NSWല്‍ മരിച്ച മലയാളിയുടെ സ്മരണയില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുമായി സുഹൃത്തുക്കള്‍
ബാഡ്മിന്റണ്‍ കോര്‍ട്ടുകളില്‍ സജീവമായിരുന്ന പ്രിയ സുഹൃത്തിന്റെ ഓര്‍മ്മപുതുക്കാന്‍, കോര്‍ട്ടിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ് NSWലെ പോര്‍ട്ട് മക്വാറിയിലുള്ള മലയാളി സമൂഹം.
കഴിഞ്ഞ വര്‍ഷം അന്തരിച്ച മെജോ വര്‍ഗീസിന്റെ ഓര്‍മ്മയ്ക്കായി പോര്‍ട്ട് മക്വാറി മലയാളികള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.
2020 ഏപ്രിലിൽ 25നാണ് ന്യൂ സൗത്ത് വെയിൽസിലെ പോർട്ട് മക്വാറിയിലുള്ള മെജോ വർഗീസ് ഹൃദയാഘാതത്തെത്തുടർന്ന് മരണമടഞ്ഞത്.
ഓസ്‌ട്രേലിയയില്‍ കൊവിഡ് ബാധ രൂക്ഷമായിത്തുടങ്ങിയ സമയത്തായിരുന്നു മെജോയുടെ അപ്രതീക്ഷിതമായ മരണം. കൊവിഡ് യാത്രാ വിലക്ക് നിലനിന്നിരുന്ന സമയമായിരുന്നതിനാൽ പോർട്ട് മക്വറിയിലെ മലയാളി സമൂഹത്തിന്റെ സഹായത്തോടെയാണ് അങ്കമാലി സ്വദേശിയായ ഇദ്ദേഹത്തിന്റെ മൃതദേഹം കേരളത്തിലെത്തിച്ചത്.
പോർട്ട് മക്വാറി മലയാളികൾക്കിടയിൽ സജീവമായ ബാഡ്മിന്റൺ കളിക്കാരനായിരുന്നു മെജോ. ഇദ്ദേഹത്തിന്റെ മരണാനന്തരം ഇവിടുത്തെ മലയാളി സമൂഹം ചേർന്ന് മെജോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് തുടക്കമിട്ടിരുന്നു.
ക്ലബിന്റെ ആദ്യ പരിപാടിയായാണ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചത്. മെജോ മരണമടഞ്ഞതിന്റെ ഒന്നാം വാർഷികമായ ഏപ്രിൽ 25ന് പോർട്ട് മക്വാറി മലയാളികൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
പോർട്ട് മക്വാറി ഇൻഡോർ സ്പോർട്സ് സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ വിവിധ നഗരങ്ങളിൽ നിന്നുള്ള എട്ട് ടീമുകളാണ് പങ്കെടുത്തതെന്ന് മെജോയുടെ സുഹൃത്തായ ഷിജോ പി ജോസ് പറഞ്ഞു.
മെജോയ്ക്ക് ഏറ്റവും പ്രിയപ്പെട്ട കായികവിനോദമായിരുന്നു ബാഡ്മിന്റൺ എന്നും അതിനാലാണ് അദ്ദേഹത്തിന്റെ ഓർമയ്ക്കായി ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചതെന്നും ഷിജോ പറഞ്ഞു.
മത്സരത്തിൽ കോഫ്സ് ഹാർബർ ടീമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
മെജോയുടെ അഞ്ച് വയസുകാരനായ മകൻ ജോൺസ് മെജോ വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകി.
മെജോയുടെ സുഹൃത്തുക്കളായ സെയ്ൻ കാരിക്കൽ, ഡോ റോഷൻ എബ്രഹാം എന്നിവരാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയതെന്ന് ഷിജോ പറഞ്ഞു.
മെജോയുടെ ഭാര്യ സൗമ്യ മെജോ, ഇളയ കുട്ടി ജുവൽ, ഭാര്യാമാതാവ്, മെജോ ജോലിചെയ്തിരുന്ന യുനൈറ്റിംഗ് മിംഗലറ്റ ഏജ്ഡ് കെയറിന്റെ മാനേജർ ടാര ഷെഫീൽഡ്, മെജോയുടെ സുഹൃത്തും കെംപ്‌സി പള്ളിയിലെ വൈദികനുമായ ഫാ ജെയിംസ് ഫോർസ്റ്റർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
കടപ്പാട്: SBS മലയാളം