നാശം വിതച്ച് കാട്ടുതീ; വീടുകൾ കത്തിനശിച്ചതായി സംശയം
അഡ്‌ലൈഡ് ഹിൽസിൽ ആളിപ്പടരുന്ന കാട്ടുതീ മൂലം നഗരത്തിൽ പുകമൂടി. തീ നിയന്ത്രണാതീതമാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
തെക്ക് കിഴക്കൻ അഡ്‌ലൈഡിലെ ചെറി ഗാർഡനിലാണ് കാട്ടുതീ പടർന്നു പിടിക്കുന്നത്. തീ നിയന്ത്രണാതീതമായതോടെ തിങ്കളാഴ്ച രാവിലെ അടിയന്തരാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
മൗണ്ട് ലോഫ്റ്റി റേഞ്ചസിലെ ഒമ്പത് ഇടങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
400ലേറെ അഗ്നിശമനസേനാംഗങ്ങളാണ് കാട്ടു തീ അണയ്ക്കാൻ ശ്രമിക്കുന്നത്. ഞായറാഴ്ച തുടങ്ങിയ തീയിൽ ഇതുവരെ 2,500 ഹെക്റ്റർ ഭൂമി കത്തിനശിച്ചു.
തീയുടെ കാഠിന്യം അല്പമൊന്ന് കുറഞ്ഞതോടെ ഉച്ചയായപ്പോഴേക്കും വാച്ച് ആൻഡ് ആക്ട് മുന്നറിയിപ്പ് ആയി ഇത് തരംതാഴ്ത്തിയിട്ടുണ്ട്.
എന്നാൽ ചെറി ഗാർഡൻസ്, ഹിക്‌സ് ഹിൽ റോഡ് എന്നിവിടങ്ങളിൽ കാട്ടുതീ നിയന്ത്രണാതീതമാണെന്നും കുറച്ചു ദിവസങ്ങൾ കൂടി തീ സജീവമായിരിക്കുമെന്നും കൺട്രി ഫയർ സർവീസ് വക്താവ് അറിയിച്ചു.
തീ ആളിപ്പർന്ന മൗണ്ട് ബോൾഡ് പ്രദേശത്തെ നാശനഷ്ടങ്ങൾ വിലയിരുത്തുകയാണ് അധികൃതർ. പ്രദേശത്ത് രണ്ട് വീടുകളും രണ്ട് ഷെഡ്ഡുകളും ഉണ്ടായിരുന്നതായാണ് അധികൃതർക്ക് ലഭിച്ച വിവരം. ഈവീടുകൾ കത്തിനശിച്ചതായാണ് സംശയിക്കുന്നത്.
അഡ്‌ലൈഡ് ഹിൽസിൽ ആളിപ്പടരുന്ന കാട്ടുതീ മൂലം അഡ്‌ലൈഡിൽ അന്തരീക്ഷം പുക നിറഞ്ഞു.
ഇതോടെ ജനങ്ങൾ കരുതലുകൾ എടുക്കണമെന്ന് സൗത്ത് ഓസ്ട്രേലിയ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
ശ്വാസകോശസംബന്ധമായ അസുഖങ്ങൾ ഉള്ളവരും മറ്റും ആരോഗ്യം ശ്രദ്ധിക്കണമെന്നും അധിക കരുതലുകൾ എടുക്കണമെന്നുമാണ് മുന്നറിയിപ്പ്.
തിങ്കളാഴ്ച മഴ പ്രവചിച്ചിട്ടുണ്ടെങ്കിലും ഇത് കാട്ടുതീ കെടുത്താൻ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കൺട്രി ഫയർ സർവീസ് അധികൃതർ പറഞ്ഞു.
ഇതിനിടെ അഡ്‌ലൈഡ് ഹിൽസിൽ കാട്ടുതീ പടർത്തിയെന്നാരോപിച്ച് ഒരാൾക്കെതിരെ പൊലീസ് കേസെടുത്തു. തീ പടരുന്ന ക്ലാരന്റനിലെ പിഗോട്ട് റേഞ്ച് റോഡിൽ നിന്ന് ഒരു കാർ അതിവേഗത്തിൽ പോകുന്നതായി പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഈ കാർ പിന്തുടർന്ന് നിർത്തുകയും 60 കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കാട്ട് തീ പടരാൻ കാരണമായി, ലൈസൻസ് ഇല്ലാതെയും മദ്യപിച്ചും വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തി.
ഇയാൾക്ക് കോടതി ജാമ്യം നിഷേധിച്ചു. നേരിയ നാശനഷ്ടങ്ങൾ വരുത്തിയ തീ പ്രദേശത്തുള്ളവർ ചേർന്ന് അണച്ചു. തീ പടരാൻ കൂടുതൽ പേർ കാരണമായിട്ടുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്.
കടപ്പാട്: SBS മലയാളം