Wednesday, 06 December 2017 07:22

വിസ അപേക്ഷയില്‍ തെറ്റായ വിവരം നല്‍കുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം സെനറ്റ് തള്ളി

മെല്‍ബണ്‍: വിസ പേക്ഷയില്‍ തെറ്റായ വിവരം നല്‍കിയാല്‍ 10 വര്‍ഷം വരെ വിലക്ക് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം സെനറ്റ് തള്ളി. നവംബര്‍ 18 മുതല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ഗ്രീന്‍സ് സെനറ്റര്‍ നിക്ക് മാക് കിം ഉപരി സഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. സെനറ്ററുടെ പ്രമേയത്തെ ലേബര്‍ പാര്‍ട്ടിയും നിക്ക് സെനോഫോണും പിന്തുണച്ചതോടെയാണ് തീരുമാനം സെനറ്റ് തള്ളിയത്.

മൈഗ്രെഷന്‍ ഏജന്റിന്റെ പിഴവ് മൂലമോ ഏജന്റ് കബളിപ്പിച്ചതുമൂലമോ വിസ അപേക്ഷയില്‍ തെറ്റായ വിവരം രേഖപ്പെടുത്തിയവരെ നാടുകടത്താനും ശിക്ഷിക്കാനും ഉള്ള തീരുമാനം അന്യായമായ നീതി നടപ്പാക്കലാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് സെനറ്റര്‍ നിക്ക് മാക് കിം കുറ്റപ്പെടുത്തി.

വിസ സംബന്ധമായ നിരവധി മാറ്റങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. പത്തു വര്‍ഷം മുമ്പ് സമര്‍പ്പിച്ച വിസ അപേക്ഷയില്‍ തെറ്റായ വിവരം നല്‍കിയിട്ടുണ്ടെങ്കില്‍ പത്തു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്താനാണ് കുടിയേറ്റ കാര്യ വകുപ്പ് തീരുമാനിച്ചിരുന്നത്.

ഇത് ഓസ്‌ട്രേലിയയില്‍ പെര്‍മനന്റ് റസിഡന്റ് ആയിട്ടുള്ളവരെയും ബാധിക്കാന്‍ സാധ്യതയുള്ള സര്‍ക്കാര്‍ തീരുമാനമായിരുന്നു. ഇതിനു പുറമെ മൈഗ്രെഷന്‍ ലെജിസ്‌ലേഷന്‍ അമെന്‍ഡ്‌മെന്റ് (2017 Measures No 4) റെഗുലേഷന്‍സ് 2017 ന്റെ കീഴില്‍ വരുന്ന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച എല്ലാ മാറ്റങ്ങളും സെനറ്റ് തള്ളിക്കളഞ്ഞു.