മലയാളി ബാലികയുടെ മരണം: കൂടുതൽ നഴ്സുമാരെ നിയമിക്കണമെന്ന് യൂണിയൻ

എമര്‍ജന്‍സി വാര്‍ഡില്‍ ഏഴു വയസുള്ള മലയാളി ബാലിക മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയുടെ പ്രവര്‍ത്തനം നവീകരിക്കണമെന്നാവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ നഴ്‌സിംഗ് ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിന് നിവേദനം നല്‍കി.

പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ ചികിത്സക്കായി രണ്ടു മണിക്കൂറോളം കാത്തിരിക്കേണ്ടിവന്ന ഏഴു വയസുകാരി ഐശ്വര്യ അശ്വത് കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്.

സ്ഥിതി വഷളാകുന്ന കാര്യം അച്ഛനും അമ്മയും പല തവണ ചൂണ്ടിക്കാണിച്ചിട്ടും വേണ്ടത്ര പരിചരണം ലഭിച്ചില്ല എന്നാണ് ആരോപണം.

എമര്‍ജന്‍സി വാര്‍ഡില്‍ മതിയായ ജീവനക്കാരില്ലാത്തതാണ് ഈ ദാരുണസംഭവത്തിലേക്ക് നയിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ചില്‍ഡ്രന്‍സ് ആശുപത്രിയിലെ ജീവനക്കാര്‍ തന്നെ വിവിധ മാധ്യമങ്ങളില്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു.

എന്നാല്‍, ആരോഗ്യവകുപ്പ് നടത്തുന്ന അന്വഷണത്തിനു ശേഷം മാത്രമേ ഇതേക്കുറിച്ച് വ്യക്തമായി എന്തെങ്കിലും പറയാന്‍ കഴിയൂ എന്ന് സംസ്ഥാന ആരോഗ്യമന്ത്രി റോജര്‍ കുക്ക് അറിയിച്ചു.

നാലു മുതല്‍ ആറ് ആഴ്ച വരെ ഈ അന്വേഷണം പൂര്‍ത്തിയാക്കാന്‍ വേണ്ടിവരും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

എന്നാല്‍ അന്വേഷണത്തിലെ ഈ കാലതാമസത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.

ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുന്ന രീതിയില്‍ ഒരു സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് സംസ്ഥാന ലിബറല്‍ ഉപനേതാവ് ലിബ്ബി മെറ്റം ആവശ്യപ്പെട്ടു.

പ്രവര്‍ത്തനരീതി പരിഷ്‌കരിക്കണമെന്ന് നഴ്‌സിംഗ് യൂണിയന്‍

ഐശ്വര്യയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രിയുടെ പ്രവര്‍ത്തനരീതിയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ നഴ്‌സിംഗ് ഫെഡറേഷന്‍ പത്തിന നിര്‌ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.

സംസ്ഥാന ആരോഗ്യമന്ത്രി റോജര്‍ കുക്കിനാണ് ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ജീവനക്കാര്‍ കുറവായതാണ് ഐശ്വര്യയുടെ മരണത്തിലേക്ക് നയിച്ചത് എന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് നഴ്‌സിംഗ് ഫെഡറേഷന്‍ നല്കിയത്.

ഓരോ മൂന്നു രോഗികള്‍ക്കും ഒര് നഴ്‌സ് എന്ന അനുപാതം ഉറപ്പുവരുത്തണം എന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.

അതിനായി അടിയന്തര റിക്രൂട്ട്‌മെന്റ് നടത്തണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

ഷിഫ്റ്റ് കോ-ഓര്‍ഡിനേറ്റര്‍മാരെയും, ട്രയാജ് നഴ്‌സുമാരെയും ഈ അനുപാതത്തില്‍ ഉള്‍പ്പെടുത്തരുത്, എമര്‍ജന്‍സിയിലെ സ്റ്റാഫ് ഡെവലെപ്പ്‌മെന്റ് നഴ്‌സുമാരുടെ എണ്ണം ഇരട്ടിയാക്കുക, പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കുക, വ്യക്തമായ പരിശീലനം കിട്ടിയ സെക്യൂരിറ്റി ജീവനക്കാരെ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ നിയോഗിക്കുക തുടങ്ങിയ നിര്‌ദ്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ഈ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായും, ഇവ പരിശോധിക്കുമെന്നും മന്ത്രി റോജര്‍ കുക്ക് പറഞ്ഞു.

പുതുതായി 119 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന കാര്യം ഇതിനകം തന്നെ ആശുപത്രി അധികൃതര്‍ പ്രഖ്യാപിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കടപ്പാട്: SBS മലയാളം

Related Articles

Back to top button