈ കമ്മീഷൻ പറഞ്ഞു.
ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക്
ഓസ്‌ട്രേലിയയിലുള്ള OCI കാർഡ് ഉടമകൾ, ഏതെങ്കിലും രാജ്യത്തിന്റെ പാസ്‌പോർട്ട് കൈവശമുള്ള ഇന്ത്യൻ വംശജർ (PIO കാർഡ് ഉടമകൾ), നേപ്പാൾ കൂടാതെ ഭൂട്ടാൻ പൗരന്മാർ എന്നിവരെ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കും.
കൂടാതെ, നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സാധുവായ ഇന്ത്യൻ വിസ കൈവശമുള്ള എല്ലാ വിദേശ പൗരന്മാർക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അനുവാദമുണ്ടായിരിക്കും.
ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്
ഓസ്‌ട്രേലിയൻ പൗരന്മാർ അല്ലെങ്കിൽ റെസിഡന്റ്‌സ്, ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യാൻ അനുമതിയുള്ള സാധുവായ വിസ കൈവശമുള്ള വിദേശ പൗരന്മാർക്ക് യാത്ര ചെയ്യാം.
ഇന്ത്യൻ പൗരൻ അല്ലെങ്കിൽ നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഓസ്‌ട്രേലിയ (സാധുവായ വിസ ഉള്ളവരായിരിക്കണം) അല്ലെങ്കിൽ ന്യൂ സീലാന്റിലേക്ക് യാത്ര ചെയ്യുന്നവർ.
യാത്രാ ബബിൾ പ്രകാരം, കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ളവർക്കും വിദേശ പൗരന്മാർക്കും ഓസ്‌ട്രേലിയൻ ഷിപ്പിംഗ് മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയയിലേക്ക് പ്രവേശിക്കാൻ അനുവാദമുണ്ട്.
ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.
ഇന്ത്യയുടെ യാത്രാ ബബിളിൽ സിംഗപ്പൂർ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നു. എന്നാൽ തായ്‌ലൻഡ്, മലേഷ്യ, ചൈന ഉൾപ്പെടുന്നില്ല.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള യാത്രാ ബബിളിനെ ഓസ്‌ട്രേലിയയിലെ കുടിയേറ്റ സമൂഹം സ്വാഗതം ചെയ്തു.
കടപ്പാട്: SBS മലയാളം