ഓസ്‌ട്രേലിയൻ സ്കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസ പദ്ധതി വിപുലീകരിക്കും

ഓസ്‌ട്രേലിയൻ സ്കൂളുകളിൽ മെച്ചപ്പെട്ട ലൈംഗിക വിദ്യാഭ്യാസം നല്കാൻ കൂടുതൽ പഠനവിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ഇതിനായുള്ള പഠനസഹായികൾ സ്കൂളുകളിൽ വിതരണം ചെയ്യുമെന്ന് ഫെഡറൽ വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

പ്രെപ് മുതൽ 12 ആം ക്ലാസ് വരെയുള്ള കുട്ടികൾക്കിടയിലാണ് ലൈംഗിക ചൂഷണത്തെക്കുറിച്ച് അവബോധം വളർത്താൻ സർക്കാർ പദ്ധതിയിടുന്നത്.

സമ്മതം, പരസ്പര ബഹുമാനം, ലൈംഗിക ചൂഷണം എന്നീ വിഷയങ്ങളാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.

ഇതിനായുള്ള പഠന സഹായി റെസ്‌പെക്ട് മാറ്റേഴ്സ് ദേശീയ തലത്തിൽ വരുന്ന ആഴ്ചകളിലായി സ്കൂളുകളിൽ വിതരണം ചെയ്യുമെന്ന് ഫെഡറൽ വിദ്യാഭ്യാസ മന്ത്രി അലൻ ടഡ്ജ് അറിയിച്ചു.

ചെറുപ്രായത്തിൽ തന്നെ മെച്ചപ്പെട്ട ലൈംഗിക വിദ്യാഭ്യാസം നൽകണമെന്നാവശ്യപ്പെട്ട് സിഡ്‌നി സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന ചാനെൽ കാൻറ്റോസ്, ടീച് അസ് കൺസന്റ് എന്ന പേരിൽ നിവേദനം സമർപ്പിച്ചിരുന്നു.

കാൻറ്റോസിന്റെ നിവേദനത്തിൽ 30,000ലേറെ പേരാണ് ഒപ്പ് വച്ചിരിക്കുന്നത്. ലൈംഗിക വിദ്യാഭ്യാസം പുനഃപരിശോധനക്ക് വിധേയമാക്കാൻ വിവിധ സംസ്ഥാനങ്ങളെ പ്രേരിപ്പിച്ചിരിക്കുകയാണിത്.

ഇത് സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ക്വീൻസ്ലാൻറ് സ്കൂളുകളിലെ അധ്യാപകർ സ്വാഗതം ചെയ്തു.

22 കാരിയായ കാൻറ്റോസ് തുടങ്ങിയ ഈ നിവേദനത്തിൽ സ്കൂളുകളിൽ നേരിട്ട ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് മൂവായിരം പേർ അവരുടെ അനുഭവങ്ങൾ പങ്കുവച്ചിരുന്നു.

ഇത്തരത്തിലൊരു നിവേദനവുമായി മുൻപോട്ടു വന്ന കാൻറ്റോസിനെ അലൻ ടഡ്ജ് അഭിനന്ദിച്ചു. സ്കൂളുകളിൽ ലൈംഗിക ചൂഷണത്തിനിരയായതിനെക്കുറിച്ച് ഇത്രയും പേരുടെ അനുഭവങ്ങൾ തന്നെ ഞെട്ടിച്ചതായും ടഡ്ജ് പറഞ്ഞു.

കടപ്പാട്: SBS മലയാളം

Related Articles

Back to top button