Friday, 01 December 2017 06:34

ഓഖി ഭീതി വിട്ടുമാറാതെ കേരളം; സംസ്ഥാനത്ത് നാല് മരണം

തിരുവനന്തപുരം: കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് കേരള തീരത്തുനിന്ന് 100 കി.മീ ഉള്ളിലേക്ക് മാറിയെങ്കിലും ശക്തികുറയാത്തതിനാല്‍ അടുത്ത 36 മണിക്കൂറില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരളത്തിലും തമിഴ്നാട്ടിലും ഇതുവരെ മഴക്കെടുതിയില്‍ നാലുപേര്‍ക്ക് ജീവന്‍ നഷ്ടമായി.

കൊട്ടാരക്കര കുളത്തൂപ്പുഴയ്ക്ക് സമീപം തുവക്കാട് ഓട്ടോയുടെ മുകളില്‍ മരം വീണ് ഓട്ടോ ഡ്രൈവര്‍ വിഷ്ണു മരിച്ചു. കാട്ടാക്കടയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചു. കിള്ളി അരുമ്പോട് സ്വദേശി അപ്പുനാടാര്‍, ഭാര്യ സുമതി എന്നിവരാണ് മരിച്ചത്. വിഴിഞ്ഞത്ത് മരം വീണ് പരിക്കേറ്റ അല്‍ഫോണ്‍സാമ്മ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ ചുഴലിക്കാറ്റുണ്ടാക്കിയ നാശനഷ്ടത്തിന്‍റെ കൃത്യമായ വിവരം അറിവായിട്ടില്ല.

പൂന്തുറയില്‍ നിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയ നൂറിലേറെ തൊഴിലാളികള്‍ ഇനിയും തിരിച്ചെത്തെത്തിയിട്ടില്ല. രാത്രിയോടെ പതിമൂന്ന് പേര്‍ സ്ഥലത്ത് മടങ്ങിയെത്തിയിരുന്നു. നാവികസേനയുടെ വ്യോമസേനയുടെയും വിമാനങ്ങളും കപ്പലുകളും ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ തുടങ്ങും. ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കുണ്ടായ വീഴ്ചയാണ് സ്ഥിതി രൂക്ഷമാക്കിയത്.

എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും അതീവ ജാഗ്രത പുലര്‍ത്താനും മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്ത സാധ്യത കണക്കിലെടുത്ത് ആവശ്യമായ സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കളക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് വായുസേനയുടെ സഹായവും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

വ്യാഴാഴ്ച്ച രാവിലെ കേരള തമിഴ്നാട് തീരത്ത് അതിശക്തമായ മഴ തുടങ്ങിയെങ്കിലും ചുഴലിക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നല്‍കിയത് ഉച്ചയ്ക്ക് മാത്രമാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ന്യൂനമര്‍ദ്ദം ശക്തമാകുന്നതായും ചുഴലിക്കാറ്റായി മാറാന്‍ ഇടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ബുധനാഴ്ച തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച്ച ഉച്ചയോടാണ് തീരത്തുനിന്നും ആളുകളെ ഒഴിപ്പിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

അതിനിടെ കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് കന്യാകുമാരി തീരം വിട്ടു. വരും മണിക്കൂറുകളില്‍ കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതയിലാണ് അധികൃത‍ര്‍. 10 ദുരുതാശ്വാസ ക്യാമ്പുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി തുറന്നിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ ശ്രീലങ്കയില്‍ ഏഴ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. വീണ്ടും വേഗമാര്‍ജിച്ച് കേരള തീരത്തുനിന്ന് ലക്ഷ്യദ്വീപ് ലക്ഷ്യമാക്കിയാണ് കാറ്റ് ഇപ്പോള്‍ നീങ്ങുന്നത്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com