ഫ്രൂട്ട് ജ്യൂസിന് ഇനി ഡയറ്റ് കോളയേക്കാൾ താഴ്ന്ന റേറ്റിംഗ്

ഫ്രൂട്ട് ജ്യൂസിൽ അമിതമായ പഞ്ചസാരയുടെ അളവ് കണക്കിലെടുത്ത് ഡയറ്റ് കോളയേക്കാൾ താഴ്ന്ന റേറ്റിംഗ് നൽകിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ ഹെൽത് സ്റ്റാർ റേറ്റിംഗ് സംവിധാനം.

ഫ്രൂട്ട് ജ്യൂസിനുള്ള റേറ്റിംഗ് രണ്ട് (2.0) എന്നായി കുറച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ ആൻഡ് ന്യൂസീലാന്റ് മിനിസ്റ്റീരിയൽ ഫോറം ഓൺ ഫുഡ് റെഗുലേഷൻ.

ജ്യൂസുകളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് ആരോഗ്യ റേറ്റിംഗ് നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഓസ്‌ട്രേലിയൻ ആപ്പിൾ ജ്യൂസിന്റെ റേറ്റിംഗ് 2.0 ആയിരിക്കുമെന്നാണ് റിപ്പോർട്ട്. അതേ സമയം ഓസ്‌ട്രേലിയൻ ഓറഞ്ച് ജ്യൂസിന്റെ റേറ്റിംഗ് 2.5 എന്നായി മാറും.

5.0 വരെ ഹെൽത്ത് സ്റ്റാർ റേറ്റിംഗ് ഉണ്ടായിരുന്ന ഫ്രൂട്ട് ജ്യൂസുകളുടെ റേറ്റിംഗാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്.

ഡയറ്റ് കോളയുടെ സ്റ്റാർ റേറ്റിംഗ് 3.5 ആണെങ്കിൽ സോഫ്റ്റ് ഡ്രിങ്കുകൾക്ക് നൽകിയിരിക്കുന്ന റേറ്റിംഗ് 0.5 ആണ്. വെള്ളത്തിന് നൽകിയിരിക്കുന്ന സ്റ്റാർ റേറ്റിംഗ് അഞ്ചും.

ഉപഭോക്താക്കളുടെ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്താനാണ് പാക്കേജ് ചെയ്തതും പ്രോസസ്സ് ചെയ്തതുമായ ഭക്ഷണ പദാർത്ഥങ്ങളിൽ ആരോഗ്യ റേറ്റിംഗ് നൽകുന്നത്.

ഈ ലക്ഷ്യത്തോടെ പഞ്ചസാരയുടെ അളവനുസരിച്ച് റേറ്റിംഗ് കുറച്ചിരിക്കുന്നത് ഉത്‌പാദകർക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇതേതുടർന്ന് പല രംഗങ്ങളിലുള്ളവർ പ്രതിഷേധവുമായി മുന്നോട്ട് വന്നിട്ടുണ്ട്.

എന്നാൽ, ഇത്തരത്തിൽ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന രീതിയിൽ റേറ്റിംഗ് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ രംഗത്തുള്ള നിരവധിപേർ ഈ നീക്കത്തിന് പിന്തുണ അറിയിച്ചു.

അതേസമയം ഫ്രൂട്ട് ജ്യൂസിന്റെ റേറ്റിംഗ് കുറച്ചത് വിഡ്ഢിത്തമാണെന്ന് ഓസ്‌ട്രേലിയൻ കൃഷി മന്ത്രി ഡേവിഡ് ലിറ്റിൽപ്രൗഡ് പറഞ്ഞു.

നൂറ് ശതമാനം പഴവർഗ്ഗങ്ങളിൽ നിന്ന് ഉത്‌പാദിപ്പിക്കുന്ന ജ്യൂസിന് 2.0 എന്ന റേറ്റിംഗ് നല്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ നീക്കത്തെ പിന്തുണച്ച സംസ്ഥാനങ്ങൾ ഓസ്‌ട്രേലിയൻ കർഷകരെ കൈവിട്ടതായും അദ്ദേഹം കുറ്റപ്പെടുത്തി.

പഞ്ചസാര ചേർക്കാത്ത നൂറ് ശതമാനം ഫ്രൂട്ട് ജ്യൂസിന് അഞ്ച് എന്ന സ്റ്റാർ റേറ്റിംഗ് നൽകണമെന്ന് 2020 ജൂലൈയിൽ ലിറ്റിൽപ്രൗഡ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നിരസിക്കപ്പെടുകയായിരുന്നു.

അതേസമയം പഴവർഗങ്ങൾ ജ്യൂസായി കഴിക്കുന്നതും പഴങ്ങളായി കഴിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. ഈ മാറ്റം റേറ്റിംഗിലും പ്രതിഫലിക്കണമെന്നാണ് അവരുടെ വാദം.

കടപ്പാട്: SBS മലയാളം

Related Articles

Back to top button