ഓസ്ട്രേലിയൻ സൂപ്പർമാർക്കറ്റുകൾ ജീവനക്കാർക്ക് വാക്സിനേഷൻ നിർബന്ധമാക്കുന്നു
ഓസ്ട്രേലിയയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളായ വൂൾവര്തസും കോൾസും ആൽഡിയും ജീവനക്കാർക്ക് കൊവിഡ് വാക്സിനേഷൻ നിർബന്ധമാക്കുന്നു.
ഓസ്ട്രേലിയയിലെ നിരവധി സ്ഥാപനങ്ങൾ ജീവനക്കാർക്ക് വാക്സിനേഷൻ നിര്ബന്ധമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളും വാക്സിനേഷൻ നിർബന്ധമാക്കുന്നത്. മൂന്ന് സൂപ്പർമാർക്കറ്റുകളിലെയും സ്റ്റോറുകൾ, വിതരണ കേന്ദ്രങ്ങൾ, സപ്പോർട്ട് ഓഫീസുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന 250,000 ലേറെ ജീവനക്കാർക്കാണ് നിയമം ബാധകമാകുന്നത്.
രാജ്യത്തെങ്ങുമുള്ള വൂൾവർത്സ് ജീവനക്കാർ രണ്ട് ഡോസ് വാക്സിനും സ്വീകരിക്കണമെന്നത് വരും മാസങ്ങളിൽ നിർബന്ധമാക്കുമെന്ന് വൂൾവർത്സ് പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.
തൊഴിലിടങ്ങളിലെ സുരക്ഷ ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് വൂൾവർത്സ് ഗ്രൂപ്പ് സി ഇ ഒ ബ്രാഡ് ബാൻഡുക്കി അറിയിച്ചു.
രാജ്യത്തെ 1,200 ലേറെ റീറ്റെയ്ൽ സ്റ്റോറുകളിലായി 1,70,000 ജീവനക്കാരാണുള്ളതെന്നും, ഇവിടേക്ക് ആഴ്ചയിൽ ശരാശരി 20,000 ഉപഭോക്താക്കളാണെത്തുന്നതെന്നും ബ്രാഡ് ബാൻഡുക്കി പറഞ്ഞു.
അതിനാൽ, ആയിരക്കണക്കിനാളുകളുമായി ജീവനക്കാർ സമ്പർക്കത്തിലാവാൻ സാധ്യതയുള്ളത് കണക്കിലെടുത്താണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ്, ACT, നോർത്തേൺ ടെറിട്ടറി, വെസ്റ്റേൺ ഓസ്ട്രേലിയ എന്നിവിടങ്ങളിലുള്ള ജീവനക്കാർക്ക് 2022 ജനുവരി 31 ആണ് വാക്സിൻ സ്വീകരിക്കാനുള്ള അവസാന തീയതി. മറ്റ് സംസ്ഥാനങ്ങളിൽ മാർച്ച് 31 വരെയാകും ഇതിനുള്ള സമയം.
സൂപ്പർമാർക്കറ്റ് ശൃംഖലയായ കോൾസും സമാനമായ നടപടിയാണ് കൈക്കൊണ്ടിരിക്കുന്നത്.
ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, ACT എന്നിവിടങ്ങളിലുള്ള ജീവനക്കാർ വരും മാസങ്ങളിൽ വാക്സിൻ സ്വീകരിച്ചുവെന്ന് ഉറപ്പു വരുത്തുമെന്ന് കോൾസ് അറിയിച്ചു. എന്നാൽ, ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഈ മൂന്ന് സംസ്ഥാനങ്ങളിലും കേസുകൾ ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ രോഗബാധിതർ സ്റ്റോറുകൾ സന്ദർശിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇത് കണക്കിലെടുത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് വാക്സിനേഷൻ നിർബന്ധമാക്കുന്നതെന്ന് കോൾസ് ഗ്രൂപ്പ് സി ഇ ഒ സ്റ്റീവൻ കെയിൻ അറിയിച്ചു.
ന്യൂ സൗത്ത് വെയിൽസിലെയും ACT യിലെയും കോൾസ് ജീവനക്കാർ നവംബർ അഞ്ചിന് മുൻപായി ആദ്യ ഡോസും ഡിസംബർ 17 ന് മുൻപായി രണ്ടാം ഡോസും എടുക്കണമെന്നാണ് കമ്പനി നിർദ്ദേശിക്കുന്നത്.
വിക്ടോറിയയിലെ ജീവനക്കാർ ആദ്യ ഡോസ് ഒക്ടോബർ 22ന് മുൻപും, രണ്ടാം ഡോസ് നവംബർ 26ന് മുൻപുമാണ് എടുക്കേണ്ടത്.
നോർത്തേൺ ടെറിട്ടറിയിലുള്ളവർ നവംബർ 13നും, ഡിസംബർ 25നും മുൻപായി യഥാക്രമം ആദ്യ ഡോസും രണ്ടാം ഡോസും എടുക്കണം.
വെസ്റ്റേൺ ഓസ്ട്രേലിയയിലുള്ളവർ ആദ്യ ഡോസ് ഡിസംബർ 31നും രണ്ടാം ഡോസ് ജനുവരി 31നും മുൻപായി സ്വീകരിക്കണം.
അതേസമയം, ക്വീൻസ്ലാൻറ്, സൗത്ത് ഓസ്ട്രേലിയ, ടാസ്മേനിയ എന്നിവിടങ്ങളിലെ ജീവനക്കാർക്ക്, നിലവിൽ തൊഴിലിടങ്ങളിൽ വാക്സിനേഷൻ നിർബന്ധമല്ലെന്ന് കോൾസ് അറിയിച്ചു.
രാജ്യത്തെങ്ങുമുള്ള ജീവനക്കാർക്ക് വാക്സിനേഷൻ നിർബന്ധക്കുമെന്ന് ആൽഡിയും അറിയിച്ചിട്ടുണ്ട്. എന്നാൽ എന്ന് വേണമെന്ന് കാര്യത്തിൽ തീരുമാനമായിട്ടില്ല.
കടപ്പാട്: SBS മലയാളം