അന്വേഷണ റിപ്പോര്‍ട്ടില്‍ തൃപ്തിയില്ലെന്ന് ഐശ്വര്യയുടെ മാതാപിതാക്കള്‍
പെര്‍ത്തില്‍ ആശുപത്രിയില്‍ മലയാളി പെണ്‍കുട്ടി മരിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് അപൂര്‍ണവും പരസ്പരവിരുദ്ധവുമാണെന്ന് മാതാപിതാക്കള്‍ പ്രതികരിച്ചു. ഉത്തരങ്ങളേക്കാളേറെ ചോദ്യങ്ങളാണ് ഇനിയും ബാക്കിയുള്ളതെന്നും, സമഗ്രമായ ഒരു സ്വതന്ത്ര അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഏപ്രില്‍ മൂന്നിന് പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയുടെ എമര്‍ജന്‍സി വാര്‍ഡില്‍ രണ്ടു മണിക്കൂറോളം ചികിത്സ കിട്ടാതെ കാത്തിരുന്ന ശേഷമാണ് ഐശ്വര്യ അശ്വത് എന്ന ഏഴുവയസുകാരി മരിച്ചത്.
കടുത്ത വീഴ്ചയാണ് ആശുപത്രിയുടെ ഭാഗത്തു നിന്ന് സംഭവിച്ചത് എന്ന് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്ന് പറഞ്ഞ സംസ്ഥാന ആരോഗ്യവകുപ്പ്, ഐശ്വര്യയുടെ മാതാപിതാക്കളോട് മാപ്പ് പറയുകയും ചെയ്തു.
എന്നാല്‍ മാപ്പു പറയുന്നതുകൊണ്ടുമാത്രം കാര്യമില്ലെന്നും, പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുകയാണ് വേണ്ടതെന്നും ഐശ്വര്യയുടെ അച്ഛന് അശ്വതും അമ്മ പ്രസീതയും പ്രതികരിച്ചു.
ഐശ്വര്യയ്ക്ക് ചികിത്സ അഭ്യര്‍ത്ഥിച്ചപ്പോള്‍ കടുത്ത അവഗണന മാത്രമാണ് ആശുപത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടായത്. അതേക്കുറിച്ച് ഒരു ഉത്തരം പോലും ഈ റിപ്പോര്‍ട്ടിലില്ലെന്ന് അശ്വത് പറഞ്ഞു.
‘ഞങ്ങള്‍ ആവശ്യപ്പെട്ട ഒരു ചോദ്യത്തിനും ഉത്തരം കിട്ടിയിട്ടില്ല. ചോദ്യങ്ങള്‍ മാത്രമാണ് ഇപ്പോഴും ബാക്കി,’ പ്രസീത ശശിധരന് ചൂണ്ടിക്കാട്ടി.
കടപ്പാട്: SBS മലയാളം