വിക്ടോറിയയിൽ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി
കൊവിഡ്ബാധ കൂടിയതോടെ സൗത്ത് ഓസ്ട്രേലിയയിൽ ഒരാഴ്ചത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. വിക്ടോറിയയിലെ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് നീട്ടുന്നതായി സർക്കാർ പ്രഖ്യാപിച്ചു.
ഡെൽറ്റ വേരിയന്റ് കൊറോണവൈറസ് ഓസ്ട്രേലിയയുടെ കൂടുതൽ ഭാഗങ്ങളിൽ ആശങ്ക പടർത്തുന്ന സാഹചര്യത്തിൽ, സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി.
ക്വീൻസ്ലാന്റിൽ ഒരാൾക്ക് പ്രാദേശിക രോഗബാധ സ്ഥിരീകരിക്കുകയും, സൗത്ത് ഓസ്ട്രേലിയയിൽ പ്രാദേശിക രോഗബാധ അഞ്ചായി ഉയരുകയും ചെയ്തതിനു പിന്നാലെയാണ് നിയന്ത്രണങ്ങൾ കടുക്കുന്നത്.
വിക്ടോറിയയിൽ ലോക്ക്ഡൗൺ ഒരാഴ്ചകൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചു.
ചൊവ്വാഴ്ച വൈകിട്ട് വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ രോഗബാധ നിയന്ത്രിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും അതിനാൽ ചീഫ് ഹെൽത്ത് ഓഫീസറുടെ ഉപദേശ പ്രകാരം ഒരാഴ്ചകൂടി ലോക്ക്ഡൗൺ നീട്ടുകയാണെന്നും പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് അറിയിച്ചു.
13 പുതിയ കേസുകളാണ് ചൊവ്വാഴ്ച സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചത്. ഇതിൽ ഒരു കേസിന്റെ സ്രോതസ് വ്യക്തമായിട്ടില്ല.
സിഡ്നിയിൽ നിലവിലുള്ള സാഹചര്യം വിക്ടോറിയയിലുമുണ്ടാകാൻ ആഗ്രഹിക്കുന്നില്ലെന്നും, അതിനാലാണ് ലോക്ക്ഡൗൺ ദീർഘിപ്പിക്കുന്നതെന്നും പ്രീമിയർ പറഞ്ഞു.
വിക്ടോറിയ-NSW അതിർത്തി ചൊവ്വാഴ്ച രാത്രി മുതൽ അടയ്ക്കുകയും ചെയ്യും. അവശ്യമേഖലാ ജീവനക്കാർക്കും, മാനുഷിക പരിഗണന വേണ്ട സാഹചര്യങ്ങളിലും മാത്രമാകും പ്രവേശനം അനുവദിക്കുക.
റെഡ് സോൺ പെർമിറ്റ് ഉപയോഗിച്ചുള്ള പ്രവേശനവും താൽക്കാലികമായി നിർത്തിവയ്ക്കും.
സൗത്ത് ഓസ്ട്രേലിയയിൽ പ്രാദേശിക രോഗബാധ അഞ്ചായി ഉയർന്നതോടെ ഒരാഴ്ചത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
നേരത്തേ രോഗം ബാധിച്ചിരുന്നവർ സന്ദർശിച്ച ഒരു റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചയാൾക്കാണ് വൈറസ്ബാധ കണ്ടെത്തിയത്. ഇത് കൂടുതൽ ആശങ്ക പടർത്തുന്നുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് ആറു മണി മുതലാണ് ലോക്ക്ഡൗൺ.
അഞ്ചു സാഹചര്യങ്ങളിൽ മാത്രമേ സംസ്ഥാനത്തുള്ളവർക്ക് വീടിന് പുറത്തിറങ്ങാൻ അനുവാദമുണ്ടാകൂ.
ഉറ്റവരുടെ പരിചരണത്തിന്, അവശ്യജോലിക്കായി, അവശ്യസാധനങ്ങളോ ഭക്ഷണമോ വാങ്ങാൻ, ചികിത്സയ്ക്കും വാക്സിനേഷനുമായി, വ്യായാമത്തിന് (സ്വന്തം വീട്ടിലുള്ളവർക്കൊപ്പം മാത്രം) എന്നീ സാഹചര്യങ്ങളിലാണ് പുറത്തിറങ്ങാൻ കഴിയുക.
സ്കൂളുകൾ വീട്ടിൽ നിന്നുള്ള പഠനത്തിലേക്ക് മാറും. നിർമ്മാണപ്രവർത്തനങ്ങളും അനുവദിക്കില്ല.
കടപ്പാട്: SBS മലയാളം