ഇനി ഇന്‍റര്‍നെറ്റിന് വേഗം കൂടും; ഇന്ത്യയുടെ ജിസാറ്റ് 11 വിക്ഷേപിച്ചു

December 05, 2018

ഇന്ത്യ ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും ഭാരമേറിയ വാർത്താ വിതരണ ഉപഗ്രഹം ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു. ഫ്രാൻസിന്റെ ശക്തി കൂടിയ വിക്ഷേപണ വാഹനമായ ഏരിയൻ 5 ആണ് ജീസാറ്റ് 11 നെ ഭ്രമണപഥത്തിലെത്തിച്ചത്. ഭാരമേറിയ ഉപ​ഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച മികച്ച ട്രാക്ക് റെക്കോർഡാണ് ഏരിയൻ 5 റോക്കറ്റിനുള്ളത്. ഫ്രഞ്ച് ഗയാനയിലെ കൌറു വിക്ഷേപണത്തറയില്‍ നിന്ന് ഇന്ത്യൻ സമയം പുലർച്ചെ മൂന്നരയോടെയായിരുന്നു വിക്ഷേപണം.

ഗ്രാമീണമേഖലയുടെ ഇന്റർനെറ്റ് വേഗം കൂട്ടുകയാണ് ജിസാറ്റ് 11ന്റെ പ്രാഥമിക ലക്ഷ്യം. ​ഗ്രാമീണ മേഖലയിൽ ഇനി ഇന്റർനെറ്റ് സൗകര്യങ്ങൾ കൂടുതൽ വേ​ഗത്തിലും ഫലപ്രദമായും ലഭ്യമാകും. 5845 കിലോ​ഗ്രാമാണ് ജിസാറ്റ് 11ന്റെ ഭാരം. ഉപ​ഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾ മെച്ചപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ആശയവിനിമയ രം​ഗത്ത് ഇന്ത്യ ഇപ്പോഴുള്ളതിനേക്കാൾ ഇരട്ടി ശക്തിയിൽ പ്രവർത്തിക്കാൻ ജിസാറ്റ് 11 വഴി സാധ്യമാകും.

15 വർഷമാണ് ഉപ​ഗ്രഹത്തിന്റെ കാലാവധി. 1200 കോടി രൂപയാണ് ഉപ​ഗ്രഹത്തിന്റെ ചെലവ്. റേഡിയോ സി​ഗ്നൽ സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന 40 ട്രാൻസ്പോണ്ടറുകൾ ഉപ​ഗ്രഹത്തിലുണ്ടാകും. ഈ ശ്രേണിയിൽ ഉൾപ്പെട്ട ജിസാറ്റ് 19, ജിസാറ്റ് 29 എന്നീ ഉപ​ഗ്രഹങ്ങൾ നേരത്തെ വിക്ഷേപിച്ചിരുന്നു. ജിസാറ്റ് 20 അടുത്ത വർഷം വിക്ഷേപിക്കും. ഇന്ത്യൻ ഉപഗ്രഹത്തിനൊപ്പം ദക്ഷിണ കൊറിയയുടെ ഉപഗ്രഹവും ഏരിയൻ ഭ്രമണപഥത്തിലെത്തിച്ചു.

 

 

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com