വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് കയ്യിൽ കരുതാവുന്ന വസ്തുക്കളിൽ നിയന്ത്രണം

June 27, 2018

മെൽബൺ: ഓസ്‌ട്രേലിയൻ വിമാനത്താവളങ്ങളിലെ രാജ്യാന്തര ടെർമിനലുകളിൽ നിന്നും യാത്ര ചെയ്യുന്നവർക്ക് ക്യാരി-ഓൺ ബാഗുകളിൽ കൊണ്ടുപോകാവുന്ന വസ്തുക്കളിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു. ജൂൺ 30 മുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്ന് സർക്കാർ അറിയിച്ചു.

രാജ്യത്തെ വിമാനത്താവളങ്ങളിലെ രാജ്യാന്തര ടെർമിനലുകളിൽ നിന്നും യാത്ര ചെയ്യുന്നവർ ദ്രാവക വസ്തുക്കൾ, ഏറോസോളുകൾ, ജെല്ലുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കൈവശം കൊണ്ട് പോകുന്ന ബാഗിൽ അഥവാ ക്യാരി-ഓൺ ബാഗിൽ കരുതുന്നതിലാണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

എന്നാൽ ഡൊമസ്റ്റിക് ടെർമിനലുകളിൽ നിന്നും യാത്ര ചെയ്യുന്നവർക്ക് ഇത് ബാധകമല്ല. ജൂൺ 30 മുതൽ യാത്ര ചെയ്യുന്നവരെയാണ് ഈ നിയന്ത്രണങ്ങൾ ബാധിക്കുന്നതെന്നു സർക്കാർ അറിയിച്ചു.

അതേസമയം ഓസ്‌ട്രേലിയക്കുള്ളിൽ തന്നെ യാത്ര ചെയ്യുന്നവർ സിഡ്‌നിയിലെ ടെർമിനൽ ഒന്ന്, മെൽബണിലെ ടെർമിനൽ രണ്ട് തുടങ്ങിയ രാജ്യാന്തര ടെർമിനലുകളിൽ നിന്നുമാണ് യാത്ര തിരിക്കുന്നതെങ്കിൽ ഈ നിയന്ത്രണം ബാധകമാണ്.

വിമാനത്താവളങ്ങളിൽ ചെക്ക് ഇൻ ചെയ്യുമ്പോൾ ലഭിക്കുന്ന ബോർഡിങ് പാസിൽ ഇത് രേഖപ്പെടുത്തും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള വസ്തുക്കൾ ബാഗിൽ കരുതുന്ന പക്ഷം ഇവ ഓരോന്നും സുരക്ഷാ പരിശോധനക്ക് വിധേയമാക്കേണ്ടി വരുമെന്ന് ഡിപ്പാർട്ടമെന്റ് ഓഫ് ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് റീജ്യണൽ ഡെവലപ്മെന്റിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു.

കാപ്പിപ്പൊടി, പൊടിച്ച ഭക്ഷണ പാതാർത്ഥങ്ങൾ, പഞ്ചസാര, ഓർഗാനിക് പൗഡറുകൾ, ബേബി ഫോർമുലകൾ തുടങ്ങിവയവ കയ്യിൽ കരുതാവുന്നതാണ്. എന്നാൽ ഉപ്പ്, ടാൽക്കം പൗഡറുകൾ, മണൽ എന്നിവ കയ്യിൽ കരുതുന്നതിലും ചില നിയത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ അളവിലാണ് നിയന്ത്രണം. ഒരാൾക്ക് 350 മില്ലിലിറ്ററോ അല്ലെങ്കിൽ 350 ഗ്രാമോ അതിൽ കുറവോ തൂക്കം വരുന്ന സാധനങ്ങൾ മാത്രമേ കയ്യിൽ കരുതുവാൻ അനുവാദമുള്ളൂ.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com