ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു രാഹുല്‍ ഗാന്ധിക്കു പുറമേ മറ്റാരും പത്രിക നല്‍കിയിട്ടില്ല. നിലവില്‍ രാഹുല്‍ മാത്രമേ പത്രിക നല്‍കിയിട്ടുള്ളൂ എന്നു വരണാധികാരി അറിയിച്ചു. 89 പത്രികകള്‍ ലഭിച്ചതില്‍ രാഹുല്‍ മാത്രമേ സ്ഥാനാര്‍ഥിയായി ഉള്ളൂ എന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയര്മാന് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു.
പാര്‍ട്ടിക്കുള്ളില്‍ ഷെഹ്സാദ് പൂനാവാലയുടെ ഉള്‍പ്പടെ ചില എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനു മറ്റാരും പത്രിക നല്‍കിയിട്ടില്ല. ലഭിച്ച 89 പത്രികകളും രാഹുല്‍ ഗാന്ധിയെ നാമനിര്‍ദേശം ചെയ്തു കൊണ്ടുള്ളതാണ്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ച പത്രികകള്‍ ആണിത്. സൂക്ഷ്മ പരിശോധനയില്‍ ലഭിച്ച 89 പത്രികകളും സാധുവാണെന്നു തെളിഞ്ഞുവെന്നും മുല്ലപ്പളളി പറഞ്ഞു.