Saturday, 06 January 2018 18:55

ഓസ്‌ട്രേലിയയില്‍ മദ്യത്തിന് അടിപ്പെടുന്ന യുവജനങ്ങളെ രക്ഷിക്കാനായി ഓണ്‍ലൈന്‍ പ്രോഗ്രാം വരുന്നു

മെൽബൺ: ഉത്കണ്ഠ, ലജ്ജ, പരിഭ്രാന്തി തുടങ്ങിയ കാരണങ്ങളാല്‍ മദ്യത്തിന് അടിപ്പെടുന്ന ഓസ്‌ട്രേലിയയിലെ യുവജനങ്ങളെ നേര്‍വഴിക്ക് നടത്താനായി നാഷണല്‍ ഡ്രഗ് ആന്‍ഡ് ആല്‍ക്കഹോള്‍ റിസര്‍ച്ച് സെന്ററിലെ വിദഗ്ധര്‍ ഒരു ഓണ്‍ലൈന്‍ പ്രോഗ്രാമിന് രൂപം നല്‍കുന്നു. ലോകത്തില്‍ ഇതാദ്യമായിട്ടാണ് ഇത്തരമൊരു പരിപാടി നിലവില്‍ വരുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. യുവജനങ്ങളെ ലഹരിയുടെ അടിമതത്തത്തില്‍ നിന്നും പിന്‍വലിപ്പിക്കുന്നതിനായി കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി (സിബിടി) എന്ന പരിപാടിയാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ പോവുന്നത്.

ഈ സൗജന്യ ഇന്റര്‍നെറ്റ്-ഡെലിവേഡ് പ്രോഗ്രാം ഇന്‍ റോഡ്‌സ് എന്നാണ് അറിയപ്പെടുന്നത്. 17 മുതല്‍ 24 വയസ് വരെയുള്ളവരെ ലക്ഷ്യം വച്ചുള്ള ഈ പ്രോഗ്രാമില്‍ അവര്‍ക്ക് മറ്റാരെയും അറിയിക്കാതെ തങ്ങളുടെ കമ്പ്യൂട്ടര്‍, ഫോണ്‍ അല്ലെങ്കില്‍ ടാബ്ലറ്റ് എന്നിവയിലൂടെ ഭാഗഭാക്കാകാന്‍ സാധിക്കുമെന്നതാണ് പ്രധാനഗുണം. യുകെയില്‍ അടുത്തിടെ നടത്തിയ ഒരു പഠനം അനുസരിച്ച് അവിടുത്തെ യുവജനങ്ങള്‍ മദ്യം പ രിധി വിട്ട് കഴിക്കുന്നതിന്റെ പ്രധാന കാരണം ഉത്കണ്ഠയാണെന്ന് വെളിപ്പെട്ടിട്ടുണ്ടെന്നാണ് സീനിയര്‍ റിസര്‍ച്ച് ഫെല്ലോയായ ഡോ.ലെക്‌സിനെ സ്റ്റാപിന്‍സ്‌കി പറയുന്നത്.

ഈ പഠനഫലം ഓസ്‌ട്രേലിയയിലെ പുതിയ പ്രോഗ്രാമിനെ സ്വാധീനിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ ലഹരിക്ക് അടിപ്പെടുന്നവരില്‍ നാലിലൊന്ന് പേര്‍ മാത്രമേ ഇതില്‍ നിന്നും മോചനം നേടുന്നതിനായി പ്രഫഷണലുകളുടെ സഹായം തേടുന്നുള്ളുവെന്നും അവര്‍ എടുത്ത് കാട്ടുന്നു. ഇത്തരത്തില്‍ യുവജനങ്ങള്‍ പ്രശ്‌നങ്ങളെ അതിജീവിക്കുന്നതിനായി മദ്യത്തില്‍ അഭയം തേടുന്നത് അവരെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് കൊണ്ടു ചെന്നെത്തിക്കുക മാത്രമേ ചെയ്യുകയുള്ളുവെന്നും ഡോ.ലെക്‌സിനെ സ്റ്റാപിന്‍സ്‌കി മുന്നറിയിപ്പേകുന്നു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com