ഓസ്ട്രേലിയയിലേക്കെത്തുന്നവര് വാക്സിനേഷന് വിവരം തെറ്റായി നല്കിയാല് ഒരു വര്ഷം ജയില്ശിക്ഷ
വിദേശത്ത് നിന്നെത്തുന്ന ഓസ്ട്രേലിയ ട്രാവൽ ഡിക്ലറേഷൻ സമർപ്പിക്കാത്തവർക്ക് 6,600 ഡോളർ പിഴ ലഭിക്കും. തെറ്റായ വിവരങ്ങൾ നൽകുന്നവർക്ക് ജയിൽ ശിക്ഷയും ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു.
ഓസ്ട്രേലിയ ഡിസംബർ 15ന് രാജ്യാന്തര അതിർത്തി തുറക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
ന്യൂ സൗത്ത് ന്യൂ സൗത്ത് വെയിൽസിലേക്കും, വിക്ടോറിയയിലേക്കും, കാൻബറയിലേക്കും നവംബർ ഒന്ന് മുതൽ വിദേശത്ത് നിന്ന് യാത്രാ വിമാനങ്ങൾ എത്തിത്തുടങ്ങിയിരുന്നു.
വിദേശത്ത് നിന്ന് ഓസ്ട്രേലിയയിലേക്ക് എത്തുന്നവർ ഓസ്ട്രേലിയ ട്രാവൽ ഡിക്ലറേഷൻ (ATD) സമർപ്പിക്കണമെന്നാണ് നിയമം.
ആരോഗ്യപരമായ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ട്രാവൽ ഡിക്ലറേഷൻ, യാത്ര ചെയ്യുന്നതിന് 72 മണിക്കൂർ മുമ്പ് നല്കിയിരിക്കണം.
ഓസ്ട്രേലിയയിൽ എത്തിയ ശേഷം യാത്രക്കാരെ ബന്ധപ്പെടാനുള്ള വിവരങ്ങൾ, ഇവർ യാത്ര ചെയ്യുന്ന വിമാനത്തിന്റെ വിവരങ്ങൾ, ട്രാവൽ ഹിസ്റ്ററി, വാക്സിനേഷന്റെ വിവരങ്ങൾ, ക്വാറന്റൈനുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ആരോഗ്യപരമായ വിവരങ്ങൾ എന്നിവയാണ് ATD ൽ ഉൾപ്പെട്ടിരിക്കുന്നത്.
വാക്സിനേഷൻ പൂർത്തിയാക്കിയെന്നതിന് ഇതിൽ നിയമപരമായ ഉറപ്പ് നൽകണം. കൂടാതെ, കഴിഞ്ഞ 14 ദിവസം എവിടെയൊക്കെയാണ് യാത്ര ചെയ്തത് എന്നതിന്റെ വിശദാംശങ്ങളും ഇതിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്.
ഓസ്ട്രേലിയയിൽ എത്തിയ ശേഷം നിങ്ങൾ എത്തുന്ന ഓരോ സംസ്ഥാനങ്ങളുടെയും, ടെറിറ്ററികളുടെയും ക്വാറന്റൈൻ നിർദ്ദേശങ്ങളെക്കുറിച്ചും, പരിശോധനാ നിർദ്ദേശങ്ങളെക്കുറിച്ചും ധാരണയുണ്ടെന്ന് ഡിക്ലറേഷനിൽ ഉറപ്പ് നൽകണം.
ഓസ്ട്രേലിയൻ ട്രാവൽ ഡിക്ലറേഷൻ നൽകാത്തവർക്ക് 6,600 ഡോളർ പിഴ ലഭിക്കും. മാത്രമല്ല, ഇതിൽ തെറ്റായതോ തെറ്റിദ്ധാരണാജനകമായതോ ആയ വിവരങ്ങൾ നൽകുന്നവർക്ക് 12 മാസം ജയിൽ ശിക്ഷയും ലഭിക്കും.
ട്രാവൽ ഡിക്ലറേഷൻ എങ്ങനെ സമർപ്പിക്കാം?
ഓസ്ട്രേലിയ ട്രാവൽ ഡിക്ലറേഷൻ പൂരിപ്പിക്കാനായി, ആപ്പ് സ്റ്റോറിൽ നിന്നോ ഗൂഗിൾ പ്ലെയിൽ നിന്നോ ഓസ്ട്രേലിയ ട്രാവൽ ഡിക്ലറേഷൻ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യണം.
കൂടാതെ, ATD ഓൺലൈൻ ഫോം വഴിയും ഇത് പൂർത്തിയാക്കാം.
ഇതിൽ ഒരു അക്കൗണ്ട് തുടങ്ങിയ ശേഷം വേണം ഡിക്ലറേഷൻ നല്കാൻ. ഒരിക്കൽ സമർപ്പിച്ച ഡിക്ലറേഷനിൽ പിന്നീട് മാറ്റങ്ങൾ വരുത്താൻ സാധിക്കില്ല.
ഇനി എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ, പുതിയ ഓസ്ട്രേലിയ ട്രാവൽ ഡിക്ലറേഷൻ സമർപ്പിക്കുകയും, നേരത്തെ നൽകിയ ഡിക്ലറേഷൻ ഡിലീറ്റ് ചെയ്യുകയും വേണം.
15 വയസിന് മേൽ പ്രായമായ എല്ലാവരും സ്വയം ഡിക്ലറേഷൻ പൂർത്തിയാക്കണം. 15ൽ താഴെയുള്ള കുട്ടികളുടെ ഡിക്ലറേഷൻ മാതാപിതാക്കൾക്ക് സമർപ്പിക്കാം.
ഡിക്ലറേഷൻ പൂർത്തിയാക്കിയവർക്ക് ഒരു ഇമെയിൽ സന്ദേശം ലഭിക്കും. ഇത് വിമാനത്തിൽ കയറുന്നതിന് മുൻപ് പ്രിന്റ് ഔട്ട് ആയോ, ഇലക്ട്രോണിക് ആയോ കൈവശം കരുതേണ്ടതാണ്.
കടപ്പാട്: SBS മലയാളം