ഇന്ത്യൻ വംശജ പൊള്ളലേറ്റു മരിച്ച കേസ്: ഭർത്താവ് കുറ്റക്കാരനല്ലെന്ന് വിധി

സിഡ്‌നിയിലെ വീട്ടിൽ ഇന്ത്യൻ വംശജയായ 32 കാരി പൊള്ളലേറ്റു മരിച്ച കേസിൽ പ്രതിയായിരുന്ന ഭർത്താവ് കുറ്റക്കാനല്ലെന്ന് ജൂറി വിധിച്ചു. രണ്ട് വിചാരണക്കൊടുവിലാണ് ഇയാളെ കുറ്റവിമുക്തനാക്കുന്നത്.

ന്യൂ സൗത്ത് വെയിൽസ് സുപ്രീം കോടതിയിൽ വിചാരണ പൂർത്തിയായശേഷം മൂന്ന് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് ചൊവ്വാഴ്ച ഇത് സംബന്ധിച്ച ജൂറിയുടെ വിധി.

സിഡ്‌നിയിലെ റൗസ് ഹില്ലിൽ 2013 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഇന്ത്യൻ വംശജയായ പർവിന്ദർ കൗർ, ഇവർ താമസിച്ചിരുന്ന വീട്ടിൽ അഗ്നിക്കിരയാവുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പർവിന്ദറിന്റെ ഭർത്താവ് കുൽവിന്ദർ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തിരുന്നു. കുൽവിന്ദറാണ് ഭാര്യയെ ഇന്ധനമൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയതെന്നായിരുന്നു കേസ്.

കേസിൽ വാദം കേട്ട 12 അംഗ ജൂറിയാണ് കുൽവിന്ദർ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയത്.

ഭാര്യ മരിച്ച് ഏഴു വർഷങ്ങൾക്ക് ശേഷമാണ് 42 കാരനായ കുൽവിന്ദറിന്റെ കേസിലെ വിധി.

2013 ഡിസംബർ രണ്ടിന് ഉച്ചതിരിഞ് രണ്ട് മണിയോടെ ശരീരത്തിൽ തീ പടർന്നുപിടിച്ച പർവിന്ദർ ഡ്രൈവ് വെയിലൂടെ അലറിവിളിച്ച് ഓടുന്നത് അയൽക്കാർ കണ്ടിരുന്നു.

ശരീരത്തിൽ 90 ശതമാനം പൊള്ളലേറ്റ പർവിന്ദർ പിറ്റേന്ന് ആശുപത്രിൽ വച്ച് മരണമടയുകയായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ കൺപോളയിലും നെറ്റിയിലും മുറിവുകൾ കണ്ടെത്തിയിരുന്നു. ശരീരത്തിലേറ്റ രണ്ട് ശക്തമായ ആഘാതങ്ങളാകാം ഈ മുറിവുകൾക്ക് കാരണമെന്നാണ് ഫോറൻസിക് അധികൃതർ വെളിപ്പെടുത്തിയത്.

ഭാര്യയുടെ ശരീരത്തിൽ ഇന്ധനം ഒഴിച്ച ശേഷം തീകത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു കുൽവിന്ദർ എന്നാണ് വിചാരണയിൽ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

കേസിൽ രണ്ട് തവണ കോടതി വിചാരണ നടത്തിയിരുന്നു. 2019ൽ നടന്ന വിചാരണയിൽ ജൂറിക്ക് അന്തിമ വിധി നൽകാൻ കഴിഞ്ഞില്ല.

ഇതേത്തുടർന്നാണ് രണ്ടാമത്തെ വിചാരണ നടന്നത്. കുൽവിന്ദറിന്റെയും പർവിന്ദറിന്റെയും ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ വീട്ടിലെ ലോൺഡ്രിയിൽ നിന്ന് കണ്ടെടുത്ത പെട്രോൾ നിറച്ചിരുന്ന ടിന്നിൽ കുൽവിന്ദറിന്റെ ഡി എൻ എ യോ വിരലടയാളമോ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും മറിച്ച് പർവിന്ദറിന്റെ വിരലടയാളം കണ്ടെത്തുകയും ചെയ്‌തെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

പർവിന്ദർ സ്വയം തീകൊളുത്തുകയായിരുന്നെന്നും കുൽവിന്ദർ കൊലപാതകിയല്ലെന്നും വിധിപ്രസ്താവത്തിൽ പ്രതിഭാഗം വക്കീൽ വാദിച്ചു.

കേസിൽ കുൽവിന്ദർ നേരത്തെ കുറ്റം നിഷേധിച്ചിരുന്നു.

കടപ്പാട്: SBS മലയാളം

Related Articles

Back to top button