വിക്ടോറിയയില്‍ മാസ്ക് ഉപയോഗത്തില്‍ ഇളവ്
വിക്ടോറിയയില്‍ ഒരാഴ്ചയിലേറെയായി പ്രാദേശിക കൊവിഡ്ബാധയില്ലാത്ത സാഹചര്യത്തില്‍ മാസ്ക് ഉപയോഗം സംബന്ധിച്ച നിയന്ത്രണങ്ങളില്‍ ഇളവു നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. അടുത്തയാഴ്ച മുതല്‍ കൂടുതല്‍ പേര്‍ക്ക് ഓഫീസുകളിലേക്ക് മടങ്ങിയെത്താനും കഴിയും.
വിക്ടോറിയയില്‍ തുടര്‍ച്ചയായി എട്ടു ദിവസങ്ങളില്‍ പ്രാദേശികമായ കൊവിഡ്ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ന്യൂ സൗത്ത് വെയില്‍സിലെ നോര്‍തേണ്‍ ബീച്ചസില് രോഗബാധ തുടങ്ങിയതിനു പിന്നാലെ വിക്ടോറിയയിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവു നല്കാന് ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
മാസ്ക് ഉപയോഗം സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ ക്രിസ്ത്മസിന് മുമ്പുള്ള സാഹചര്യങ്ങളിലേക്ക് തിരിച്ചുപോകുമെന്ന് പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്ര്യൂസ് പറഞ്ഞു.
അതായത്, എല്ലാ ഇന്‍ഡോര്‍ മേഖലകളിലും മാസ്ക് വേണം എന്ന നിര്‍ദ്ദേശം പിന്‍വലിച്ചു.
ഓഫീസുകളിലും മറ്റും മാസ്ക് നിര്‍ബന്ധമായിരിക്കില്ല. എന്നാല്‍ സാമൂഹികമായ അകലം പാലിക്കല്‍ സാധ്യമല്ലെങ്കില്‍ മാസ്ക് ധരിക്കണം.
അതേസമയം, വിമാനങ്ങളിലും, പൊതുഗതാഗത മാര്‍ഗ്ഗങ്ങളിലും, ആശുപത്രികളിലും, ടാക്സികളിലും, സൂപ്പര്‍മാര#്ക്കറ്റുകളിലും, വലിയ ഇന്‍ഡോര്‍ ഷോപ്പിംഗ് കേന്ദ്രങ്ങളിലും മാസ്ക് ധരിക്കുന്നത് തുടരണം.
ഞായറാഴ്ച അര്‍ദ്ധരാത്രി മുതലാകും ഈ മാറ്റം നിലവില്‍ വരിക.
അടുത്ത തിങ്കളാഴ്ച മുതല്‍ കൂടുതല്‍ പേര്‍ക്ക് ജോലി സ്ഥലങ്ങളിലേക്ക് എത്താമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വകാര്യസ്ഥാപനങ്ങളില്‍ ആകെ ജീവനക്കാരുടെ 50 ശതമാനം പേര്‍ക്ക് തിങ്കളാഴ്ച മുതല്‍ ജോലിക്കെത്താം.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ 25 ശതമാനം പേര്‍ക്കാണ് അനുമതി.
എല്ലാ തൊഴില്‍സ്ഥലങ്ങളിലുമുള്ള ജീവനക്കാരുടെയും സന്ദര്‍ശകരുടെയും വിവരങ്ങള്‍ തൊഴിലുടമ ശേഖരിച്ചുവയ്ക്കണം.
15 മിനിട്ടില്‍ കൂടുതല്‍ അവിടെയുണ്ടായിരുന്നവരുടെ വിവരങ്ങളാണ് ശേഖരിക്കേണ്ടത്.
സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയെങ്കിലും, സിഡ്നിയിലും ബ്രിസ്ബൈനിലും നിന്നുള്ളവര്‍ക്ക് ഇനിയും പ്രവേശനം അനുവദിക്കില്ല.
ബ്രിസ്ബൈന്‍ നഗരവും, സമീപ പ്രദേശങ്ങളും, ഗ്രേറ്റര്‍ സിഡ്നി, വൊളംഗോംഗ്, ബ്ലൂ മൗണ്ടന്‍ മേഖലകളും റെഡ് സോണില്‍ തുടരുമെന്ന് പ്രീമിയര്‍ പറഞ്ഞു.
ക്വീന്‍സ്ലാന്റില്‍ യു കെ സ്ട്രെയ്ന്‍ വൈറസ് കണ്ടെത്തിയ ഗ്രാന്റ് ചാന്‍സലര്‍ ഹോട്ടലിലുണ്ടായിരുന്ന 18 പേര് വിക്ടോറിയയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
ഇവരോട് ഐസൊലേഷനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. ഇവരുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നവരും ഐസൊലേഷനില്‍ പോകേണ്ടിവരും.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസീനുള്ള താരങ്ങളും ഇന്നു രാത്രി മുതല്‍ മെല്‍ബണില്‍ എത്തി തുടങ്ങും.
കര്‍ശനമായ ക്വാറന്റൈന് നിബന്ധനകളാണ് കളിക്കാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ഏര്‍പ്പെടുത്തിയിരുന്നത്.
15 ചര്ട്ടര് വിമാനങ്ങളിലായാണ് 1,200ഓളം പേര് എത്തുന്നത്. മൂന്നു ഹോട്ടലുകളിലായാകും ഇവര്‍ താമസിക്കുക.
കടപ്പാട്: SBS മലയാളം