ക്ലിയോ സ്മിത്തിനെ കണ്ടെത്താൻ പൊതുജനത്തിന്റെ സഹായം നിർണ്ണായകമായതായി WA പോലീസ്
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ കാണാതായ നാല് വയസുകാരി ക്ലിയോ സ്മിത്തിനെ കണ്ടെത്താൻ പൊതുജനത്തിന്റെ സഹായം നിർണ്ണായക പങ്കുവഹിച്ചതായി WA പോലീസ് കമ്മീഷണർ പറഞ്ഞു. ക്ലിയോയെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങളുമായി 1,000 ലേറെ പേരാണ് പോലീസിനെ ബന്ധപ്പെട്ടത്.
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ രണ്ടാഴ്ച മുൻപ് കാണാതായ നാല് വയസുകാരി ക്ലിയോ സ്മിത്തിനെ ഇന്ന് (ബുധനാഴ്ച) രാവിലെയാണ് പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
പെർത്തിൽ നിന്ന് 900 കിലോമീറ്ററോളം അകലെ കാർണവൺ എന്ന സ്ഥലത്തുള്ള ബ്ലോഹോൾസ് ക്യാമ്പ് സൈറ്റിൽ നിന്ന് ഒക്ടോബർ 16 നാണ് ക്ലിയോയെ കാണാതായത്.
രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിൽ കാർണവണിലെ ഒരു വീട്ടിൽ കുട്ടി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് ചൊവ്വാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് കുട്ടിയെ കണ്ടെത്തിയത്.
“അത്ഭുതകരമായ ദിവസമാണ് ഇന്ന് … രാജ്യം സന്തോഷിക്കുന്നു”
”ഞങ്ങളും, കുട്ടിയുടെ മാതാപിതാക്കളും ഒരിക്കലും പ്രതീക്ഷ കൈവിട്ടില്ല എന്ന്” വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസ് കമ്മീഷണർ ക്രിസ് ഡോസൺ പറഞ്ഞു.
ക്ലിയോയെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങളുമായി 1,000 ലേറെ പേരാണ് പോലീസിനെ ബന്ധപ്പെട്ടതെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയ പോലീസ് മന്ത്രി പോൾ പപാലിയ പറഞ്ഞു.
പോലീസിന്റെ കഠിന പരിശ്രമമാണ് ക്ലിയോയിലേക്ക് നയിച്ചതെന്ന് പപാലിയ ചൂണ്ടിക്കാട്ടി.
സംഭവുമായി ബന്ധപ്പെട്ട് 36 വയസുള്ള ഒരാൾ പോലീസ് കസ്റ്റഡിയിൽ ആണെന്നും, ഈ വ്യക്തി അന്വേഷണത്തിൽ സഹകരിക്കുന്നതായും ഡോസൺ പറഞ്ഞു.
ദൈവത്തോട് നന്ദി പറയണമെന്ന് തോന്നുന്നുണ്ടെങ്കിൽ വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസ് സേനക്ക് വേണ്ടി ദൈവത്തോട് നന്ദി പറയണമെന്ന് പപാലിയ പറഞ്ഞു.
കുട്ടിയെ കണ്ടെത്തിയത് ആശ്വാസം പകരുന്ന വാർത്തയാണെന്ന് പ്രധാന മന്ത്രി സ്കോട്ട് മോറിസൺ ട്വീറ്റ് ചെയ്തു.
ക്ലിയോയെ കണ്ടെത്താൻ സഹായിച്ച പോലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
മകളെ കണ്ടെത്തിയതിന്റെ സന്തോഷം ക്ലിയോയുടെ മാതാവ് എല്ലി സ്മിത്ത് ഫേസ്ബുക്കിൽ കുറിച്ചു.
ഞങ്ങളുടെ കുടുംബം വീണ്ടും പൂർണമായി
ക്ലിയോയെ കണ്ടെത്തിയ നിമിഷം
അന്വേഷണത്തിൽ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും, ആ നിമിഷത്തിനായി ഒരുങ്ങിയിരുന്നില്ല എന്നാണ് ക്ലിയോയുടെ രക്ഷാപ്രവർത്തനത്തിൽ നേതൃത്വം നൽകിയ ഉദ്യോഗസ്ഥരിൽ ഒരാളായ ഡിറ്റക്റ്റീവ് സീനിയർ സാർജന്റ് കാമറൺ വെസ്റ്റേൺ പറഞ്ഞത്.
റെയ്ഡ് നടത്തിയ വീട്ടിൽ കുട്ടിയെ കണ്ടത് അവിശ്വസനീയമായ നിമിഷമായിരുന്നുവെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പേരെന്താണ് എന്ന് മൂന്ന് പ്രാവശ്യം ചോദിച്ചതിന് ശേഷമാണ് ‘എന്റെ പേര് ക്ലിയോ’ എന്ന മറുപടി കേട്ടത്’.
‘ഞങ്ങൾ വീട്ടിൽ നിന്ന് ഉടൻ തിരിച്ചു.’
തിരിച്ച് കാറിൽ കയറിയ ശേഷം ഒപ്പം ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ക്ലിയോയുടെ മാതാപിതാക്കളെ വിവരം അറിയിച്ചു.
ക്ലിയോ വളരെ സന്തോഷത്തോടെ പൊലീസിനൊപ്പം സമയം ചിലവിട്ടതായും വെസ്റ്റേൺ ചൂണ്ടിക്കാട്ടി.
കുട്ടിയുടെ ആരോഗ്യ പരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു.
കടപ്പാട്: SBS മലയാളം