ഓസ്ട്രേലിയയിലെ ആദ്യ മൊബൈൽ വാക്സിനേഷൻ ഹബ് ഉൾനാടൻ വിക്ടോറിയയിലേക്ക്
ഉൾനാടൻ വിക്ടോറിയയിലുള്ളവർക്ക് വാക്സിൻ വിതരണം ചെയ്യാനായി ഓസ്ട്രേലിയയിലെ ആദ്യ മൊബൈൽ വാക്സിനേഷൻ ഹബ് ബുധനാഴ്ച പ്രവർത്തനം ആരംഭിക്കും.
വിക്ടോറിയയിലെ വാക്സിനേഷൻ പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് മൊബൈൽ വാക്സിനേഷൻ ഹബ് ആരംഭിക്കുന്നത്.
ഉൾനാടൻ വിക്ടോറിയയിൽ ഐസൊലേഷനിൽ കഴിയുന്നവർക്കും, ഭിന്നശേഷിക്കാർക്കും ഈ മൊബൈൽ വാക്സിനേഷൻ ഹബിൽ വാക്സിൻ സ്വീകരിക്കാം.
ഇതിനായി എല്ലാ സംവിധാനങ്ങളോടും കൂടിയ ഒരു ബസാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. ഓസ്ട്രേലിയയിലെ ആദ്യത്തെ മൊബൈൽ വാക്സിനേഷൻ ഹബാണ് ഇത്.
‘ജാബ ദി ബസ്’ എന്ന് പേരിട്ടിരിക്കുന്ന ബസ് നാളെ (ബുധനാഴ്ച) യാത്ര ആരംഭിക്കും.
എല്ലാ സജ്ജീകരണങ്ങളോടും കൂടി ഉൾനാടൻ വിക്ടോറിയയുടെ വിവിധ ഭാഗങ്ങളിൽ എത്തുന്ന ബസിൽ ഫൈസർ വാക്സിനും ആസ്ട്രസെനക്ക വാക്സിനും വിതരണം ചെയ്യും.
ഗോൽബൻ വാലി ഹെൽത്തിലെ ആരോഗ്യപ്രവർത്തകരാണ് വാക്സിനേഷൻ വിതരണത്തിനായി ബസിൽ സഞ്ചരിക്കുന്നത്.
മൂന്ന് വാക്സിനേഷൻ സ്റ്റേഷനുകളും, വെയ്റ്റിംഗ് സൗകര്യവും ഉള്ള ‘ജാബ ദി ബസ്’, ഷേപ്പാർട്ടൻ, മോയിര, ബെനല്ല, സ്ട്രാത്ബോഗി, മിച്ചൽ, മറൻഡിണ്ടി, കംപാസ്പീ ഷയർ എന്നിവിടങ്ങളിൽ എത്തിയാകും ആദ്യം വാക്സിൻ വിതരണം ചെയ്യുന്നത്.
ഇതുവഴി വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്ത, വിക്ടോറിയയുടെ എല്ലാ ഭാഗത്തുമുള്ളവർക്ക് വാക്സിനേഷനുള്ള അവസരം ലഭിക്കും.
ഉൾനാടൻ വിക്ടോറിയയിലെ ഷേപ്പാർട്ടനിൽ കൊവിഡ് ബാധ പൊട്ടിപ്പുറപ്പെട്ടതോടെ നിരവധി പേരാണ് ഇവിടെ ഐസൊലേഷനിൽ കഴിയുന്നത്.
ഉൾനാടൻ വിക്ടോറിയയിലെ ലോക്ക്ഡൗൺ പിൻവലിക്കുന്ന സാഹചര്യമുണ്ടായാലും, ഷേപ്പാർട്ടന്റെ കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകില്ലെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചിരുന്നു.
സംസ്ഥാനത്ത് 246 കേസുകളാണ് ഇന്ന് (ചൊവ്വാഴ്ച) സ്ഥിരീകരിച്ചത്. ഇതിൽ 90 കേസുകൾ നിലവിലെ രോഗബാധയുമായി ബന്ധമുള്ളതാണ്.
കടപ്പാട്: SBS മലയാളം