വിക്ടോറിയ പൊലീസിനെതിരെ മലയാളി ഡോക്ടര്‍ മാനനഷ്ടക്കേസ് നല്‍കി
മോഷണക്കേസുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ തെറ്റായി ചിത്രം പ്രസിദ്ധീകരിച്ചെന്നും, അന്യായമായി അറസ്റ്റ് ചെയ്‌തെന്നും ആരോപിച്ച് വിക്ടോറിയ പൊലീസിനെതിരെ മലയാളി ഡോക്ടര്‍ മാനനഷ്ടക്കേസ് നല്‍കി. മെല്‍ബണിലുള്ള ഡോക്ടര്‍ പ്രസന്നന്‍ പൊങ്കാനപ്പറമ്പിലാണ് കേസ് നല്‍കിയിരിക്കുന്നത്.
മദ്യവില്പന ശാലയിൽ നിന്ന് വൈൻ ബോട്ടിൽ മോഷ്ടിച്ചുവെന്ന് ആരോപിച്ചുള്ള പൊലീസ് നടപടിക്കെതിരെയാണ് ഡോക്ടർ പ്രസന്നൻ കോടതിയിൽ കേസ് നൽകിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രസിദ്ധീകരിച്ചതിലൂടെ മാനഹാനി നേരിട്ടുവെന്നും കാരണമില്ലാതെ തടവിലാക്കിയെന്നുമാണ് പരാതി.
ലട്രോബ് റീജിയണൽ ആശുപത്രിയിൽ റീഹാബിലിറ്റേഷൻ വിഭാഗത്തിന് നേതൃത്വം നൽകുന്ന ഡോക്ടറാണ് പ്രസന്നൻ.
2020 മേയ് മാസത്തില്‍ മെൽബണിന്റെ തെക്കുകിഴക്കുള്ള പാക്കൻഹാം പോലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിനെതിരെയാണ് അദ്ദേഹം കേസ് നൽകിയിരിക്കുന്നത്.
ഒരു മദ്യവില്‍പനശാലയില്‍ നിന്ന് വൈന്‍ ബോട്ടില്‍ മോഷ്ടിച്ചു എന്ന കേസില്‍ CCTV ദൃശ്യങ്ങള്‍ പൊലീസിന്റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന വ്യക്തിയാണെന്നും, തിരിച്ചറിയുന്നവര്‍ ക്രൈം സ്റ്റോപ്പേഴ്‌സിനെ ബന്ധപ്പെടണമെന്നും നിര്‍ദ്ദേശിച്ചുകൊണ്ട് ഡോ. പ്രസന്നന്‌റെ ചിത്രമാണ് പൊലീസ് പ്രസിദ്ധീകരിച്ചത്.
ചിത്രത്തില്‍ കാണുന്ന വ്യക്തി താനാണെന്ന് അറിയിച്ചുകൊണ്ട് പൊലീസിനെ നേരില്‍ ബന്ധപ്പെട്ടെങ്കിലും, ഉടന്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഏകദേശം 48 മണിക്കൂറിനു ശേഷമാണ് ഫോട്ടോ നീക്കം ചെയ്തത്. അതിന് മുമ്പു തന്നെ കുറഞ്ഞത് 77 തവണ ഈ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു എന്ന് പരാതിയില്‍ പറയുന്നു.
ഡോക്ടര്‍ പ്രസന്നന്‍ മോഷണം നടത്തിയെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ഈ പോസ്‌റ്റെന്നും, അത് മാനഹാനിയുണ്ടാക്കി എന്നും കേസില്‍ അദ്ദേഹം ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത് ഒരാഴ്ച കഴിഞ്ഞു മാത്രമാണ് പൊലീസ് ഉദ്യോഗസ്ഥരുമായി നേരിട്ട് സംസാരിക്കാന്‍ ഡോക്ടര്‍ പ്രസന്നന് അവസരം ലഭിച്ചത്.
കുടുംബത്തിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ ഡോ. പ്രസന്നനെ, പൊലീസ് വാനിന്റെ പിന്നിലുള്ള അടച്ചിട്ട ഭാഗത്ത് നിലത്തിരുത്തി എന്നാണ് ആരോപണം.
സീറ്റ് ബെല്‍റ്റിടാതെ പൊലീസ് വാന്‍ സ്റ്റേഷന്റെ ഗാരേജിലേക്ക് കൊണ്ടുപോയി. അഞ്ചു മിനിട്ടോളം വാനിനുള്ളിൽ അടച്ചിട്ടതായാണ് പരാതി. അതിനു ശേഷം 19 മിനിട്ടോളം പൊലീസ് ഡോക്ടറെ ചോദ്യം ചെയ്തു എന്നും പരാതിയില്‍ പറയുന്നു.
ചോദ്യം ചെയ്യലിനു ശേഷം പൊലീസ് സ്റ്റേഷനില്‍ നിന്ന് ഡോക്ടറെ വിട്ടയച്ചു എന്നാണ് ഇതില്‍ ചൂണ്ടിക്കാട്ടുന്നത്.
നിയമവിരുദ്ധമായ അറസ്റ്റായിരുന്നു ഇതെന്നും, വിക്ടോറിയന്‍ ക്രിമിനല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണ് പൊലീസ് ഓഫീസര്‍മാര്‍ പെരുമാറിയതെന്നും പരാതിയില്‍ ഡോ. പ്രസന്നന്‍ ചൂണ്ടിക്കാട്ടി.
കേസ് കോടതിയിലായതിനാല്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ നല്‍കാനാവില്ലെന്നും, എന്നാല്‍ പ്രാഥമിക അന്വേഷണം പോലുമില്ലാതെ ഒരാളുടെ ചിത്രം ഫേസ്ബുക്കില്‍ പ്രസിദ്ധീകരിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ഡോ. പ്രസന്നന് വേണ്ടി കേസ് നല്‍കിയ ഒ’ബ്രയന്‍ ക്രിമിനല്‍ & സിവില്‍ സോളിസിറ്റേഴ്‌സ് പറഞ്ഞു.
കുറ്റം തെളിയിക്കുന്നതുവരെ നിരപരാധിയായി കണക്കാക്കപ്പെടാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അഭിഭാഷകര്‍ പറഞ്ഞു.
വിക്ടോറിയ പൊലീസിന്റെ നടപടി ഡോ. പ്രസന്നനും കുടുംബത്തിനും കടുത്ത മാനസിക ആഘാതമുണ്ടാക്കിയെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ പ്രതികരിക്കാനാവില്ലെന്ന് വിക്ടോറിയ പൊലീസ് വക്താവ് പറഞ്ഞു.
കടപ്പാട്: SBS മലയാളം