Sunday, 17 December 2017 19:52

റിന്യൂവബിള്‍ എനര്‍ജിയുടെ അധിക ലഭ്യത: ഓസ്‌ട്രേലിയയില്‍ ഇലക്ട്രിസിറ്റി ചാര്‍ജുകള്‍ കുറയും

മെൽബൺ: ഓസ്‌ട്രേലിയയില്‍ ആകമാനം അടുത്ത രണ്ട് വര്‍ഷക്കാലം ഇലക്ട്രിസിറ്റി ചാര്‍ജുകള്‍ കുറയുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇതോടെ ഈ വര്‍ഷമുണ്ടായ ചാര്‍ജ് വര്‍ധനവിന്റെ പ്രത്യാഘാതങ്ങളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് രക്ഷപ്പെടുകയും ചെയ്യാം. പരമ്പരാഗത ഊര്‍ജങ്ങള്‍ക്ക് പുറമെ സൗരോര്‍ജവും കാറ്റില്‍ നിന്നുള്ള വൈദ്യുതിയും കൂടുതലായി സപ്ലൈിലേക്കെത്തുന്നതാണ് ചാര്‍ജ് കുറയുന്നതിന് കാരണമായി വര്‍ത്തിക്കുന്നതെന്നാണ് ഇത് സംബന്ധിച്ച അറിയിപ്പില്‍ ദി ഓസ്‌ട്രേലിയന്‍ എനര്‍ജി മാര്‍ക്കറ്റ് കമ്മീഷന്‍ പറയുന്നത്.

ഗവണ്‍മെന്റിന്റെ റിന്യൂവബിള്‍ എനര്‍ജി ടാര്‍ജറ്റിന് കീഴിലാണ് പുതിയ ഉറവിട എനര്‍ജികള്‍ ഇത്തരത്തില്‍ രാജ്യത്ത് വര്‍ധിക്കാന്‍ കാരണമായിത്തീര്‍ന്നിരിക്കുന്നത്. ഈ വര്‍ഷം ദേശീയവ്യാപകമായി ഊര്‍ജവിലകളില്‍ 11 ശതമാനം വര്‍ധനവുണ്ടായത് ഉപഭോക്താക്കള്‍ക്ക് കടുത്ത ഭാരമാണുണ്ടാക്കിയിരുന്നത്. എന്നാല്‍ റിന്യൂവബിള്‍ എനര്‍ജിയുടെ വര്‍ധിച്ച ലഭ്യത കാരണം അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ഊര്‍ജ ചാര്‍ജില്‍ 12 ശതമാനം ഇടിവുണ്ടാകുമെന്നും അതിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ വിലക്കയറ്റത്തിന്റെ പ്രത്യാഘാതം ഇല്ലാതാവുമെന്നുമാണ് കമ്മീഷന്‍ പറയുന്നത്.

ദി ഓസ്‌ട്രേലിയന്‍ എനര്‍ജി മാര്‍ക്കറ്റ് കമ്മീഷന്റെ വിലപ്രവണതകളെ കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടാണ് ഇത് സംബന്ധിച്ച പ്രവചനം നടത്തിയിരിക്കുന്നത്. ഓരോ സ്‌റ്റേറ്റിലും ടെറിട്ടെറികളിലുമുള്ള വൈദ്യുതി ചാര്‍ജ് നിയന്ത്രിക്കുന്ന ഘടകങ്ങളെക്കുറിച്ച് ഈ റിപ്പോര്‍ട്ടില്‍ വിശദമായി പ്രതിപാദിക്കുന്നുമുണ്ട്. ഈ വര്‍ഷം ചാര്‍ജ് കൂടിയെങ്കിലും അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ചാര്‍ജ് കുറയുമെന്നാണ് എഇഎംസി ചെയര്‍മാനായ ജോണ്‍ പീര്‍സ് ഈ റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

© 2017. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com