ഏജ്ഡ് കെയർ ജീവനക്കാർക്ക് കൊവിഡ് വാക്സിൻ നിർബന്ധമാക്കി

ഓസ്ട്രേലിയയിലെ എല്ലാ ഏജ്ഡ് കെയർ ജീവനക്കാരും കൊവിഡ് വാക്സിനെടുക്കുന്നത് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചു. പ്രായപൂർത്തിയായ ആർക്കും സ്വന്തം ഇഷ്ടപ്രകാരം ആസ്ട്ര സെനക്ക വാക്സിനെടുക്കുന്നതിന് അനുവാദം നൽകുകയും ചെയ്തു.

ഓസ്ട്രേലിയയിൽ വീണ്ടും കൊറോണവൈറസ് ബാധ ഭീതി പടർത്തുന്ന സാഹചര്യത്തിലാണ് വാക്സിനേഷൻ സംബന്ധിച്ച് പുതിയ നിബന്ധനകൾ കൊണ്ടുവരാൻ ദേശീയ ക്യാബിനറ്റ് തീരുമാനിച്ചത്.

വാക്സിനേഷൻ നടപടികൾ കൂടുതൽ ത്വരിതപ്പെടുത്തണമെന്ന് വ്യാപകമായ ആവശ്യമുയരുകയും ചെയ്തിരുന്നു.

ഏജ്ഡ് കെയർ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും വാക്സിനേഷൻ നിർബന്ധമാക്കുന്നതാണ് ഏറ്റവും പ്രധാന തീരുമാനം.

ഏജ്ഡ് കെയറുകളിൽ ജോലി ചെയ്യുന്ന നല്ലൊരു ഭാഗം ജീവനക്കാർ വാക്സിനെടുക്കാൻ തയ്യാറാകുന്നില്ലെന്ന് നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

വാക്സിനേഷന്റെ ആദ്യഘട്ടം പൂർത്തിയാക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരമൊരു നടപടി എന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു.

ലഘുവായ രീതിയിലെടുത്ത തീരുമാനമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു നാളുകളായി ഇക്കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നു.

രാജ്യത്ത് കൊവിഡ് വാക്സിനേഷൻ നിർബന്ധമാക്കില്ല എന്നായിരുന്നു സർക്കാർ ആദ്യം പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ, സംസ്ഥാനസർക്കാരുകളും ഫെഡറൽ സർക്കാരും പുറപ്പെടുവിക്കുന്ന ഉത്തരവുകളുടെ സഹായത്തോടെ, സെപ്റ്റംബർ പകുതിയോടെ എല്ലാ ഏജ്ഡ് കെയർ ജീവനക്കാർക്കും വാക്സിനേഷൻ പൂര്ത്തിയാക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

വാക്സിനെടുക്കുന്ന ജീവനക്കാർക്ക് അതിനെത്തുടർന്ന് ജോലിയിൽ നിന്ന് മാറിനിൽക്കേണ്ടി വന്നാൽ സഹായമെത്തിക്കാൻ 11 മില്യൺ ഡോളർ പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്.

കടപ്പാട്: SBS മലയാളം

Related Articles

Back to top button