വിക്ടോറിയൻ പ്രീമിയർ ആശുപത്രി വിട്ടു
വീഴ്ചയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിക്ടോറിയൻ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസിനെ വീട്ടിലേക്ക് മാറ്റി. പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാൻ സമയമെടുക്കുമെന്ന് മെഡിക്കൽ സംഘം അറിയിച്ചു.
വീഴ്ചയിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലായിരുന്ന വിക്ടോറിയൻ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് ആശുപത്രി വിട്ടു.കുറച്ചു നാളുകൾ കൂടി അദ്ദേഹം പൂർണ്ണവിശ്രമത്തിൽ തുടരുമെന്നാണ് റിപ്പോർട്ട്.
ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹത്തെ വീട്ടിലേക്ക് മാറ്റിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോണിപ്പടികളിൽ നിന്ന് തെന്നി വീണ ഡാനിയേൽ ആൻഡ്രൂസിനെ തീവ്ര പരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചത്.വീഴ്ചയിൽ വാരിയെല്ലിനും കശേരുക്കൾക്കും ക്ഷതമേറ്റിരുന്നു.
പ്രീമിയറുടെ ആരോഗ്യ പുരോഗതിയിൽ സന്തോഷമുണ്ടെന്ന് അറിയിച്ച മെഡിക്കൽ സംഘം പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്താൻ സമയമെടുക്കുമെന്നും കൂട്ടിച്ചേർത്തു.
ആശുപത്രി വിട്ട ഡാനിയേൽ ആൻഡ്രൂസിന് വീട്ടിലാകും തുടർ ചികിത്സ നൽകുക. ശസ്ത്രക്രിയ പരമാവധി ഒഴിവാക്കി മുന്നോട്ട് പോകുവാനാണ് ഡോക്ടർമാരുടെ ശ്രമം.
പ്രീമിയറുടെ ആരോഗ്യ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് വ്യക്തമാക്കിയ മെഡിക്കൽ സംഘം, സ്ഥിതി മോശമായാൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാമെന്നും കൂട്ടിച്ചേർത്തു.
ശരീരത്തിന്റെ ചലനവും ആരോഗ്യവും വീണ്ടെടുക്കുന്നതിനായി, ഫിസിയോതെറപ്പി അടക്കമുള്ള ചികിത്സകൾ ഉടൻ ആരംഭിക്കും.നട്ടെല്ലിന്റെ ചലനം നിയന്ത്രിക്കുന്നതിനായി ബ്രേസ് ധരിക്കുവാനും ഡാനിയേൽ ആൻഡ്രൂസിനോട് നിർദേശിച്ചിട്ടുണ്ട്.
ചുരുങ്ങിയത് ആറ് ആഴ്ചത്തെ വിശ്രമം ഡാനിയേൽ ആൻഡ്രൂസിന് ആവശ്യമാണെന്ന് മെഡിക്കൽ സംഘത്തെ ഉദ്ധരിച്ച് AAP റിപ്പോർട്ട് ചെയ്തു. എന്നാൽ ശസ്ത്രക്രിയ ആവശ്യമായി വന്നാൽ ഇത് മൂന്നു മാസം വരെ നീണ്ടേക്കാം.
കുറച്ചു നാളുകൾ കൂടി വിക്ടോറിയയുടെ ആക്ടിംഗ് പ്രീമിയറായി തുടരുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച ജെയിംസ് മെർലിനോ, ഏപ്രിൽ നടക്കുന്ന ദേശീയ ക്യാബിനറ്റ് യോഗത്തിൽ ആൻഡ്രൂസിന് പകരമായി പങ്കെടുക്കാനാകുമോ എന്നറിയാൻ ചർച്ചകൾ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി.
കടപ്പാട്: SBS മലയാളം