Tuesday, 02 January 2018 19:04

വിക്ടോറിയന്‍ തെരുവുകളില്‍ ഗുണ്ടാസംഘ വിളയാട്ടം പതിവാകുന്നു

മെൽബൺ: വിക്ടോറിയന്‍ തെരുവുകളിലെ ആക്രണമകാരികളായ ഗ്യാംഗുകളെ ചൊല്ലി രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള വാക്‌പോര് രൂക്ഷമായി. ഇത്തരം ഗ്യാംഗുകളിലൊന്നിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട മെല്‍ബണിലെ സൗത്ത് സുഡാനീസ് ഫുട്‌ബോളര്‍ നെല്ലി യോയയുടെ വെളിപ്പെടുത്തലാണ് പുതിയ വാഗ്വാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. മെല്‍ബണിലെ തെരുവുകളില്‍ സുഡാനീസ് സംഘങ്ങളില്ലെന്ന പോലീസിന്റെയും ഗവണ്‍മെന്റ് ഒഫീഷ്യലുകളുടെയും അവകാശവാദം കള്ളമാണെന്ന് തനിക്കുണ്ടായ ദുരനുഭവത്തിലൂടെ വ്യക്തമായെന്നായിരുന്നു നെല്ലി യോയ വിമര്‍ശിച്ചിരുന്നത്. അതിനിടെ വിക്ടോറിയയില്‍ തെരുവു ഗ്യാംഗുകള്‍ വന്‍ പ്രശ്‌നമാണെന്ന് സമ്മതിച്ച് ഇവിടുത്തെ ആക്ടിംഗ് ചീഫ് കമ്മീഷണറായ ഷാനെ പാട്ടന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഫെയര്‍ഫാക്‌സ് മീഡിയക്ക് വേണ്ടിയുള്ള ഒരു എഡിറ്റോറിയലിന് വേണ്ടിയായിരുന്നു ഇദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയിരുന്നത്. എന്നാല്‍ ഇന്നിതാ 3 എ ഡബ്ല്യൂക്ക് വേണ്ടി ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഞെട്ടിപ്പിക്കുന്ന ആരോണങ്ങള്‍ കൂടി നെല്ലി വെളിപ്പെടുത്തിയിരിക്കുകയാണ്. വിക്ടോറിയയിലെ രാഷ്ട്രീയ നേതൃത്വം രാഷ്ട്രീയപരമായി കൂടുതല്‍ തിരുത്തപ്പെട്ടാല്‍ മാത്രമേ ഇത്തരം ഗ്യാംഗുകള്‍ ഉയര്‍ത്തുന്ന ആക്രമണ ഭീഷണിക്ക് ശാശ്വതപരിഹാരം ഉണ്ടാവുകയുള്ളുവെന്നും ഇല്ലെങ്കില്‍ ഈ പ്രശ്‌നം ഇനിയും വഷളാകുമെന്നുമാണ് നെല്ലി കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

മെല്‍ബണില്‍ കഴിഞ്ഞ മാസം ഇത്തരം ഗ്യാംഗുകള്‍ അഴിച്ച് വിട്ട കടുത്ത ആക്രമണങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് അതിന്റെ ചൂടാറുന്നതിന് മുമ്പാണ് നെല്ലി ഈ വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നതെന്നത് കടുത്ത വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ഇത്തരം സംഘങ്ങള്‍ പോലീസ് ഓഫീസര്‍മാരെ ആക്രമിച്ച സംഭവങ്ങള്‍ വരെ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന് പുറമെ ഒരു ഷോപ്പിംഗ് സെന്ററിലും ഹൗസ് പാര്‍ട്ടിയിലും ഇവര്‍ ആക്രമണങ്ങള്‍ അഴിച് വിട്ടിരുന്നു. സെന്റ് കില്‍ഡി ബീച്ചില്‍ ഗ്യാംഗുകള്‍ പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് സാായുധ പോലീസിനെ ഇറക്കേണ്ടിയും വന്നിരുന്നു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com