ക്വീൻസ്ലാൻറ് പ്രീമിയർ ഇന്ത്യയെക്കുറിച്ച് നടത്തിയ പരാമർശം വിവാദത്തിലേക്ക്
ക്രിസ്ത്മസോടെ രാജ്യാന്തര അതിർത്തി തുറക്കുമെന്ന ഫെഡറൽ സർക്കാർ പ്രഖ്യാപനത്തോട് ക്വീൻസ്ലാൻറ് പൂർണ പിന്തുണ നൽകിയിട്ടില്ല. ഇത് സംബന്ധിച്ച വാർത്താസമ്മേളനത്തിൽ ക്വീൻസ്ലാൻറ് പ്രീമിയർ ഇന്ത്യയെക്കുറിച്ച് നടത്തിയ പരാമർശം വിവാദത്തിലേക്ക് നയിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയിലെ രണ്ട് ഡോസ് വാക്സിനേഷൻ നിരക്ക് 80 ശതമാനമായാൽ ക്രിസ്ത്മസോടെ രാജ്യാന്തര അതിർത്തി തുറക്കുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചിരുന്നു.
എന്നാൽ, ഫെഡറൽ സർക്കാർ മാർഗരേഖക്കനുസരിച്ച് രാജ്യാന്തര അതിർത്തി തുറക്കുന്നതിനോട്
ക്വീൻസ്ലാന്റും വെസ്റ്റേൺ ഓസ്ട്രേലിയയും യോജിച്ചിട്ടില്ല.
ക്രിസ്ത്മസോടെ ഓസ്ട്രേലിയക്കാർക്ക് വിദേശയാത്ര സാധ്യമാകുമോ എന്ന് ക്വീൻസ്ലാൻറ് പ്രീമിയറോട് വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. എന്നാൽ ഇന്ത്യയെ പരാമർശിച്ചുകൊണ്ടാണ് ക്വീൻസ്ലാൻറ് പ്രീമിയർ അനസ്താഷ്യ പലാഷേ ഇതിന് ഉത്തരം നൽകിയത്.
“നിങ്ങൾക്ക് എവിടേക്കാണ് പോകേണ്ടത്? ഇന്ത്യയിലേക്കാണോ?,” എന്നായിരുന്നു പ്രീമിയറുടെ ചോദ്യം.
പ്രീമിയറുടെ ഈ പരാമർശത്തെ ഇന്ത്യൻ സമൂഹം വിമർശിച്ചു.
വിദേശയാത്രയെക്കുറിച്ചുള്ള ചോദ്യത്തിന് പ്രീമിയർ എന്തുകൊണ്ട് ‘ഇന്ത്യ’യെ മാത്രം എടുത്തു പറഞ്ഞു എന്ന് വിമർശിച്ചുകൊണ്ടാണ് ഇന്ത്യൻ സമൂഹം രംഗത്തെത്തിയിരിക്കുന്നത്.
അനസ്താഷ്യ പലാഷേയുടെ പരാമർശം നല്ല രീതിയിൽ അല്ല ഇന്ത്യൻ സമൂഹം സ്വീകരിച്ചിരിക്കുന്നതെന്നതും, ഇതിന് പ്രീമിയർ വിശദീകരണം നൽകണമെന്നും ഫെഡറേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിറ്റീസ് ഓഫ് ക്വീൻസ്ലാൻറ് പ്രസിഡന്റ് ശ്യാം ദാസ് പറഞ്ഞു.
അതിർത്തി അടഞ്ഞു കിടക്കുന്നത് മൂലം പലർക്കും ഇന്ത്യയിലേക്ക് പോകാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ടിലാണ്. ഇത് ഇന്ത്യൻ സമൂഹത്തിന്റെ മാനസികാരോഗ്യത്തെയും ബാധിച്ചിട്ടുണ്ടെന്ന് ശ്യാം ദാസ് ചൂണ്ടിക്കാട്ടി.
നിരവധി പേർക്കാണ് അവരുടെ പ്രിയപ്പെട്ടവർ മരണമടഞ്ഞപ്പോൾ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിയാതെ പോയത്.
ഇതിൽ ഇന്ത്യൻ സമൂഹത്തിന് പിന്തുണനൽകുന്നതിന് പകരം ഈ പരാമർശത്തിലൂടെ ഇന്ത്യൻ സമൂഹത്തെ കൂടുതൽ നിരാശരാക്കുകയാണ് പ്രീമിയർ ചെയ്തതെന്നും ശ്യാം ദാസ് പറഞ്ഞു.
പ്രീമിയറുടെ പ്രസ്താവനക്കെതിരെ പ്രതിഷേധിക്കേണ്ടത് ആവശ്യമാണെന്ന് ഓസ്ട്രേലിയൻ സൗത്ത് ഏഷ്യ ഫോറം സൂചിപ്പിച്ചു.
എന്നാൽ, ഏതെല്ലാം രാജ്യത്തേക്കാണ് വിദേശ യാത്ര സാധ്യമാകുക എന്നതിൽ ഫെഡറൽ സർക്കാർ വ്യക്തത വരുത്തിയിട്ടില്ലെന്നും, ഇത് മൂലം രാജ്യാന്തര യാത്രകൾ അംഗീകരിക്കുന്നതിനുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുക മാത്രമായിരുന്നു പ്രീമിയറെന്നും സർക്കാർ വക്താവ് പറഞ്ഞു.
വൈറസ്ബാധ രൂക്ഷമായിരുന്ന രാജ്യങ്ങളുടെ പേരുകൾ ഉദാഹരണമായി ചൂണ്ടിക്കാട്ടുക മാത്രമാണ് പ്രീമിയർ ചെയ്തതെന്നും വക്താവ് പറഞ്ഞു.
അതേസമയം, ഇന്ത്യയിൽ കൊവിഡ് ബാധ രൂക്ഷമായ മെയിൽ ഇന്ത്യൻ സമൂഹത്തിലുള്ളവരുമായി പ്രീമിയർ ചർച്ച നടത്തിയിരുന്നെന്നും, ഇന്ത്യയെ സഹായിക്കാനായി റെഡ് ക്രോസ്സ് വഴി 20 ലക്ഷം ഡോളർ സംഭാവന നൽകിയിരുന്നെന്നും വക്താവ് ചൂണ്ടിക്കാട്ടി.
കടപ്പാട്: SBS മലയാളം