Wednesday, 13 December 2017 14:51

വിസയുടെ ദുരുപയോഗം പെരുകുന്നു; കാലാവധി കഴിഞ്ഞും അനധികൃതമായി ഓസ്‌ട്രേലിയയില്‍ കഴിയുന്നത് ആയിരങ്ങള്‍

മെൽബൺ: ഇമിഗ്രേഷന്‍ വകുപ്പിന്റെ വിസ മാനേജ് മെന്റ് സിസ്റ്റം ശരിയല്ലെന്നാരോപിച്ചും ഇതിനെ ചോദ്യം ചെയ്തും ഓഡിറ്റ് റിപ്പോര്‍ട്ട്. നിയമലംഘനം നടത്തുന്ന വിസ ഹോള്‍ഡര്‍മാരെ നിരീക്ഷിക്കുന്ന കാര്യത്തില്‍ ഇമിഗ്രേഷന്‍ വകുപ്പിന്റെ ഭാഗത്ത് നിന്നും നിരവധി പിഴവുകളുണ്ടെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട് ആരോപിച്ചിരിക്കുന്നത്.

2016-2017 വര്‍ഷത്തില്‍ ഓസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ വകുപ്പ് വിസിറ്റ് വിസകള്‍, സ്റ്റുഡന്റ് വിസകള്‍, ടെംപററി വര്‍ക്കര്‍ വിസകള്‍ തുടങ്ങിയ കാറ്റഗറികളില്‍ മില്യണ്‍ കണക്കിന് വിസകളാണ് നല്‍കിയിരിക്കുന്നത്. ഇമിഗ്രേഷന്‍ വകുപ്പ് ഇഷ്യൂ ചെയ്തിരിക്കുന്നത്. നീതിപൂര്‍വകമായി അപേക്ഷിച്ചവര്‍ക്ക് മാത്രമാണ് വിസ നല്‍കുന്നതെന്ന് ഉറപ്പാക്കേണ്ട ബാധ്യതയും അവര്‍ വിസ അനുവദിക്കുന്ന കാലത്തിലധികം രാജ്യത്ത് തങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടുന്ന ബാധ്യതയും ഇമിഗ്രേഷന്‍ വകുപ്പിനാണുള്ളത്.

ഇത്തരത്തില്‍ തങ്ങള്‍ അനുവദിക്കുന്ന വിസ ഉപയോഗിച്ച് നിരവധി പേര്‍ ഇവിടെ അനുവദിച്ചതിലുമധികം കാലം താമസിക്കുന്നുണ്ടെന്ന് ഇമിഗ്രേഷന്‍ വകുപ്പിനറിയാമെന്നും എന്നാല്‍ അവര്‍ എത്ര പേരുണ്ടെന്നതിനെക്കുറിച്ചുള്ള മുഴുവന്‍ ഡാറ്റയും എത്തരത്തിലാണ് വിസ ഹോള്‍ഡര്‍മാര്‍ അവരുടെവിസ പരിതസ്ഥിതികള്‍ ദുരുപയോഗം ചെയ്യുന്നതെന്നതിനെക്കുറിച്ചും ഇമിഗ്രേഷന്‍ വകുപ്പിന് അറിയില്ലെന്നുമാണ് ഓഡിറ്റര്‍-ജനറല്‍ ആരോപിച്ചിരിക്കുന്നത്.ഓഡിറ്ററുടെ മുന്നില്‍ വെളിപ്പെട്ട കണക്കുകള്‍ പ്രകാരം അഞ്ച് മുതല്‍ 15 വരെ വര്‍ഷക്കാലം ഇവിടെ വിസകാലാവധി കഴിഞ്ഞിട്ടും താമസിക്കുന്നുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ ഒഴിവാക്കാനും അത്തരക്കാരെ രാജ്യത്തിന് പുറത്താക്കാനുമായി ഇമിഗ്രേഷന്‍ വകുപ്പ് കാര്യമായൊന്നും ചെയ്യുന്നില്ലെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട് ആരോപിച്ചിരിക്കുന്നത്.

ഇമിഗ്രേഷന്‍ വകുപ്പിന്റെയും ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സിന്റെയും മറ്റ് മേഖലകളില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വിസകളുടെ ദുരുപയോഗം തടയുന്നതില്‍ കുറച്ച് കൂടി ശ്രദ്ധയോട് കൂടിയ പ്രവര്‍ത്തനം ആവശ്യമാണെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. വിസ റദ്ദാക്കല്‍ നടപടികളില്‍ ഇമിഗ്രേഷന്‍ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രശംസിക്കുന്നുണ്ട്.എന്നാല്‍ റദ്ദാക്കല്‍ നടപടികളില്‍ വരുന്ന കാലതാമസത്തെക്കുറിച്ച് റിപ്പോര്‍ട്ട് ഉത്കണ്ഠപ്പെടുന്നുമുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകളെ ഇമിഗ്രേഷന്‍ വകുപ്പ് മുഖവിലയ്‌ക്കെടുത്തിട്ടുണ്ട്.