സ്വവർഗ വിവാഹ ബിൽ ഗവർണ്ണർ ജനറൽ ഒപ്പുവച്ചു; ഓസ്‌ട്രേലിയയിൽ നിയമം പ്രാബല്യത്തിൽ

December 08, 2017

മെൽബൺ: സ്വവർഗ വിവാഹ ബിൽ ഗവർണ്ണർ ജനറൽ ഇന്ന് രാവിലെ ഒപ്പു വച്ചു. ഇതോടെ ഓസ്‌ട്രേലിയയിൽ സ്വവർഗ്ഗ വിവാഹ നിയമം പ്രാബല്യത്തിൽ വന്നു. രാജ്യത്തെ ആദ്യ വിവാഹം ജനുവരി ഒൻപതിന് നടക്കും. ചരിത്ര മുഹൂർത്തം സൃഷ്ടിച്ചുകൊണ്ടാണ് വിവാദങ്ങൾ നിറഞ്ഞ സ്വവർഗ്ഗ വിവാഹ ബിൽ വ്യാഴാഴ്‌ച പാർലമെന്റിൽ പാസായത്.

ബിൽ ഗവർണ്ണർ ജനറൽ ഒപ്പു വയ്ക്കുക എന്നതായിരുന്നു ഇത് ഔദ്യോഗികമായി നിയമ ആകാനുള്ള അവസാന പടി. വെള്ളിയാഴ്‌ച രാവിലെ ഗവർണ്ണർ ജനറൽ പീറ്റർ കോസ്ഗ്രോവ് ബിൽ ഒപ്പു വച്ചതോടെ ഇത് രാജ്യത്ത് നിയമം ആയി മാറി. ഇതിനായി പ്രധാനമന്ത്രി മാൽകം ടേൺബുൾ ഇന്ന് രാവിലെ ഗവണ്മെന്റ് ഹൗസിൽ എത്തിയിരുന്നു. നിലവിലെ മാര്യേജ് ആക്ടിൽ ഔദ്യോഗികമായി ഭേദഗതി വരുത്തി എല്ലാ നിയമനടപടികളും പൂർത്തിയാക്കിക്കൊണ്ടാണ് ബിൽ നിയമായത്. 

ഇതിനിടെ, 2013 -ൽ സ്വവർഗ്ഗ വിവാഹം സംക്ഷിപ്തമായി നിയമവിധേയമാക്കിയ എ സി ടി സർക്കാർ അന്ന് വിവാഹിതരായ 80 പേരുടെ വിവാഹ സർട്ടിഫിക്കറ്റുകൾ ഫീസ് എടുത്തു കളയുമെന്ന് ഉറപ്പ് നൽകി.

പതിറ്റാണ്ടുകൾ നീണ്ട ആവശ്യം യാഥാർഥ്യമാക്കിക്കൊണ്ടാണ് ഓസ്ട്രേലിയൻ പാർലമെൻറ് സ്വവർഗ്ഗ വിവാഹ നിയമം വ്യാഴാഴ്ച പാസാക്കിയത്. പാർലമെൻറിൻറെ ജനപ്രതിനിധി സഭയിൽ ബിൽ വോട്ടിനിട്ടപ്പോൾ വൻഭൂരിപക്ഷത്തോടെയാണ് അത് പാസായത്. ആകെ നാല് അംഗങ്ങൾ മാത്രമായിരുന്നു ബില്ലിനെ എതിർത്ത് വോട്ട് ചെയ്തത്. ലിബറൽ സെനറ്റർ ഡീൻസ്മിത്ത് അവതരിപ്പിച്ച ബില്ലായിരുന്നു ഇത്. നേരത്തെ സെനറ്റിലും ബിൽ പാസായിരുന്നു. ഭേദഗതികൾ ഒന്നും കൂടാതെയാണ് ഇരു സഭകളിലും ബിൽ പാസായത്.

സ്വവർഗ്ഗ പങ്കാളിയെ വിവാഹം കഴിക്കുന്നവർ അതിനായി ഒരു മാസത്തെ നോട്ടീസ് നൽകണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. അതായത്, ജനുവരി ഒന്പതിനു മാത്രമേ ആദ്യ വിവാഹം യാഥാർത്ഥ്യമാകുള്ളൂ. അതേസമയം, വിദേശ നിയമപ്രകാരം സ്വവർഗ്ഗ വിവാഹം കഴിച്ചിട്ടുള്ളവരുടെ വിവാഹങ്ങൾ ഇന്ന് മുതൽ തന്നെ ഓസ്ട്രേലിയയിലും നിയമപരമായി പ്രാബല്യത്തിൽ വരും.

സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കുന്ന 26ാമത്തെ രാജ്യമാണ് ഓസ്ട്രേലിയ.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com