ഓസ്‌ട്രേലിയയിൽ 12 വയസ് മുതലുള്ള കുട്ടികൾക്കും വാക്‌സിൻ
ഓസ്‌ട്രേലിയയിൽ 12 വയസിനും 15 വയസിനുമിടയിൽ പ്രായമായ കുട്ടികൾക്ക് ഇന്ന് (തിങ്കളാഴ്ച) മുതൽ ഫൈസർ വാക്‌സിനായി ബുക്ക് ചെയ്യാം.
ഓസ്‌ട്രേലിയയിൽ കൂടുതൽ പേർക്ക് കൊവിഡ് വാക്‌സിൻ നൽകുന്നതിന്റെ ഭാഗമായി കുട്ടികൾക്കും വാക്‌സിനേഷൻ ആരംഭിച്ചു.
16 നു മേൽ പ്രായമായവർക്കാണ് വാക്‌സിൻ നൽകിയിരുന്നത്.
12 വയസിനു മുകളിലുള്ള കുട്ടികൾക്ക് വാക്‌സിൻ വിതരണം ചെയ്യുന്നതിന് തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ നേരത്തെ അംഗീകാരം നൽകിയിരുന്നു.
എന്നാൽ 12നും 15നുമിടയിലുള്ള ആദിമവർഗ്ഗക്കാരായ കുട്ടികൾക്കും, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും മാത്രമാണ് വാക്‌സിൻ വിതരണം ചെയ്തിരുന്നത്.
ഇതിലാണ് ഇന്ന് (തിങ്കളാഴ്ച) മുതൽ മാറ്റം വന്നത്.
12നും 15നുമിടയിലുള്ള കുട്ടികൾക്ക് ഇന്ന് (തിങ്കളാഴ്ച) മുതൽ ഫൈസർ വാക്‌സിനായി ബുക്ക് ചെയ്യാം.
ജി പി ക്ലിനിക്കുകളിലോ കോമൺവെൽത് വാക്‌സിനേഷൻ ക്ലിനിക്കിലോ ആണ് വാക്‌സിനേഷനായി ബുക്ക് ചെയ്യാവുന്നത്.
ഫൈസർ വാക്‌സിനാണ് ഈ പ്രായത്തിലുള്ള കുട്ടികൾക്ക് നിർദ്ദേശിച്ചിരിക്കുന്നത്.
കുട്ടികൾക്കുള്ള വാക്‌സിനേഷൻ കൊവിഡ് -19 വാക്‌സിൻ എലിജിബിലിറ്റി ചെക്കർ വഴി മാതാപിതാക്കൾക്ക് ബുക്ക് ചെയ്യാം.
കൂടാതെ, രാജ്യത്ത് മൊഡേണ വാക്‌സിൻ എത്തിക്കഴിഞ്ഞാൽ ഇതും 12 വയസു മുതൽ 17 വയസുള്ളവർക്ക് ATAGI വിതരണാനുമതി നൽകിയിട്ടുണ്ട്. അതായത് 12 മുതൽ 59 വരെയുള്ളവർക്ക് മോഡേണ വാക്‌സിൻ സ്വീകരിക്കാൻ കഴിയും.
നിലവിൽ 70 ശതമാനം കുട്ടികൾക്കും മാതാപിതാക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും മറ്റും വീടുകളിൽ വച്ചാണ് കൊവിഡ് ബാധിക്കുന്നതെന്ന് നാഷണൽ സെന്റർ ഫോർ ഇമ്മ്യൂണൈസേഷൻ റിസർച്ച് ആൻഡ് സർവീലൻസിന്റെ ഡയറക്ടർ പ്രൊഫസർ ക്രിസ്റ്റീൻ മക്കർട്നി ചൂണ്ടിക്കാട്ടി.
വാക്‌സിൻ എടുക്കുന്നത് വഴി കുട്ടികൾക്ക് തിരികെ സ്കൂളുകളിലേക്ക് മടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മക്കർട്നി പറഞ്ഞു.
ഒരു മില്യൺ മൊഡേണ വാക്‌സിൻ ഡോസുകൂടി ഫെഡറൽ സർക്കാർ വാങ്ങിയിട്ടുണ്ട്. ഇതോടെ സെപ്റ്റംബറിൽ ഫൈസർ വാക്‌സിന്റെയും മോഡേണ വാക്‌സിന്റെയും 11 മില്യണിലേറെ ഡോസുകൾ കൂടി രാജ്യത്തെത്തുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു.
കടപ്പാട്: SBS മലയാളം