വിക്ടോറിയയിൽ അന്തരീക്ഷത്തിലേക്ക് ബലൂണുകൾ പറത്തിവിട്ടാൽ 82000 ഡോളർ വരെ പിഴ

വിക്ടോറിയയിൽ ഇനി മുതൽ അന്തരീക്ഷത്തിലേക്ക് ബലൂണുകൾ പറത്തിവിട്ടാൽ പിഴ നൽകേണ്ടിവരും. വ്യക്തികൾക്ക് 16,522 ഡോളർ വരെയും സ്ഥാപനങ്ങൾക്ക് 82,610 ഡോളർ വരെയുമാണ് പിഴ.

വിക്ടോറിയയിലെ പരിസ്ഥിതി സംരക്ഷണ അതോറിറ്റി (EPA) ആണ് അന്തരീക്ഷത്തിലേക്ക് ബലൂൺ പറത്തുന്നതിന് പിഴ ഈടാക്കുമെന്ന് അറിയിച്ചത്.

അന്തരീക്ഷത്തിലേക്ക് പറത്തിവിടുന്ന ബലൂണുകൾ പരിസ്ഥിതിക്കും വന്യമൃഗങ്ങൾക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് EPA നിയന്ത്രണം ഏർപ്പെടുത്തിയത്.

സംസ്ഥാനത്ത് പരിസ്ഥിതിമലിനീകരണം തടയാൻ ജൂലൈ ഒന്ന് മുതൽ EPA ക്ക് കൂടുതൽ അധികാരം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഈ പുതിയ നിയന്ത്രണം.

അന്തരീക്ഷത്തിലേക്ക് ഒരു ഹീലിയം ബലൂൺ പറത്തുന്ന വ്യക്തികൾക്ക് 991 ഡോളറും കമ്പനികൾക്ക് 4,956 ഡോളറുമാണ് പിഴ.

എന്നാൽ, ഒരു കൂട്ടം ബലൂണുകളാണ് പറത്തുന്നതെങ്കിൽ പിഴയുടെ കാഠിന്യവും കൂടുതലാണ്. ഇത്തരത്തിൽ നിരവധി ബലൂണുകൾ ഒരുമിച്ച് പറത്തുന്ന വ്യക്തികൾക്കും കമ്പനികൾക്കും യഥാക്രമം 16,522 ഡോളറും 82,610 ഡോളറുമാണ് പിഴ.

അന്തരീക്ഷത്തിൽ പറത്തിവിടുന്ന ബലൂണുകൾ പലയിടങ്ങളിൽ ചെന്ന് വീഴുന്നതോടെ മൃഗങ്ങൾ ഇവ ഭക്ഷിക്കാൻ ഇടവരികയും, അപകടങ്ങൾ സംഭവിക്കുകയും ചെയ്യാമെന്ന് EPA വ്യക്തമാക്കി. മാത്രമല്ല, ഇത്തരം ബലൂണുകളുടെ റിബണുകളിൽ കുരുങ്ങി വന്യമൃഗങ്ങൾക്ക് മുറിവേൽക്കുകയും ചെയ്യാം.

കടലിൽ പൊങ്ങിക്കിടക്കുന്ന ബലൂണുകൾ കടലാമകളും മറ്റും ഭക്ഷിക്കാൻ സാധ്യതയുണ്ടെന്നും EPA ചൂണ്ടിക്കാട്ടി.

അതിനാൽ കെട്ടിടത്തിന് പുറത്തുള്ള ആഘോഷങ്ങളിൽ കഴിയുന്നതും ബലൂണുകൾ ഒഴിവാക്കണമെന്നും, പകരം പരിസ്ഥിതി മലിനമാക്കാത്ത വസ്തുക്കൾ ഉപയോഗിക്കണമെന്നും EPA പറഞ്ഞു.

അതേസമയം, ബലൂണുകൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ അവ പറന്ന് പോകാത്ത വിധത്തിൽ സൂക്ഷിക്കണമെന്നും പരിസ്ഥിതി സംരക്ഷണ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

കടപ്പാട്: SBS മലയാളം

Related Articles

Back to top button