Thursday, 04 January 2018 16:13

അതീവ സുരക്ഷിതമെന്ന് അവകാശപ്പെടുന്ന ആധാര്‍ വിവരങ്ങള്‍ 500 രൂപയ്‌ക്ക് വില്‍ക്കുന്നു

ഡൽഹി: അതീവ സുരക്ഷിതമെന്ന് സര്‍ക്കാര്‍ വാദിക്കുന്ന 'ആധാര്‍' വിവരങ്ങള്‍ വെറും 500 രൂപ കൊടുത്ത് ആര്‍ക്കും വാങ്ങാവുന്ന സ്ഥിതിയില്‍. 'ദ ട്രിബ്യൂണ്‍' വാര്‍ത്താസംഘമാണ് ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഓണ്‍ലൈന്‍ വഴിയാണ് രാജ്യത്തെ പൗരന്മാരുടെ രഹസ്യ വിവരങ്ങള്‍ അടങ്ങിയ ആധാര്‍ കച്ചവടം നടക്കുന്നത്. രാജ്യത്ത് ഇന്നുവരെ ആധാര്‍ കാര്‍ഡ് എടുത്തിട്ടുള്ള നൂറു കോടിയോളം പേരുടെ വിവരങ്ങളാണ് വാട്‍സ്ആപ്പിലൂടെ പരിചയപ്പെട്ട ഏജന്റ്, പേടിഎം വഴി 500 രൂപ ഇടാക്കി നല്‍കിയത്. 300 രൂപ കൂടി കൊടുത്തപ്പോള്‍ ആരുടെയും ആധാര്‍ കാര്‍ഡ് അച്ചടിക്കാനുള്ള സോഫ്റ്റ്‍വെയറും ഇവര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കി.

പൗരന്മാരുടെ വിവരങ്ങള്‍ സര്‍ക്കാറിന്റെ പക്കല്‍ സുരക്ഷിതമാണെന്ന് ഇക്കഴിഞ്ഞ നവംബറിലും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. പൗരന്മാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും, വിരലടയാളങ്ങളും കണ്ണുകളുടെ ചിത്രങ്ങളും എന്നുവേണ്ട മൊബൈല്‍ നമ്പറും പാന്‍കാര്‍ഡും അടക്കം ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള സകല വിവരങ്ങളും ഓണ്‍ലൈനായി വില്‍ക്കപ്പെടുന്നുവെന്നാണ് ട്രിബ്യൂണിന്റെ അന്വേഷണം തെളിയിച്ചത്. പേടിഎം വഴി പണം വാങ്ങിയ ശേഷം ഒരു വെബ്‍സൈറ്റില്‍ ലോഗിന്‍ ചെയ്യാനുള്ള യൂസര്‍ ഐഡിയും പാസ്‍വേഡുമാണ് ഏജന്റ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ടര്‍ക്ക് നല്‍കിയത് നല്‍കുന്നത്. ഇതുപയോഗിച്ച് രാജ്യത്തെ ഏത് പൗരന്റേയും എല്ലാ വിവരങ്ങളും ലഭ്യമായി. ഏജന്റിനെ വാട്‍സ്ആപ് വഴി പരിചയപ്പെട്ട് പണം നല്‍കി ആധാര്‍ വിവരങ്ങളിലേക്ക് പ്രവേശനം ലഭിക്കാന്‍ വേണ്ടി വന്നത് വെറും അര മണിക്കൂറില്‍ താഴെ സമയം മാത്രം. ആധാര്‍ കാര്‍ഡ് പ്രിന്റ് ചെയ്യാനുള്ള സംവിധാനമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അതിന് 300 രൂപ കൂടി വാങ്ങി. തുടര്‍ന്ന് കംപ്യൂട്ടറില്‍ പ്രത്യേക സോഫ്റ്റ്‍വെയറും ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കുകയായിരുന്നു

അനില്‍കുമാര്‍ എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ 7610063464 എന്ന വാട്സ്‍ആപ് നമ്പറിലൂടെയാണ് ട്രിബ്യൂണ്‍ ലേഖകനെ ബന്ധപ്പെട്ടത്. തുടര്‍ന്ന് പേരും ഇ-മെയില്‍ വിലാസവും ഫോണ്‍ നമ്പറും വാങ്ങി. ശേഷം 7610063464 നമ്പറിലേക്ക് പേടിഎം വഴി 500 രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു. പണം നല്‍കിയ ശേഷം ആധാര്‍ വിവരങ്ങള്‍ ലഭിക്കാനുള്ള യൂസര്‍നെയിം വാട്സ്‍ആപ് വഴി തന്നെ അറിയിച്ചു. പാസ്‍വേഡ് ഇ-മെയില്‍ വിലാസത്തിലും അയ്ചുകൊടുത്തു. ഇതുപയോഗിച്ച് സൈറ്റില്‍ ലോഗിന്‍ ചെയ്തപ്പോഴാണ് ഏത് പൗരന്റേയും ആധാര്‍ വിവരങ്ങളിലേക്കുള്ള പ്രവേശനം സാധ്യമായത്. തുടര്‍ന്ന് ആധാര്‍ കാര്‍ഡ് അച്ചടിക്കാനുള്ള സോഫ്റ്റ്‍വെയര്‍ വേണമെന്ന് ആവശ്യപ്പെട്ട് ലേഖകന്‍ വീണ്ടും അനില്‍കുമാറിനെ ബന്ധപ്പെട്ടു. 8107888008 എന്ന നമ്പറിലേക്ക് പേടിഎം വഴി 300 രൂപ അയക്കാനായിരുന്നു ആവശ്യപ്പെട്ടത്. പണം അയച്ചതോടെ സുനില്‍ കുമാര്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ 7976243548 എന്ന നമ്പറില്‍ നിന്ന് വിളിക്കുകയും ടീം വ്യൂവര്‍ വഴി കംപ്യൂട്ടര്‍ കണക്ട് ചെയ്യുകയുമായിരുന്നു. ഇത് ഉപയോഗിച്ച് പ്രത്യേക സോഫ്റ്റ്‍വെയര്‍ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തു. ഇന്‍സ്റ്റലേഷന് ശേഷം സോഫ്റ്റ്‍വെയറിന്റെ ഡ്രൈവറുകളും മറ്റ് സോഫ്റ്റ്‍വെയറുകളും ഇയാള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ചണ്ഡിഗഡിലെ ആധാര്‍ ഓഫീസില്‍ വിവരമറിയിച്ചപ്പോള്‍ ഉദ്ദ്യോഗസ്ഥര്‍ അമ്പരന്നുവെന്നും ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയാണിതെന്ന് അവര്‍ സമ്മതിച്ചു. യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റിയുടെ ചണ്ഡിഗഡ് റീജ്യനല്‍ സെന്ററില്‍ പോലും ഡയറക്ടര്‍ക്കും അഡീഷണല്‍ ഡയറക്ടര്‍ക്കും മാത്രമാണ് ആധാര്‍ വിവരങ്ങള്‍ അറിയാന്‍ നെറ്റ്‍വര്‍ക്കിലേക്ക് പ്രവേശനം ലഭിക്കുകയുള്ളൂ. ഇത്ര രഹസ്യമെന്ന് കരുതി ഭദ്രമാക്കിവെച്ചിരിക്കുന്ന വിവരങ്ങളാണ് 500 രൂപയ്‌ക്ക് വാട്സ്ആപ് വഴി കച്ചവടം ചെയ്യുന്നത്

ഒരു ലക്ഷത്തോളം പേര്‍ ഇത്തരത്തില്‍ ആധാര്‍ വിവരങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. നേരത്തെ ആധാര്‍ അഝിഷ്‌ഠിത സേവനങ്ങള്‍ നല്‍കിയിരുന്ന കോമണ്‍ സര്‍വ്വീസ് സെന്ററുകളാണ് പ്രധാനമായും പണം നല്‍കി ഇത് വാങ്ങുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ജനങ്ങളുടെ പ്രയാസം ലഘൂകരിക്കുന്നതിനായി കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയമാണ് ആധാര്‍ സേവനങ്ങള്‍ നല്‍കുന്ന കോമണ്‍ സര്‍വ്വീസ് സെന്ററുകള്‍ തുടങ്ങിയത്. സ്വകാര്യ വ്യക്തികളുമായി സഹകരിച്ചായിരുന്നു ഇത്. എന്നാല്‍ വിവരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയാത്തത് കൊണ്ട് നവംബറില്‍ ഇത്തരം സെന്ററുകള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കി. തുടര്‍ന്ന് പോസ്റ്റ് ഓഫീസുകളും ബാങ്കുകളും വഴി ആധാര്‍ സേവനങ്ങള്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ കോമണ്‍ സര്‍വ്വീസ് സെന്ററുകള്‍ നടത്തിയവരുടെ വരുമാനം കുറഞ്ഞു. എന്നാല്‍ ഇത്തരക്കാര്‍ക്ക് തുടര്‍ന്നും ആധാര്‍ വിവരങ്ങള്‍ ലഭ്യമാക്കാനാണ് അജ്ഞാത വ്യക്തികള്‍ ഇത്തരം സംവിധാനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ഇതുപയോഗിച്ച് ആര്‍ക്കും ആരുടെയും വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നതാണ് അവസ്ഥ.

എന്നാൽ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി യുണിക് ഐഡന്‍റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് യുഐഡിഎഐ അറിയിച്ചു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com