മസ്തിഷ്‌കത്തില്‍ ഇരുമ്പേറിയാല്‍ അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യതയേറെ

June 26, 2018

മസ്തിഷ്‌കത്തിലെ ഇരുമ്പിന്റെ അളവിനും അല്‍ഷിമേഴ്‌സിനും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടെന്ന കണ്ടെത്തലുമായി ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ രംഗത്തെത്തി. മെല്‍ബണിലെ ഫ്‌ലോറെ ഇന്‍സ്റ്റിറ്റ്യൂട്ട്, സിഎസ്‌ഐആര്‍ഒ എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പുതിയ നിര്‍ണായകമായ കണ്ടു പിടിത്തം നടത്തിയിരിക്കുന്നത്. മസ്തിഷ്‌കത്തിലെ ഉയര്‍ന്ന അളവിലുളള ഇരുമ്പ്, അല്‍ഷിമേഴ്‌സ് പ്രോട്ടീനായ അമിലോയ്ഡ്, ഓര്‍മക്കുറവ് തുടങ്ങിയവ തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് ഈ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ന്യൂറോഡിജനറേറ്റീവ് അസുഖവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഓര്‍മക്കുറവ് തലച്ചോറില്‍ കുറഞ്ഞ അളവില്‍ മാത്രം അയേണുള്ളവര്‍ക്ക് കുറവാണെന്നാണ് ത്രീ-ഡയമന്‍ഷനല്‍ ബ്രെയിന്‍ സ്‌കാനുകളിലൂടെ വെളിപ്പെട്ടിരിക്കുന്നത്. പ്രായമാകുമ്പോള്‍ തലച്ചോറിലെ ഇരുമ്പിന്റെ അളവ് വര്‍ധിക്കുമെന്ന കാര്യം സയന്റിസ്റ്റുകള്‍ക്ക് ഒരു പക്ഷേ അറിയുമായിരിക്കുമെങ്കിലും പുതിയ കണ്ടെത്തല്‍ ശാസ്ത്രലോകത്തിന് ഇതുവരെ അറിയാത്ത കാര്യമാണെന്നാണ് ഫ്‌ലോറെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രഫ. അഷ്‌ലെ ബുഷ് പറയുന്നത്.

മനുഷ്യരിലും മറ്റ് സസ്തനികളിലും ഇത്തരത്തില്‍ അധികമായുണ്ടാകുന്ന അയേണ്‍ തികച്ചും അനാവശ്യമാണെന്നും അത് മനുഷ്യരില്‍ സ്മൃതിനാശത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. 50വയസിന് ശേഷം ഇത്തരത്തില്‍ തലച്ചോറില്‍ അടിഞ്ഞ് കൂടുന്ന അയേണിന്റെ അളവ് വര്‍ധിക്കുമെന്നും അത് തുരുമ്പിന് സമാനം വര്‍ത്തിച്ച് ഓര്‍മകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. നിര്‍ണായകമായ പുതിയ കണ്ടെത്തലിന്റെ ഫലമായി അല്‍ഷിമേഴ്‌സിനുള്ള പുതിയ ഫലപ്രദമായ മരുന്നുകള്‍ കണ്ടെത്തുമെന്ന പ്രതീക്ഷയാണ് ശക്തമായിരിക്കുന്നത്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com