Wednesday, 27 June 2018 17:03

"അമ്മ'യിൽ കൂട്ടരാജി; റിമ കല്ലിങ്കൽ ഉൾപ്പെടെ നാലുപേർ രാജിവച്ചു

കൊച്ചി: താര സംഘടന‍യായ "അമ്മ'യിൽ കൂട്ടരാജി. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടൻ‌ ദിലീപിനെ "അമ്മ'യിൽ തിരിച്ചെടുത്തതിനു പിന്നാലെയാണ് റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ഗീതുമോഹൻദാസ് എന്നിവരും ആക്രമിക്കപ്പെട്ട നടിയും രാജി വച്ചത്. ഇന്ന് രാവിലെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ "വുമൺ ഇൻ സിനിമാ കളക്ടീവി'ന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടിമാർ രാജി പ്രഖ്യാപിച്ചത്. "അമ്മ' എന്ന സംഘടനയിൽ നിന്ന് ഞാൻ രാജിവെക്കുകയാണെന്നു പറഞ്ഞാണ് ആക്രമിക്കപ്പെട്ട നടി തന്‍റെ ഭാഗം വിശദീകരിക്കുന്നത്.

തനിക്ക് നേരെ നടന്ന ആക്രമണത്തിൽ കുറ്റാരോപിതനായ നടനെ "അമ്മ'യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനം എന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഇതിനു മുമ്പ് ഈ നടൻ തന്‍റെ അഭിനയ അവസരങ്ങൾ തട്ടിമാറ്റിയിട്ടുണ്ടെന്നും അന്ന് പരാതിപ്പെട്ടപ്പോൾ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ലെന്നും വ്യക്തമാക്കിയ നടി ഇത്രയും മോശപ്പെട്ട അനുഭവം ഉണ്ടായപ്പോൾ, താൻ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതൽ ശ്രമിച്ചതെന്നും കൂട്ടിച്ചേർത്തു. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ അർത്ഥമില്ല എന്ന് മനസ്സിലാക്കി രാജി വെക്കുന്നു എന്ന് പറഞ്ഞാണ് നടി കുറിപ്പ് അവസാനിപ്പിക്കുന്നത്.

നടിയുടെ പോസ്റ്റിന് ചുവടെയാണ് മറ്റ് മൂന്ന് പേരും തങ്ങളുടെ രാജി പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള സംഘടന‍യുടെ അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടിൽ പ്രതിഷേധിച്ചാണ് തന്‍റെ രാജിയെന്നാണ് രമ്യ നമ്പീശൻ വ്യക്തമാക്കിയത്. ഹീനമായ ആക്രമണം നേരിട്ട തങ്ങളുടെ സഹപ്രവർത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചതെന്നും രമ്യ കുറ്റപ്പെടുത്തുന്നുണ്ട്.

രാജി തീരുമാനം വളരെ നേരത്തെ എടുക്കേണ്ടതായിരുന്നു എന്നും "അമ്മ'യ്ക്കകത്തു നിന്നു കൊണ്ട് അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് പ്രയാസമുള്ള കാര്യമാണെന്നും ഗീതു മോഹൻദാസ് പറഞ്ഞു. മുൻ നിർവ്വാഹക സമിതി അംഗം എന്ന നിലയിൽ ഇക്കാര്യം കൃത്യമായി മനസ്സിലാക്കിയിട്ടുള്ളതാണെന്നും അവർ വ്യക്തമാക്കി. നേതൃത്വത്തിന്‍റെ അഭിപ്രായങ്ങളെ അനുസരിക്കുക മാത്രം ചെയ്യുന്ന അംഗങ്ങളെയാണ് ഈ സംഘടനക്ക് വേണ്ടതെന്നും തങ്ങളുടെയെല്ലാം ശബ്ദം അവിടെ മുങ്ങിപ്പോകുകയാണെന്നും പറഞ്ഞ ഗീതു ഇനിയും അതനുവദിക്കാൻ കഴിയില്ലെന്നും പറഞ്ഞുകൊണ്ടാണ് തന്‍റെ ഭാഗം അവസാനിപ്പിക്കുന്നത്. കൂട്ടുകാരിക്കൊപ്പം നിന്നുകൊണ്ട് "അമ്മ'യിലെ ഉത്തരവാദിത്വമില്ലാത്ത നിലപാടുകൾക്കെതിരെ പുറത്തു നിന്നു പോരാടുമെന്നും ഗീതു കൂട്ടിച്ചേർക്കുന്നുണ്ട്.

അതേസമയം, ഈ ഒരൊറ്റ പ്രശ്നത്തിന്‍റെ പേരിലല്ല താൻ രാജി വയ്ക്കുന്നതെന്നാണ് റിമ കല്ലിങ്കൽ കുറിച്ചത്. ഇപ്പോൾ സംഭവിച്ചത് ഒരാളിലോ ഒരു സംഘടനയിലോ ഒതുങ്ങുന്ന ഒരു പ്രശ്നമാണെന്ന് കരുതുന്നില്ലെന്നും അടുത്ത തലമുറയ്ക്ക് സ്വന്തം തൊഴിലിടത്തിൽ ഒത്തുതീർപ്പുകളില്ലാതെ, ആത്മാഭിനത്തോടെ തുടരാനുള്ള കരുത്തുണ്ടാവണമെന്ന ആഗ്രഹം കൊണ്ട് കൂടിയാണ് രാജിയെന്നുമാണ് റിമയുടെ വിശദീകരണം.