ബ്രിസ്‌ബൈനിൽ എട്ട് പുതിയ കേസുകൾ
ബ്രിസ്‌ബൈനിലെ കൊവിഡ് ക്ലസ്റ്ററിൽ എട്ടു പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് മുൻനിര ആരോഗ്യ പ്രവർത്തകർക്ക് വാക്‌സിനേഷൻ നിർബന്ധമാക്കുമെന്ന് ചീഫ് ഹെൽത്ത് ഓഫീസർ ഡോ ജാനെറ്റ് യംഗ് പറഞ്ഞു.
ബ്രിസ്‌ബൈനിൽ ലോക്ക്ഡൗൺ തുടങ്ങി ആദ്യ ദിവസമായ ചൊവ്വാഴ്ച എട്ടു പേർക്കാണ് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലായവരാണ് ആറ് പുതിയ രോഗബാധിതർ. എന്നാൽ രണ്ട് കേസുകളുടെ ഉറവിടം കണ്ടെത്തിയിട്ടില്ല.
സംസ്ഥാനത്ത് ഇപ്പോൾ രണ്ട് വ്യത്യസ്ത ക്ലസ്റ്ററുകൾ രൂപപ്പെട്ടതായി പ്രീമിയർ അനസ്താഷ്യ പലാഷേ പറഞ്ഞു.
ബ്രിസ്‌ബൈനിലെ പ്രിൻസസ് അലക്‌സാൻഡ്ര ആശുപത്രിയുമായി ബന്ധമുള്ളതാണ് ഇവ. ഇതിൽ ഒന്ന് ആശുപത്രിയിലെ ഡോക്ടറിൽ നിന്നും മറ്റൊന്ന് ഇതേ ആശുപത്രിയിലെ നഴ്സിൽ നിന്നുമാണ്.
ഇതോടെ സംസ്ഥാനത്ത് പുതിയ ക്ലസ്റ്ററുകളിലെ രോഗബാധ കുറഞ്ഞത് 15 ആയി. സജ്ജീവമായ 78 കേസുകളാണ് ഇപ്പോൾ ക്വീൻസ്‌ലാന്റിലുള്ളത്.
ആശുപത്രികളിൽ രോഗികളുടെ എണ്ണം കൂടിയത് ആരോഗ്യപ്രവർത്തകരെ കൂടുതൽ സമ്മർദ്ദത്തിലാക്കിയതായി പ്രീമിയർ പറഞ്ഞു. വാക്‌സിനേഷൻ സ്വീകരിച്ചിട്ടില്ലാത്ത പ്രിൻസസ് അലക്‌സാൻഡ്ര ആശുപത്രിയിലെ നഴ്സിനാണ് വൈറസ് ബാധിച്ചത്.
അതിനാൽ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കൊവിഡ് രോഗികളുമായി നേരിട്ട് ഇടപെടുന്ന മുൻനിര ആരോഗ്യ പ്രവർത്തകർക്ക് വാക്‌സിനേഷൻ നിർബന്ധമാക്കാൻ ചീഫ് ഹെൽത്ത് ഓഫീസർ ഉത്തരവിടുമെന്ന് പ്രീമിയർ അറിയിച്ചു.
മാത്രമല്ല ഫൈസർ വാക്‌സിനോ ആസ്ട്ര സെനക്ക വാക്‌സിനോ സ്വീകരിച്ച ആരോഗ്യ പ്രവർത്തകരെ മാത്രമേ നേരിട്ട് കൊവിഡ് രോഗികളെ ശുശ്രൂഷിക്കാൻ അനുവദിക്കുകയുള്ളെവെന്നും ജാനറ്റ് യംഗ് വ്യക്തമാക്കി.
കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ബ്രിസ്‌ബൈനിൽ മൂന്ന് ദിവസത്തേക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. മാസ്ക് ധരിക്കുന്നതും നിർബന്ധമാക്കിയിട്ടുണ്ട്.
എന്നാൽ ലോക്ക്ഡൗൺ നീട്ടുമോ എന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമെടുക്കാൻ കഴിയില്ലെന്നാണ് പ്രീമിയർ അനസ്തഷ്യ പാലാഷേ പറഞ്ഞത്.
ബ്രിസ്‌ബൈനിലെ കൊവിഡ്ബാധയെത്തുടർന്ന് വിവിധ സംസ്ഥാനങ്ങൾ അതിർത്തി നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്.
കടപ്പാട്: SBS മലയാളം